തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ പ്രതികളെ കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ ശാസ്ത്രീയമായി ചോദ്യം ചെയ്യണമെന്ന് ദേശീയ മുന്നോക്ക സമുദായ ഐക്യവേദി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ശാസ്ത്രീയ ചോദ്യം ചെയ്യലിലൂടെയല്ലാതെ കൊള്ളയടിക്കപ്പെട്ട സ്വര്‍ണവും, സ്വര്‍ണപ്പാളികളും എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയില്ല. തൊണ്ടിമുതല്‍ കണ്ടെത്താതിരിക്കുകയും, യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്താല്‍ കേസിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്ന് ദേശീയ മുന്നോക്ക സമുദായ ഐക്യവേദി ചെയര്‍മാന്‍ കാഞ്ഞിക്കല്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ശബരിമലയിലെ സ്വര്‍ണക്കൊള്ളയെ പാടേ മറന്നമട്ടാണ്. ചരട് കെട്ടിയ പട്ടം പോലെയാണ് അന്വേഷണ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതികള്‍ ജാമ്യം ലഭിച്ച് പുറത്തേക്ക് പോവുകയാണ്. പ്രതികളെ തിരഞ്ഞ് പോലീസ് പരക്കം പായുമ്പോള്‍ പിടിക്കപ്പെടേണ്ടവര്‍ ചില്ല് മേടയിലിരുന്ന് പൊട്ടിച്ചിരിക്കുന്നു.
വര്‍ക്കിങ് ചെയര്‍മാന്‍ ജി.എസ്. അനില്‍കുമാര്‍, വൈസ് ചെയര്‍മാന്‍ വി.എന്‍. നമ്പൂതിരി, ജനറല്‍ സെക്രട്ടറി, അഡ്വ. എസ്.കെ. വിജയശങ്കര്‍ സെക്രട്ടറിമാരായ ക്യാപ്റ്റന്‍ ഗോപിനായര്‍, എസ്.ആര്‍. പത്മകുമാര്‍, തിരുവനന്തപുരം ജില്ലാ ചെയര്‍മാന്‍ ഇളംകുളം മോഹനകുമാര്‍, കൊല്ലം ജില്ലാ ചെയര്‍മാന്‍ അഡ്വ. കെ. തുളസീധരന്‍ നായര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആറ്റിങ്ങല്‍ മുരളീധരന്‍ നായര്‍, ചന്തവിള സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
















