കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണപ്പാളികള്‍ അപ്പാടെ തന്നെ കൊള്ളയടിച്ചിട്ടുണ്ടോയെന്ന സംശയം ബലപ്പെട്ടുവെന്ന് ഹൈക്കോടതി. ഈ സാഹചര്യത്തില്‍ വിദഗ്ധ പരിശോധന നടത്തിയ വി എസ്എസ്‌സിയിലെ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കാന്‍ ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ. വി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പ്രത്യേക അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചു.
സ്വര്‍ണപ്പാളികളുടെ സാമ്പിളുകള്‍ പരിശോധിച്ച വിഎസ്എസ്‌സി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കോടതി സംശയം ഉന്നയിച്ചത്. സംശയം ബലപ്പെടുത്തുന്നതാണ് പരിശോധനാ റിപ്പോര്‍ട്ട്, കോടതി പറഞ്ഞു. പി.എസ്. പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്തെ ഇടപാടുകള്‍ അന്വേഷിക്കാനും കോടതി ഉത്തരവിട്ടു. പ്രധാന പ്രതികളുടെ മുഴുവന്‍ അക്കൗണ്ടുകളും കോടതി മരവിപ്പിച്ചിട്ടുമുണ്ട്.
ദ്വാരപാലക വിഗ്രഹങ്ങളുടെയും വാതില്‍ ചട്ടങ്ങളുടെയും സ്വര്‍ണം പൊതിഞ്ഞ ചെമ്പ് തകിടുകളില്‍ കൃത്രിമം കാണിച്ചതായും മാറ്റി സ്ഥാപിച്ചതായുമുള്ള സംശയം പ്രഥമദൃഷ്ട്യാ ബലപ്പെടുത്തുന്നതാണ് കെമിക്കല്‍ വിശകലനത്തെക്കുറിച്ചുള്ള ശാസ്ത്രീയ റിപ്പോര്‍ട്ട്. സ്വര്‍ണപ്പാളികള്‍ മാറ്റിയിട്ടുണ്ടോ എന്നതില്‍ വ്യക്തതവരുത്താന്‍ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം. പാളികള്‍ പുതിയതാണോ പഴയതാണോ എന്നറിയാന്‍ പരിശോധിക്കണം. ഇന്ന് വീണ്ടും പരിശോധന നടത്താന്‍ എസ്ഐടിക്ക് ഹൈക്കോടതി അനുമതി നല്‍കി. വാതില്‍പാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതിയുടെ അനുമതി.
ആധുനിക ഇലക്ട്രോപ്ലേറ്റിങ് രീതികള്‍ ഉപയോഗിച്ച് സ്വര്‍ണം നീക്കിയെന്ന സംശയങ്ങളെ വിഎസ്എസ്‌സി റിപ്പോര്‍ട്ട് പിന്തുണയ്‌ക്കുന്നു. പരമ്പരാഗത സ്വര്‍ണ ആവരണത്തില്‍ സാധാരണ കാണപ്പെടുന്ന നിക്കല്‍, അക്രിലിക് പോളിമര്‍ പാളികളുടെ സാന്നിധ്യവും മെര്‍ക്കുറിയുടെ അഭാവവും അടിസ്ഥാനമാക്കിയാണ് ഈ നിഗമനം. സ്വര്‍ണക്കൊള്ളയുടെ ശൃംഖലയും പിന്നില്‍ ആരെന്ന് കണ്ടെത്താനും വലിയ ക്രിമിനല്‍ ഗൂഢാലോചനയുടെ സാധ്യത പരിശോധിക്കാനും ഈ കണ്ടെത്തലുകള്‍ നിര്‍ണായകമാണ്, ഹൈക്കോടതി പറഞ്ഞു.
തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ എന്‍ആര്‍ഐ സെല്ലിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ശ്രീകാന്ത്, കോഴിക്കോട് റൂറല്‍ ചോമ്പാല പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സേതുനാഥ് എന്നിവരെ എസ്‌ഐടിയെ സഹായിക്കാന്‍ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോട് നിര്‍ദേശിച്ചു. ഇതുവരെയുള്ള അന്വേഷണ പുരോഗതിയില്‍ സംതൃപ്തി പ്രകടിപ്പിച്ച കോടതി, ഫെബ്രുവരി 9 ന് വിഷയം വീണ്ടും പരിഗണിക്കാനായി മാറ്റി. സമഗ്രമായ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എസ്‌ഐടിയോട്
നിര്‍ദേശിച്ചു.
രണ്ട് കേസുകളില്‍ ഒന്നില്‍ 16 പ്രതികളില്‍ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, മൂന്ന് പേരുടെ പങ്കാളിത്തം സജീവമായി പരിശോധിക്കുന്നുണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു. മറ്റൊരു കേസില്‍, 13 പ്രതികളില്‍ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള രണ്ടുപേരുടെ പങ്ക് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്, അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
















