ഖസാക്കിസ്ഥാൻ രാജ്യത്തിന്റെ ഉത്തരഭാഗത്തെ അക്‌മോള മേഖലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് കലാച്ചി. റഷ്യൻ, ജർമൻ വംശജർ തിങ്ങിപ്പാർക്കുന്ന ഈ ഗ്രാമത്തിൽ കസഖ് വിഭാഗക്കാർ വളരെ കുറവാണ്. വിശാലമായ പുൽമേടുകളിൽ ലളിതമായ കാർഷിക ജീവിതം നയിക്കുന്നവരാണ് ഈ നാട്ടുകാർ. കലാച്ചി ഗ്രാമത്തിന് ഒരു പ്രത്യേകതയുണ്ട്, ഈ ഗ്രാമത്തെ ലോകപ്രശസ്തമാക്കിയ പ്രത്യേകത. നിഗൂഢമായ ഉറക്കരോഗമാണ് ഈ പ്രത്യേകത.
2013 മുതലാണു ഗ്രാമവാസികളെ നിഗൂഢമായ ‘ഉറക്കരോഗം’ ബാധിക്കാൻ തുടങ്ങിയത്. 2010 മുതൽ ഒറ്റപ്പെട്ട കേസുകളുണ്ടായിരുന്നു. രോഗം ബാധിക്കുന്നവർ ദിവസങ്ങളോ ആഴ്ചകളോ നീളുന്ന ഗാഢനിദ്രയിലേക്ക് പെട്ടെന്ന് വഴുതിവീഴും. മതിഭ്രമം, തലകറക്കം, ഓർമക്കുറവ്, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളും ഇവർക്കുണ്ടായിരുന്നു. മുതിർന്നവരെയും കുട്ടികളെയും മൃഗങ്ങളെയും രോഗം ബാധിച്ചു. നടക്കുമ്പോഴും വാഹനമോടിക്കുമ്പോഴും ആളുകൾ കുഴഞ്ഞുവീഴുന്ന സംഭവങ്ങൾ സാധാരണമായി.
ഈ ഉറക്കരോഗം ഗ്രാമവാസികളുടെ ദൈനംദിന ജീവിതത്തെ ആഴത്തിൽ ബാധിച്ചു, അവർക്കിടയിൽ ഭയവും അരക്ഷിതാവസ്ഥയും വളർത്തി. പലർക്കും രോഗം ആവർത്തിച്ച് വന്നുകൊണ്ടിരുന്നു. ഇതോടെ കലാച്ചിക്ക് ‘സ്ലീപ്പി ഹോളോ’ (ഉറക്കത്തിന്റെ താഴ്‌വര) എന്ന വിളിപ്പേര് വീണു.
രോഗബാധിതരായ ഗ്രാമീണരുടെ മാനസിക സമ്മർദത്തെയും അതിജീവനത്തെയും കുറിച്ച് പഠനങ്ങൾ നടന്നു. ഇവർ കടുത്ത ക്ഷീണവും വൈകാരിക പിരിമുറുക്കവും അനുഭവിച്ചിരുന്നതായി ഈ പഠനങ്ങൾ രേഖപ്പെടുത്തി. വളർത്തുമൃഗങ്ങളെയും കന്നുകാലികളെയും രോഗം ബാധിച്ചത് ഗ്രാമത്തിലെ ഭയാനകമായ അന്തരീക്ഷത്തെ വർധിപ്പിച്ചു.
അടഞ്ഞുകിടക്കുന്ന സോവിയറ്റ് യുറേനിയം ഖനി ഈ ഗ്രാമത്തിനടുത്താണ്. അതിനാൽ തന്നെ റേഡിയേഷൻ, വൈറസുകൾ, ബാക്ടീരിയ, ഘനലോഹങ്ങൾ എന്നിവയാകാം കാരണമെന്ന് ആദ്യം വിചാരിക്കപ്പെട്ടു. എന്നാൽ പ്രാഥമിക അന്വേഷണത്തിൽത്തന്നെ ഈ കാരണങ്ങൾ തള്ളിക്കളഞ്ഞു. റേഡോൺ വാതകം മുതൽ മാനസികമായ കാരണങ്ങൾ വരെ പല സിദ്ധാന്തങ്ങളും ഉയർന്നുവന്നെങ്കിലും 2015-ൽ കസഖ്‌സ്താൻ അധികൃതർ യഥാർഥ കാരണം കണ്ടെത്തി.
വെള്ളം കയറിയ ഖനിയിൽനിന്നുയർന്ന കാർബൺ മോണോക്സൈഡിന്റെയും ഹൈഡ്രോകാർബണുകളുടെയും അമിത അളവ് അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കുറച്ചതാണ് പ്രതിസന്ധിക്കു കാരണമായത്. രോഗം ഇടവിട്ട് പ്രത്യക്ഷപ്പെട്ടതിന്റെ കാരണവും ഇതായിരുന്നു. ആളുകളെ മാറ്റിപ്പാർപ്പിക്കുകയും പാരിസ്ഥിതിക സാഹചര്യങ്ങളിൽ മാറ്റം വരികയും ചെയ്തതോടെ രോഗബാധ അവസാനിച്ചു.
2015-ൽ കസഖ്‌സ്ഥാൻ സർക്കാർ ഗ്രാമവാസികൾക്ക് സ്വമേധയാ ഒഴിഞ്ഞുപോകാൻ സഹായം വാഗ്ദാനം ചെയ്തു. ഇതോടെ ഗ്രാമം ഏതാണ്ട് പൂർണമായും ആളൊഴിഞ്ഞു.
















