തൃശൂര്‍: ക്രൈസ്തവ സഭയില്‍ ഭിന്നിപ്പുണ്ടാക്കാനും സഭയുടെ ഐക്യം തകര്‍ക്കാനും പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചതായി ഭാരത കത്തോലിക്ക മെത്രാന്‍ സമിതി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ദീപിക ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ആന്‍ഡ്രൂസ് താഴത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.
സഭയിലെ നിസാരമായ അഭിപ്രായ വ്യത്യാസങ്ങളില്‍ പോലും ബോധപൂര്‍വം ഇടപെട്ട് ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതനുസരിച്ച് അവരുടെ പദ്ധതികളില്‍ ചിലത് സിറോ മലബാര്‍ സഭയില്‍ ഭിന്നിപ്പുണ്ടാക്കുകയെന്നതായിരുന്നു. ആരാധനാക്രമ വഴക്കിലടക്കം ഇത്തരം ഇടപെടലുണ്ട്. ഏറ്റവും സംഘടിച്ചു നില്‍ക്കുന്ന സഭയെ ഭിന്നിപ്പിച്ചും വഴക്കടിപ്പിച്ചും തകര്‍ക്കാമെന്ന് അവര്‍ കണക്കുകൂട്ടിയിരുന്നു, ആര്‍ച്ച് ബിഷപ് വെളിപ്പെടുത്തുന്നു.
കേരളത്തില്‍ ക്രൈസ്തവ സമൂഹം കടുത്ത അവഗണന നേരിടുകയാണെന്നും യുഡിഎഫും എല്‍ഡിഎഫുമാണ് ക്രൈസ്തവ സമൂഹത്തെ അവഗണിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് പറയുന്നുണ്ട്. ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് കാര്യത്തിലും തികഞ്ഞ അവഗണനയാണ്. പാലൊളി കമ്മിഷന്‍ റിപ്പോര്‍ട്ട് കാര്യത്തില്‍ ഇങ്ങനെയായിരുന്നില്ല ഇവരുടെ നിലപാട്. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതിന്റെ കാരണം പോലും പറയുന്നില്ല. സഭാ സംവിധാനങ്ങളിലേക്ക് രാഷ്‌ട്രീയക്കാര്‍ക്ക് നുഴഞ്ഞുകയറാനുള്ള എളുപ്പവഴിയായി ഇതിനെ കാണുന്നെന്നും സംശയിക്കണം.
കത്തോലിക്കാ സഭാംഗങ്ങള്‍ സാമുദായികമായി സംഘടിക്കണമെന്നും എന്നാല്‍ വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കരുതെന്നും ആര്‍ച്ച് ബിഷപ് വ്യക്തമാക്കുന്നു.
















