മാഘപൗര്‍ണമി ദിനമായ ഫെബ്രുവരി ഒന്നിനായിരുന്നു സന്ത് രവിദാസ്ജിയുടെ ജന്മതിഥി. ഭക്തകവിയും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ അദ്ദേഹത്തിന്റെ ജന്മതിഥി വാരണാസിയില്‍ അതിഗംഭീരമായി ആഘോഷിക്കപ്പെട്ടു. ജാതി വ്യത്യാസങ്ങള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ സമീപനം രൂപപ്പെട്ടത് ഗുരു രാമാനന്ദനില്‍ നിന്നാണ്. രാജവംശംജയായ ഭക്തമീരയെ (മീരാഭായി) ശിഷ്യയായി സ്വീകരിച്ചതിലും സാമൂഹ്യ സമരസതയ്‌ക്കായുള്ള അദ്ദേഹത്തിന്റെ ഇച്ഛാശക്തി നമുക്ക് ദര്‍ശിക്കാം
1450-ല്‍ വാരണാസിയിലെ സിര്‍ ഗോവര്‍ദ്ധന്‍ പുരയില്‍ ചര്‍മ്മകാര്‍ എന്ന ചെരുപ്പുകുത്തി. സമുദായത്തില്‍ ജനിച്ച്, സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ വിപ്ലവം നയിച്ച മഹാനായ ഭക്തകവിയും സാമൂഹ്യപരിഷ്‌കര്‍ത്താവുമാണ് സന്ത് രവിദാസ്. ജന്മം കൊണ്ടല്ല, മറിച്ച് കര്‍മ്മവും ഭക്തിയും സമീപനവുമാണ് ഒരു വ്യക്തിയെ മഹാനാക്കുന്നതെന്ന് കവിതകളിലൂടെയും പ്രവൃത്തികളിലൂടെയും അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു. സര്‍വ്വവും ഈശ്വരമയമാണെന്ന നിര്‍ഗുണ ഭക്തിയുടെ സമീപനത്തിലൂടെ ഈശ്വരനെ ആരാധിച്ച അദ്ദേഹം ഭക്തിമാര്‍ഗ്ഗത്തിന് പുതിയൊരു തലം തന്നെ സൃഷ്ടിച്ചു. സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബില്‍ അദ്ദേഹത്തിന്റെ 40 ഈരടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ സിഖ് സമൂഹവും അദ്ദേഹത്തെ ഗുരുവായി കണക്കാക്കുന്നു.
നൂറ്റാണ്ടുകള്‍ നീണ്ട മുഗള്‍ ഭരണത്തില്‍ ഹൈന്ദവ സമൂഹം നേരിട്ട സാമൂഹിക പ്രതിസന്ധികള്‍ ചെറുതായിരുന്നില്ല. ഈ തളര്‍ച്ചയില്‍ നിന്ന് ജനതയ്‌ക്ക് ഉണര്‍വും പ്രചോദനവും നല്‍കിയ ആത്മീയ നവോത്ഥാനമാണ് ഭക്തിപ്രസ്ഥാനം. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ പ്രസ്ഥാനം പടര്‍ന്നുപന്തലിച്ചു. കേരളത്തില്‍ പൂന്താനം, എഴുത്തച്ഛന്‍, ചെറുശ്ശേരി തുടങ്ങിയവര്‍ ഭക്തിപ്രസ്ഥാനത്തിലൂടെ സാമൂഹിക നവോത്ഥാനം സൃഷ്ടിച്ച ഭക്തകവികളാണ്. സന്ത് രവിദാസ് ഇത്തരത്തില്‍ ഹിന്ദി മേഖലകളില്‍ സാമൂഹിക നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ മഹാത്മാവാണ്.
ഭക്തിമാര്‍ഗ്ഗത്തിലൂടെ കവികള്‍ മുന്നോട്ടുവെച്ചത് ഉന്നതമായ മാനുഷിക മൂല്യങ്ങളാണ്. ഈ മൂല്യങ്ങള്‍ തന്നെയാണ് ഭക്തിപ്രസ്ഥാനത്തെയും ഇത്തരം കവികളെയും എക്കാലവും പ്രസക്തരാക്കുന്നത്. കേരളത്തില്‍ ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ച അതേ സമീപനമാണ് രവിദാസും സ്വീകരിച്ചിരുന്നതെന്ന് അദ്ദേഹത്തെ പഠിക്കുമ്പോള്‍ ബോധ്യപ്പെടും.
‘മന്‍ ചംഗാ തോ കഠോതി മേം ഗംഗ’ (മനസ്സ് ശുദ്ധമാണെങ്കില്‍ ചെരുപ്പുകുത്തിയുടെ പാത്രത്തിലെ വെള്ളത്തിലും ഗംഗയുണ്ട്) എന്ന അദ്ദേഹത്തിന്റെ വചനം അയിത്തത്തിനും ജാതിവിവേചനത്തിനുമെതിരെയുള്ള വലിയൊരു സാമൂഹിക വിപ്ലവമായിരുന്നു. ആത്മീയതയെ സാമൂഹിക മാറ്റത്തിനായി ഉപയോഗിച്ച ഭാരതീയ മഹത്തുക്കളില്‍ പ്രമുഖനാണ് സന്ത് രവിദാസ്.
ജാതി വ്യത്യാസങ്ങള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ സമീപനം രൂപപ്പെട്ടത് ഗുരു രാമാനന്ദനില്‍ നിന്നാണ്. ഒരിക്കല്‍ ഗുരു രാമാനന്ദന്‍ ഗംഗാസ്‌നാനത്തിന് പോകുമ്പോള്‍ ഇരുട്ടില്‍ അറിയാതെ രവിദാസിന്റെ ശരീരത്തില്‍ തട്ടി. ഉടനെ രവിദാസ് ‘റാം റാം’ എന്ന് ഉച്ചരിച്ചു. താനാരാണെന്ന ഗുരുവിന്റെ ചോദ്യത്തിന് ‘രവിദാസ് എന്ന ചെരുപ്പുകുത്തി’ എന്ന് അദ്ദേഹം മറുപടി നല്‍കി. ‘ഇന്നു മുതല്‍ നീ എന്റെ ശിഷ്യനാണ്’ എന്ന് പറഞ്ഞ് ഗുരു രവിദാസിനെ ചേര്‍ത്തുപിടിച്ചു. ജാതീയമായ ഉച്ചനീചത്വങ്ങള്‍ നിലനിന്നിരുന്ന കാലത്ത് ഗുരു നല്‍കിയ ആ അംഗീകാരം മറ്റൊരു സാമൂഹ്യ നവോത്ഥാന നായകനെ സൃഷ്ടിക്കുകയായിരുന്നു.
‘ബേഗംപുര’ എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ കാവ്യത്തില്‍ സാമൂഹിക സമത്വത്തിന്റെ ഉദാത്തമായ ഭാവനയാണ് അദ്ദേഹം പങ്കുവെക്കുന്നത്.
‘ബേഗം പുരാ ശഹര്‍ കോ നാവൂ
ദുഖ് അന്ദോഹ് നഹീ തിഹി ഠാവൂ…’
അതായത്, ‘ബേഗംപുര’ എന്നൊരു നഗരമുണ്ട്; അവിടെ ദുഃഖമോ അനീതിയോ ഇല്ല. നികുതിപ്പീഡനങ്ങളോ ഭയമോ അപമാനമോ ഇല്ലാത്ത, എല്ലാവരും സമഭാവനയോടെ ജീവിക്കുന്ന ഒരു മാതൃകാ സമൂഹത്തെ അദ്ദേഹം ഇതിലൂടെ അവതരിപ്പിക്കുന്നു. അധുനിക ജാനാധിപത്യ സമത്വാധിഷ്ടിത സമൂഹ സങ്കല്‍പത്തോടൊപ്പമോ അതിനുമപ്പുറത്തോ ഉള്ള സങ്കല്‍പ്പമാണിത്.തന്റെ സങ്കല്‍പ്പത്തിലെ സമൂഹത്തെക്കുറിച്ച് രവിദാസ് പറയുന്നു:
‘ഐസാ ചാഹൂം രാജ് മേം,
ജഹാം മിലേ സഭന്‍ കോ അന്ന
ഛോട്ടേ ബഡേ സഭ് സമ വസേ,
രവിദാസ് രഹേ പ്രസന്ന’
ജാതിമത ഭേദമില്ലാതെ എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കുന്ന, ഉച്ചനീചത്വങ്ങളില്ലാത്ത ഒരു രാജ്യം ഉണ്ടാകുമ്പോള്‍ മാത്രമേ രവിദാസ് സന്തുഷ്ടനാവുകയുള്ളൂ എന്നാണ് ഇതിനര്‍ത്ഥം.
‘ജാതി ജന്‍മേ നഹീം പൂഛീ ജാതി”
മനുഷ്യനെ ‘ വിലയിരുത്തേണ്ടത്
ജന്മജാതിയാല്‍ അല്ല, മറിച്ച് അവന്റെ ഗുണവും ഭക്തിയും ഒക്കെ കണക്കിലെടുത്താണ്.
”ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്”
എന്ന ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളിലെ അതേ ആശയമാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സന്ത് രവിദാസും ഉയര്‍ത്തിപ്പിടിച്ചത്.ജാതി-വര്‍ഗ്ഗ വ്യത്യാസങ്ങള്‍ ഇല്ലാത്ത സമൂഹം എന്നതാണ് രവിദാസിന്റെ അടിസ്ഥാന കാഴ്ചപ്പാട്.
ആത്മീയതയെന്നത് സാമൂഹിക ഉത്തരവാദിത്വം കൂടിയാണെന്ന ഓര്‍മ്മപ്പെടുത്തല്‍ ഭക്തിപ്രസ്ഥാനത്തിലെ എല്ലാ കവികളും മുന്നോട്ട് വച്ചിട്ടുണ്ട് . സന്ത് രവിദാസും ഭക്തി വ്യക്തിപരമായ മോക്ഷത്തിന് മാത്രമല്ല എന്നും അത് സാമൂഹിക നീതിയിലേക്കുള്ള മാര്‍ഗ്ഗമാണെന്നും കണിച്ചുതന്നു. അതിനായി അദ്ദേഹം ഭക്തി ഗീതങ്ങളെ ജനജീവിതവുമായി ബന്ധിപ്പിച്ചു. ജീവിതത്തിലും ഇതേ മാര്‍ഗ്ഗത്തിലൂടെ അദ്ദേഹം സഞ്ചരിച്ചു. ഭക്തമീര എന്ന പേരിലറിയപെടുന്ന മീരാബായ് രവിദാസിനെ സ്വികരിക്കുന്നതും ഇതേ പശ്ചാത്തലത്തില്‍ നോക്കിക്കാണണം .
ഉന്നതകുലജാതയും രാജവംശംജയുമായ മീരാഭായിയെ ശിഷ്യയായി സ്വീകരിച്ചതിലും സാമൂഹ്യ സമരസതയ്‌ക്കായുള്ള സാമൂഹ്യ വിപ്‌ളവം നമുക്ക് ദര്‍ശിക്കാം
പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഭക്തകവിയെന്ന നിലയില്‍ രാമനാമത്തില്‍ മനസ്സ് ലയിക്കുന്നവന്‍ ലോകത്തെ തന്നെ ജയിച്ചവനാണ് അഹങ്കാരമില്ലാതെയുള്ള ഈ ജയമാണ് യഥാത്ഥ ഇശ്വരാരാധാനയെന്ന് ‘രാം നാമ് രത്തേ ജഗ ജീതാ” എന്ന വരികളിലൂടെ ഓര്‍മ്മിപ്പിക്കുന്ന കവി ആത്മസര്‍പ്പണത്തിന്റെ ആവശ്യകതയാണ് ഊന്നിപ്പറയുന്നത്.
ഭാരതത്തിന്റെ ചരിത്രത്തില്‍ സാമൂഹിക മുന്നേറ്റത്തെ സ്വാധീനിച്ച നിരവധി ആന്മീയ വിഭൂതികള്‍ ഉണ്ടായിരുന്നു. അവര്‍ മുന്നോട്ടു വച്ച ആശയങ്ങള്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ നമ്മുടെ മുന്നോട്ട് പോക്കിനെ വളരെയധികം സ്വാധീനിച്ചിരുന്നു. ഹിന്ദി ഹൃദയഭൂമിയില്‍ അത്തരത്തില്‍ ഉന്നതമായ സാമൂഹിക ബോധവും സമാജിക സമരസതാ മനോഭാവവും ഉണര്‍ത്തിവിട്ട സമാജോദ്ധാരകന്‍ എന്ന നിലയില്‍ എക്കാലത്തും സന്ത് രവിദാസ് ഓര്‍മ്മിക്കപ്പെടും.
















