തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ബിജെപി നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നല്കിയ ആത്മവിശ്വാസം വളരെ വലുതാണ്. വീറും വാശിയും നവോന്മേഷവും കോരിച്ചൊരിഞ്ഞ അദ്ദേഹത്തിന്റെ വാക്കുകളും തെരഞ്ഞെടുപ്പിനു കളത്തിലിറങ്ങാന്‍ വലിയ ഊര്‍ജ്ജം പകര്‍ന്നു. ഇരുമുന്നണികള്‍ക്കും സന്ദര്‍ശനം ആശങ്കയായി.
സിപിഎം, സിപിഐ, കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളില്‍ ഇത് വ്യക്തവുമാണ്. തിരുവനന്തപുരം കോര്‍പറേഷന്‍ നേടിയതുപോലെ സംസ്ഥാനം പിടിക്കുമെന്നു മോദി പറഞ്ഞു കഴിഞ്ഞു. രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞു തുടങ്ങി. ട്വിന്റി 20യും മറ്റു നിരവധി പ്രമുഖരും എന്‍ഡിഎയിലെത്തി. അമിത് ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയും വന്നത്. ട്രെയിനുകള്‍ അനുവദിച്ചതും സ്വനിധി കാര്‍ഡ് നല്കിയതും വരാനുള്ള പദ്ധതികളുടെ തുടക്കം.
കോര്‍പറേഷനില്‍ നിന്ന് സംസ്ഥാന ഭരണമെന്ന അഹമ്മദാബാദ് മോഡല്‍ കേരളത്തിലുണ്ടാകുമോയെന്ന ആശങ്കയിലാണ് മുന്നണികള്‍.കോണ്‍ഗ്രസിനു മതേതര മുഖമല്ല, തീവ്രവാദ മുഖമാണെന്ന് മോദി എടുത്തുപറഞ്ഞതു ജനങ്ങളില്‍ ചിന്തയ്‌ക്കു വഴി മരുന്നിട്ടിട്ടുണ്ട്. കോണ്‍ഗ്രസ്, മുസ്ലിം ലീഗിനെക്കാള്‍ വലിയ വര്‍ഗീയവാദികളായെന്നും കേരളത്തെ വര്‍ഗീയ പരീക്ഷണശാലയാക്കിയെന്നും അദ്ദേഹം തുറന്നടിച്ചു.
















