തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് സ്വർണം ചെമ്പാക്കിയതിന്റെ രേഖകൾ ശാസ്ത്രീയ പരിശോധന നടത്തും. മിനുട്സ് തിരുത്തിയത് ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാർ ആണെന്ന് ഉറപ്പിക്കാനായി പത്മകുമാറിന്റെ കയ്യക്ഷരം അന്വേഷണ സംഘം പരിശോധിക്കും. ഇതിനായി കൈയക്ഷര സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് ഭാഗമായാണ് നടപടി. എന്നാൽ കുറ്റപത്രം നൽകാൻ ഇനിയും വൈകുമെന്നാണ് വിവരം.
ജീവനക്കാർക്കെതിരെ കുറ്റപത്രം നൽകാൻ പ്രോസിക്യൂഷൻ അനുമതി വേണം. അനുമതി നൽകേണ്ടത് സർക്കാരും ബോർഡുമാണ്. അന്വേഷണം പൂർത്തിയായാൽ മാത്രമേ അനുമതി തേടാൻ കഴിയൂ. എഫ്എസ്എൽ റിപ്പോർട്ട് കിട്ടാനും പ്രോസിക്യൂഷൻ അനുമതി കിട്ടാനും ദിവസങ്ങൾ വേണ്ടിവരും. ഇക്കാരണം കൊണ്ടുതന്നെ കുറ്റപത്രം നൽകാൻ കാലതാമസമുണ്ടാകുമെന്ന് വ്യക്തമാണ്.
ഈ സാഹചര്യത്തിൽ മുരാരി ബാബുവിനെ പോലെ പല പ്രതികളും ഇതിനിടയിൽ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങും. പ്രതികൾ പുറത്തിറങ്ങുന്നത് തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കും എന്ന ആരോപണം പ്രതിപക്ഷം ഇതിനകം ഉന്നയിച്ചുകഴിഞ്ഞു.
















