തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ച് ബിജെപി നേതൃത്വത്തിലുള്ള തിരുവന്തപുരം കോര്‍പ്പറേഷന്‍ ഭരണസമിതി. ആദ്യപടിയായി കോര്‍പ്പറേഷന്‍ പരിധിയിലെ തെരുവു നായകളില്‍ 50 എണ്ണത്തിനെ പിടികൂടി ഷെല്‍ട്ടറിലേക്ക് മാറ്റിയതായി മേയര്‍ വി.വി രാജേഷ് പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു തെരുവുനായ ശല്യം ഒഴിവാക്കുമെന്നത്.
ഭരണ സമിതി അധികാരമേറ്റ ആദ്യ നാളില്‍ തന്നെ ജനുവരി 30ന് മുമ്പ് ആദ്യ ഘട്ട നടപടികള്‍ കോര്‍പ്പറേഷന്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മേയറും ഡെപ്യൂട്ടി മേയറും സെക്രട്ടറിയും സീനിയര്‍ ഡോക്ടര്‍മാരും ഉള്‍പ്പെട്ട സംഘം വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട യോഗം വിളിച്ചു. അതിനെ തുടര്‍ന്നാണ്് എബിസി കഴിഞ്ഞ നായ്‌ക്കളെ കൃത്യമായി പരിപാലിക്കാന്‍ കഴിയുന്ന ഷെല്‍ട്ടറിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്ന് മേയര്‍ പറഞ്ഞു.
വിദഗ്ദര്‍ അടങ്ങിയ സംഘം ഷെല്‍ട്ടറുകള്‍ പരിശോധിച്ച ശേഷമാണ് പൂവാറിലെ സ്വകാര്യ ഷെല്‍ട്ടര്‍ തിരെഞ്ഞെടുത്തത്. ആദ്യ ഘട്ടമായി കോര്‍പ്പറേഷന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടികൂടിയ 50 എണ്ണത്തിനെ യാണ് ഷെല്‍ട്ടറിലേക്ക് മാറ്റിയത്. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ മാനദണ്ഡ പ്രകാരമാണ് കോര്‍പ്പറേഷന്‍ തെരുവു നായകളെ ഷെല്‍ട്ടറിലേക്ക് മാറ്റുന്നതെന്ന് മേയര്‍ അറിയിച്ചു.
നായകളെ വന്ധ്യംകരിച്ച് പേവിഷ പ്രതിരോധ വാക്‌സിന്‍, ചെള്ള് പ്രതിരോധ കുത്തിവയ്‌പ്പ് തുടങ്ങിയവ നല്‍കിയ ശേഷമാണ് ഷെല്‍ട്ടറിലേക്ക് മാറ്റിയത്. നഗരത്തില്‍ ഒമ്പതിനായിരത്തോളം തെരുവുനായകളുണ്ടെന്നാണ് കണക്ക്. വരും ദിവസങ്ങളില്‍ പദ്ധതി കൂടുതല്‍ വിപുലമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാട്ടായിക്കോണത്തെ ഒരു സ്‌കാര്യ വ്യക്തി സംരക്ഷിക്കുന്ന തെരുവ് നായ്‌ക്കളെക്കുറിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവയില്‍ കുറച്ച് എണ്ണത്തിനെ വണ്ടിത്തടം എബിസി സെന്ററിലേക്ക് മാറ്റാന്‍ നടപടി സ്വീകരിച്ചതായും മേയര്‍ വി.വി. രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
















