കണ്ണൂര്‍: പയ്യന്നൂര്‍ ധന്‍രാജ് രക്താസാക്ഷി ഫണ്ട് വെട്ടിച്ചെന്ന വെളിപ്പെടുത്തല്‍ നടത്തിയ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ സി പി എമ്മില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം.സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനമെടുത്തത്.
കുഞ്ഞികൃഷ്ണന്‍ കടുത്ത അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. തിങ്കളാഴ്ചത്തെ ജില്ലാ കമ്മിറ്റി യോഗത്തില്‍ ഈ തീരുമാനം റിപ്പോര്‍ട്ട് ചെയ്ത ശേഷം പുറത്താക്കല്‍ നടപടിയില്‍ അന്തിമ തീരുമാനമുണ്ടാകും.
കുഞ്ഞികൃഷ്ണനെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സൂചിപ്പിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി. ജയരാജനും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.ഇരുവരും പങ്കെടുത്ത ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് കുഞ്ഞികൃഷ്ണനെ പുറത്താക്കാന്‍ തീരുമാനിച്ചത്.
ധന്‍രാജ് രക്താസാക്ഷി ഫണ്ട് ടി ഐ മധുസൂദനന്‍ എം എല്‍ എ ഉള്‍പ്പെടെ ഉളളവര്‍ വെട്ടിച്ചതിന് പാര്‍ട്ടി നേതൃത്വത്തിന് തെളിവ് നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് വി കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
















