ആലപ്പുഴ: പവന്റെ വില ഒന്നേകാൽ ലക്ഷം രൂപ കടന്നതോടെ, ഒരു താലിമാല പോലും വൻ തുക ചിലവഴിക്കേണ്ട സാഹചര്യമാണ് മാതാപിതാക്കളെ അലട്ടുന്നത്.ജിഎസ്ടിയും പണിക്കൂലിയും ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണത്തിന് ഇപ്പോൾ തന്നെ ഒന്നര ലക്ഷം രൂപയോളം നൽകണം. അമ്പത് പവനും നൂറ്റൊന്നു പവനുമൊക്കെ മകൾക്ക് വിവാഹത്തിന് നൽകണമെന്ന് ആഗ്രഹിച്ചിരുന്ന മാതാപിതാക്കൾ മാത്രമല്ല, പത്തും പതിനഞ്ചും പവൻ സ്വർണാഭരണമിട്ട് മകളെ കതിർമണ്ഡപത്തിലേക്ക് കൈപിടിച്ചു കയറ്റാൻ ആഗ്രഹിച്ചിരുന്ന സാധാരണക്കാരും സ്വർണം ഒരു അപ്രാപ്യ വസ്തുവാണെന്ന് തിരിച്ചറിഞ്ഞ് തുടങ്ങി.
ഒരു കാലത്ത് നിർധന കുടുംബങ്ങൾ പോലും പെൺമക്കളുടെ വിവാഹത്തിനായി ഒന്നു മുതൽ അഞ്ചു പവൻ വരെ സ്വർണം നൽകിയിരുന്നു. ഇടത്തരം കുടുംബങ്ങളിൽ ഈ അളവ് 25 പവൻ വരെ എത്തിയിരുന്നു. ബന്ധുക്കളുടെയും പരിചയക്കാരുടെയും വിവാഹങ്ങളിൽ നൽകിയ സ്വർണത്തിന്റെ ഓർമ്മയും സാമൂഹിക സമ്മർദങ്ങളും പല രക്ഷിതാക്കളെയും ഇപ്പോഴും പഴയ അളവിൽ തന്നെ സ്വർണം വാങ്ങാൻ പ്രേരിപ്പിക്കുന്നു.വിലക്കയറ്റം ശക്തമായതോടെ സ്വർണത്തിന് പകരമായി വെള്ളി ആഭരണങ്ങളിലേക്കാണ് പലരും തിരിയുന്നത്. മാലയും കമ്മലുമടക്കമുള്ള വെള്ളി ആഭരണങ്ങൾക്ക് ഇപ്പോൾ വിപണിയിൽ ആവശ്യകത വർധിച്ചിട്ടുണ്ട്.
സ്വർണവില വർധിച്ചതോടെ ജ്വല്ലറികളും തങ്ങളുടെ ബിസിനസ് സ്ട്രാറ്റജി മാറ്റുകയാണ്. തവണകളായി പണം വാങ്ങി പണിക്കൂലി ഒഴിവാക്കി സ്വർണം നൽകുന്ന രീതികൾ പല ജ്വല്ലറികളും അവസാനിപ്പിച്ചിട്ടുണ്ട്. വിവാഹദിനത്തിനായി മാത്രം സ്വർണം വാടകയ്ക്ക് നൽകുന്നവരും പിന്മാറിയിട്ടുണ്ട്. ഇതിന് പകരമായി, തൂക്കം കുറവായെങ്കിലും കൂടുതൽ ഭംഗി തോന്നുന്ന ഡിസൈൻ ആഭരണങ്ങളിലേക്കാണ് ഉപഭോക്താക്കളുടെ ശ്രദ്ധ തിരിയുന്നത്. സ്വർണവിലയിലെ കുതിപ്പ് പല കുടുംബങ്ങൾക്കും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സമ്മാനിക്കുന്നത്. അതേസമയം, വിവാഹങ്ങളിൽ ആഡംബരങ്ങൾ ഒഴിവാക്കാൻ പലരും നിർബന്ധിതരാകുകയും ചെയ്യുന്നുണ്ട്.















