തിരുനാവായ: ജയജഗദീശ് ഹരേ… ഹര ഹര മഹാദേവ്… ആദ്ധ്യത്മികത അലയടിക്കുകയാണ് നിളാ തീരത്ത്… ആകാശത്ത് ഉയരുന്ന ഓരോ ആരതി ദീപത്തിനൊപ്പവും ആയിരം ഹൃദയങ്ങള്‍ ഉണരുന്നു, ഡമരുനാദത്തിനൊപ്പം ഹൃദയങ്ങളും തുടിക്കുന്നു, നിളാഭരിതമാണ് എല്ലാ മനസും…
മഹാമാഘമഹോത്സവം ഷഷ്ഠി വ്രതദിനവും പിന്നിടുമ്പോള്‍ നാവാമുകുന്ദന്റെ മണ്ണ് ആവേശോജ്വലമാണ്…
സുബ്രഹ്‌മണ്യപൂജകളും നിലയ്‌ക്കാത്ത ഓം നമോ നാരായണ മന്ത്രോച്ചാരണവും പകല്‍ മുഴുവന്‍ യജ്ഞശാലയെ സജീവമാക്കി. വൈകിട്ട് നിളാ ആരതി ദര്‍ശിക്കാന്‍ മുന്‍ ദിവസങ്ങളേക്കാള്‍ തിരക്കേറി.
ഈ യജ്ഞഭൂമിയില്‍ കാലെടുത്തു വച്ചപ്പോള്‍ അനുഭവിച്ച ആത്മനിര്‍വൃതി വിവരിക്കാനാവില്ലെന്ന് മാഹാമാഘമഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയ എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ പറഞ്ഞു. ദൈവങ്ങള്‍ മനസിലുണ്ടോ പിന്നെ എന്തിനാണ് ക്ഷേത്രങ്ങളില്‍ പോകുന്നതെന്ന് പലരും ചോദിക്കും. നാവാമുകുന്ദന്റെ മണ്ണിലേക്ക് വരൂ എന്നാണ് അവര്‍ക്കുള്ള മറുപടി. ഇത് പറഞ്ഞറിയിക്കുക വയ്യ. അനുഭവിച്ചു തന്നെ അറിയണം. ശ്രീനാരായണ ഗുരുദേവന്‍ തന്നെ പറഞ്ഞിട്ടുണ്ട്, അനുഭവിയാതെ അറികയില്ല എന്ന്. ഈ മണ്ണില്‍ നില്‍ക്കുമ്പോഴുള്ള സന്തോഷം ഇവിടെ വന്ന് അറിയണം, പ്രീതി നടേശന്‍ പറഞ്ഞു. മഹാമണ്ഡലേശ്വര്‍ ആനന്ദവനം സ്വാമിക്കൊപ്പം യജ്ഞശാലയിലെത്തിയ പ്രീതി നടേശന്‍ നിളാ ആരതി ദര്‍ശിച്ചാണ് മടങ്ങിയത്.
















