പാലക്കാട്: നഗരത്തിലെ സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്തിരുന്ന വടക്കഞ്ചേരി സ്വദേശിയായ കായിക അദ്ധ്യാപകനെതിരെ ഒരു വിദ്യാര്‍ത്ഥിനി കൂടി ലൈംഗികാതിക്രമം നടത്തിയതായി മൊഴി നല്‍കി. കൗണ്‍സലിംഗിനിടെയാണ് വിദ്യാര്‍ത്ഥിനി ഇക്കാര്യം പറഞ്ഞത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അദ്ധ്യാപകനെതിരെ മൂന്നാമത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അദ്ധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയതായി നേരത്തെ രണ്ടു വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അദ്ധ്യാപകന്‍ പഠിപ്പിച്ചിരുന്ന സ്‌കൂളിലെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിംഗ് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലൈംഗിക അതിക്രമം നടന്നതായി അറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















