ശാസ്താംകോട്ട: ജില്ലയിലെ പുരാതന ക്ഷേത്രമായ മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്ര സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 27 സീറ്റും കൈക്കലാക്കി പാർത്ഥ സാരഥി ഭക്തജന സമിതി. നിലവിലെ ഭരണസമിതി കൂടിയായ സിപിഎം,സിപിഐ,കോൺഗ്രസ്, ആർഎസ്പി സംയുക്ത പാനലായ സേവാ സമിതിയെ നിഷ്പ്രഭമാക്കിയാണ് ഭക്തജന സമിതിയുടെ വിജയം.
തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ വീറും വാശിയും നിലനിർത്തിയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇന്നലെ രാവിലെ 8 ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 ന് അവസാനിച്ചു.തുടർന്ന് 6 മണിയോടെ ആരംഭിച്ച വോട്ടെണ്ണൽ പൂർത്തിയായത് പുലർച്ചെ ഒന്നരയോടെയാണ്. ക്ഷേത്ര ഭരണ സംവിധാനത്തിൽ രാഷ്‌ട്രീയ ഇടപെടൽ ഉണ്ടാക്കിയതിന് ശക്തമായ തിരിച്ചടിയാണ് കമ്മ്യൂണിസ്റ്റ് – കോൺഗ്രസ് സംഖ്യം നേരിട്ടത്. സിപിഎം -12,സിപിഐ -5,കോൺഗ്രസ് – 9,ആർഎസ്പി – 1 എന്ന ക്രമത്തിൽ സീറ്റുകൾ വീതം വെക്കുകുയും അതാത് പാർട്ടി കമ്മറ്റികൾ കൂടി സ്ഥാനാർത്ഥികളെ നിർത്തുകയായിരുന്നു.
ക്ഷേത്രത്തിന്റെ ഇരു കരകളെ 9 വാർഡുകളായി തിരിച്ചായിരുന്നു മത്സരം.ഒരു വാർഡിൽ പൊതുവിഭാഗത്തിൽ നിന്ന് രണ്ടും സംവരണ വിഭാഗത്തിൽ നിന്ന് ഒരാളുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ശാസ്താംകോട്ട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. കഴിഞ്ഞ തിരുവോണ നാളിൽ ക്ഷേത്ര മതിൽക്കെട്ടിന് പുറത്ത് ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി ഭക്തജനങ്ങൾ അത്തപ്പൂക്കളമിടുകയും രാജ്യത്തിന്റെ അഭിമാനമായി മാറുകയും ചെയ്തതിന് ക്ഷേത്ര ഭരണ സമിതിയുടെ പരാതിയിൽ പോലീസ് കേസെടുത്തത് വലിയ വിവാദമായിരുന്നു.
സൈനികൾ ഉൾപ്പെടെ പ്രദേശത്തെ 26 ഭക്തരെ പ്രതിയാക്കിയാണ് അന്ന് പോലീസ് കേസെടുത്തത്. ഈ സംഭവത്തോടെ ക്ഷേത്ര ഭരണസമിതിക്കെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
















