ഭാരതഭൂമി എന്നും മഹാത്മക്കളുടെ വിഹാരരംഗമാണ്, അവരില്‍ പലരും അധികമാരും അറിയാതെ കടന്നു പോകുന്നു. 2026 ജനുവരി 22 ന് 21-ാം മഹാസമാധിദിനം ആചരിക്കപ്പെടുന്ന, കായംകുളത്തിന് സമീപം, ഗോവിന്ദ-മുട്ടം, ബോധാകാശ ആശ്രമത്തിലെ സാധു ശ്രീധരസ്വാമി ഇപ്രകാരമുളള ഒരാളായിരുന്നു. മഹാഭാരതത്തിലെ മോക്ഷധര്‍മ്മാനുശാസനപര്‍വ്വത്തില്‍ വ്യാസ മഹര്‍ഷി സംന്യാസ വേഷത്തിന്റെ നിരര്‍ത്ഥകതയെ ചണ്ടിക്കാണിക്കുന്ന ഒരു വര്‍ണ്ണനയണ്ട്.
കാവിവസ്ത്രം, മൊട്ടയടി, ത്രിദണ്ഡം, കിണ്ടിയങ്ങിനേ.
വഴിതെറ്റും ചിഹ്നമിവ മോക്ഷത്തിനല്ലിതെന്മതം … (തമ്പുരാന്റെ തജ്ജിമ)
അത് ജീവിതം മുഴുവന്‍ ആചരിച്ച ഒരാളായിരുന്നു ശ്രീധരസ്വാമി. കാഴ്ചയില്‍ വെളുത്ത ഖദര്‍ വസ്ത്രങ്ങള്‍ ധരിച്ച, ശ്രേഷ്ഠ പുരുഷലക്ഷണങ്ങള്‍ എല്ലാം ഒത്തിണങ്ങിയ ഒരു ഹ്രസ്വകായന്‍. അലയൊഴിഞ്ഞ ജലാശയം പോലെ ശാന്തഭാവമാര്‍ന്ന മുഖം. തിളങ്ങുന്ന ഇളം നീലക്കണ്ണുകള്‍. ആദ്യകൂടിക്കാഴ്ചയില്‍ ഔപചാരിക സംഭാഷണം കഴിഞ്ഞപ്പോള്‍ ബോദ്ധ്യമായി, വാക്കുകളുടെ സൂക്ഷ്മതയും ദൃഷ്ടിയുടെ കാന്തികതയും, നിറവുറ്റ മൗനവും കൊണ്ട്് ജിജ്ഞസുക്കളില്‍ ജ്ഞാനാഗ്നി ജ്വലിപ്പിക്കുന്ന മഹാമനീഷിയെന്ന.്
കൊല്ലവര്‍ഷം 1089, ഇടവമാസം ഉത്രാടം നക്ഷത്രത്തില്‍ കൊല്ലം ചൂളൂര്‍ ഭവനത്തില്‍ വേലുപ്പിള്ളയുടെയും കായംകുളം പുതുപ്പള്ളി പുത്തന്‍ പുരയ്‌ക്കല്‍ വീട്ടില്‍ ജാനകിയമ്മയുടെയും പ്രഥമപുത്രനായി ജനനം. മാതാപിതാക്കള്‍ ശ്രീധരന്‍ എന്ന് നാമകരണം ചെയ്തു. അക്കാലത്ത് കൊല്ലത്ത് അവധൂതനെപ്പോലെ സഞ്ചരിച്ചിരുന്ന പാവൂര്‍ സ്വാമിയില്‍ നിന്ന് ആദ്യാക്ഷരങ്ങള്‍ കുറിച്ചു. കൊല്ലത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ ഇന്റര്‍മീഡിയേറ്റ് പഠനം. ഇക്കാലങ്ങളിലൊക്കെ മുടങ്ങാതെ അദ്ധ്യാത്മിക ഗ്രന്ഥപഠനങ്ങളിലും യോഗസാധനയിലും മുഴുകി. പഠനശേഷം ലഭിച്ച ഫാക്ടിലെ ഉദ്യോഗം അദ്ധ്യാത്മികചര്യക്ക് തടസ്സമെന്ന് കണ്ട് ഉപേക്ഷിച്ചു. അതിനുശേഷം താമസം പുതുപ്പള്ളിയിലേക്ക് മാറ്റി. ഏകാന്തവാസിയായി ആത്മാന്വേഷണത്തിന്റെ തീവ്രസാധനയില്‍ സ്വയംമുഴുകി. ഇക്കാലത്താണ് അദ്ധ്യാത്മിക ജീവിതത്തിലെ വഴിത്തിരിവായ ഗുരുസമ്പര്‍ക്കമുണ്ടാകുന്നത്.
ചട്ടമ്പിസ്വാമിയുടെ സമകാലീനനും ഇഷ്ടസുഹൃത്തുമായിരുന്ന പൂജപ്പുര സ്വാമി എന്നറിയപ്പെട്ടിരുന്ന ഭഗവാന്‍ സാധുഗോപാലസ്വാമിയായിരുന്നു ഗുരു. ആത്മാന്വേഷിയായി എത്തിചേര്‍ന്നിരിക്കുന്നത് ഉത്തമ ജിജ്ഞാസുവെന്ന് തിരിച്ചറിഞ്ഞ ഗോപാലസ്വാമി ആത്മജ്ഞാനത്തിന്റെ ഹിരണ്യഹ്യദയം സ്വശിഷ്യനു മുന്നില്‍ മലര്‍ക്കെ തുറന്നു. തുടര്‍ന്നങ്ങോട്ട് അത്ഭുതകരങ്ങളായ ആത്മാനുഭവങ്ങളുടെ മഹാപ്രവാഹംമായിരുന്നു സംഭവിച്ചത്. ആത്മസാക്ഷാത്കാരാനുഭവങ്ങളില്‍ തെളിഞ്ഞ വിശിഷ്ട ജ്ഞാനങ്ങളുടെ സംഗ്രഹമാണ് ”ശ്രീധരവേദാന്ത സര്‍വ്വസ്വം” എന്ന പേരില്‍ അറിയപ്പെടുന്ന 26 ചെറു വേദാന്തഗ്രന്ഥങ്ങള്‍.
സ്വാമിയുടെ അദ്ധ്യാത്മികജീവിതം ഒരു മഹായജ്ഞം തന്നെയായിരുന്നു. വേദങ്ങള്‍, ഉപനിഷത്തുക്കള്‍, ദര്‍ശനങ്ങള്‍, ഗീതകള്‍, ഭാഗവതാദി പുരാണങ്ങള്‍ തുടങ്ങിയവ ഭാരതത്തില്‍ ജിജ്ഞാസുക്കള്‍ക്ക് ആത്മസാക്ഷാത്കാരത്തില്‍ എത്താനുള്ള ഉത്തമമാര്‍ഗ്ഗം കാട്ടിത്തരുന്നവയാണ്. സ്വാനുഭവങ്ങളുടെ പ്രവാഹഗരിമയില്‍ നിന്നുകൊണ്ട്് ജിജ്ഞാസുക്കള്‍ക്കുവേണ്ടി പകര്‍ന്നുവെച്ചതാണ്, 1970-ല്‍ പ്രസിദ്ധീകരിച്ച ശ്രീധരബോധമനനം മുതല്‍ 1998-ല്‍ പ്രസിദ്ധീകരിച്ച ശ്രീധരന്റെ അനുഭവ വിജ്ഞാനീയം വരെയുള്ള 26 കൃതികള്‍. ഇതില്‍ അപൂര്‍വങ്ങളായ ശാസ്ത്രരഹസ്യങ്ങളുടെ ഒരു പരമ്പരതന്നെയുണ്ട്.
പഞ്ചഭൂത സമാധികളില്‍ സീതദേവിയുടെയും പട്ടണത്തു
പിള്ളയാരുടെയും ഭൂസമാധികള്‍, ശ്രീരാമന്റെ ജലസമാധി, ശ്രീകൃഷ്ണന്റെയും ശ്രീലക്ഷ്മണന്റെയും അഗ്നിസമാധികള്‍, ശ്രീഭീഷ്മരുടെയും ഉഞ്ഛിതവൃത്തി ബ്രാഹ്‌മണന്റെയും വായുസമാധികള്‍, കര്‍ണ്ണന്റെ ചിദാകാശ സമാധി തുടങ്ങി നിരവധി മഹത്തുക്കളുടെ ആത്മ ഗതികളടക്കം വേദ-വേദാന്തേതിഹാസങ്ങള്‍ ആകമാനമുള്ള വിശിഷ്ടതത്ത്വങ്ങള്‍ സ്വാനുഭവത്തിലൂടെ വെളിപ്പെടുത്തുകയും, ഭാരതീയ വേദാന്ത ശാഖയെ കൂടുതല്‍ സമ്പന്നമാക്കുകയും ചെയ്യുന്നതാണ് ഈ കൃതികള്‍. ജ്ഞാന വിജ്ഞാന മേഖലകളെപ്പറ്റി നല്‍കുന്ന വിശദീകരണങ്ങളില്‍ ആധുനികശാസ്ത്രം ശൈശവത്തില്‍ നില്‍ക്കുന്ന കാഴ്ച വായിച്ചെടുക്കാന്‍ കഴിയുമ്പോള്‍, പുനരന്വേഷണം വിളിച്ചോതുന്ന നവംനവങ്ങളായ ശാസ്ത്രതത്ത്വങ്ങളുടെ അനന്തവാതായനങ്ങള്‍ തുറന്നുകിടക്കുന്നതും കാണാന്‍ കഴിയും. വേദാന്തത്തില്‍ സ്വാമിയുടെ ഉന്നതമായ സാക്ഷാത്കാരാനുഭവങ്ങളുടെ നിദര്‍ശനങ്ങളാണ്, ഒരു കടുകുമണിയുടെ വ്യാപ്തിയില്‍ പ്രപഞ്ചം അപ്പാടെ പ്രതിബിബിക്കുന്ന പ്രതിഭാസം വെളിപ്പെടുത്തുന്നതും, ദേശ -കാലങ്ങള്‍ വികാസം കൊള്ളാതെ സങ്കോചിച്ച് ബിന്ദുവും നിമിഷവുമായി നിലകൊള്ളുന്നതും, ഒരു ചിത്രശലഭത്തിന്റെ ചിറകിലെ പൊടിയില്‍ പ്രപഞ്ചതത്ത്വങ്ങളാകമാനം സംക്ഷേപിച്ചിരിക്കുന്ന നിഗൂഢതയിലേക്ക് ആണ്ടിറങ്ങുന്നതുമായ വിശദീകരണങ്ങള്‍.
വേദ-വേദാന്തങ്ങള്‍ സമന്വയിച്ച് നില്ക്കുന്നതും ഗ്രന്ഥങ്ങളില്‍ മാത്രം പ്രസ്താവ്യങ്ങളുമായ അപൂര്‍വ്വമായ ആ അനുഭവത്തെപ്പറ്റി സ്വാമി എഴുതുന്നു. ”വേദത്തെ പുരസ്‌കരിച്ച് പറയുമ്പോള്‍ വേദത്രയീ എന്നു പറയാറുണ്ട്.
ഇതുകൊണ്ട്് വേദം മുന്നെണ്ണമെന്നും നാലാമേത്തതായ അഥര്‍വ്വം വേദത്തില്‍പെട്ടതല്ലെന്നും കരുതരുത്. മഹാവാകൃങ്ങള്‍ എവിടെയും ഒരുപോലെ ആദരണീയമായിട്ടാണ് കാണപ്പെടുന്നത്. ഇതിനെ ഓരോന്നിനെയും ഓരോ വേദങ്ങളാണ് പ്രദാനം ചെയ്യുന്നത്. അതില്‍ അഥര്‍വ്വവേദവും പെടുന്നുണ്ട്. നാടോടി വ്യാഖ്യാനങ്ങളില്‍ എങ്ങനെയിരുന്നാലും മഹാവാകൃങ്ങള്‍ പോലെ സര്‍വ്വാദരണീയവും മഹത്വവുമുറ്റമറ്റൊരു വരികളും വേദ-വേദാന്തങ്ങള്‍ പ്രതിപാദിക്കുന്നില്ല എന്നാണ് വേദാന്തസമ്മതം. ഇതിനെനിരാകരിക്കാനോ അന്യഥാകരിക്കാനോ വേദവാദികള്‍ പോലും മുതിരരുത്. വേദത്തിന്റെ ഫലമാണ് മഹാവാകൃങ്ങള്‍. അത് നിഷേധാത്മകമല്ല, വന്ദനീയങ്ങളായ ലോകോത്തര മോക്ഷകവാടമാണ്’- ശ്രീധരന്റെ വേദാവിഹായസ്സ്.
പുരാണങ്ങള്‍ പൊതുവെ ഇതുപോലെയുള്ള ജ്ഞാനതത്ത്വങ്ങളെ സാമാന്യമനസ്സുകള്‍ക്ക് വേണ്ടി കഥാകഥന മാര്‍ഗ്ഗേണ അവതരിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ അനുവാചകര്‍ ഈ ജ്ഞാനതത്ത്വങ്ങളെ ഗ്രഹിക്കാതെ കഥകളേയും കഥാഖ്യാനങ്ങളേയും മറ്റും ഗ്രഹിക്കുന്നു. അതിന് പ്രചാരണവും ലഭിക്കുന്നു. ഒരു പക്ഷേ അതത്രെ ഭാരതീയമായ വിശിഷ്ടജ്ഞാന തത്ത്വങ്ങളുടെ തിരോഭാവത്തിനും സമൂഹത്തില്‍ ഇന്നു കാണുന്ന ധാര്‍മ്മികാധഃപത നത്തിനു കാരണം.
ഇതോടൊപ്പം ഭാരതത്തില്‍ മുന്‍പ് മറ്റാരും മുതിരാത്ത ഒരു സംരംഭത്തിനു കൂടി സ്വാമി നാന്ദികുറിച്ചു. ജാതി-മതങ്ങള്‍ക്കതീതമായി ബഹുജനപങ്കാളിത്തത്തോടെ 1977- മെയ് മാസത്തില്‍ നടത്തിയ ചതുര്‍ വേദ പരിഷത്തായിരുന്നു അത്. ഈ വേദയജ്ഞത്തില്‍ അഥര്‍വ്വ വേദത്തിന് കേരളത്തില്‍ പരമ്പരയില്ലാതിരുന്നതിനാല്‍ ആചാര്യ നരേന്ദ്രഭൂഷണേയും ഉത്തരേന്ത്യയില്‍ നിന്ന് അഥര്‍വ്വവേദ പണ്ഡിതന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട്് പിന്നീട് 1987-മെയ ്മാസത്തില്‍ നടത്തിയതാണ് അഥര്‍വ്വവേദയജ്ഞം. വേദങ്ങളില്‍ പൊതുവെ അഥര്‍വ്വത്തിന് പ്രാമാണ്യം കുറച്ച് കാണുന്നതു കൊണ്ട്് അതിന്റെ വീണ്ടെടുക്കലായിരുന്നു ഈ തുടര്‍യജ്ഞം. അതിനെപ്പറ്റി സ്വാമി തന്നെ പറയുകയുണ്ടായി, ‘ഋക്. യജുസ്സ്,സാമം എന്നീ വേദങ്ങളില്‍ തത്ത്വങ്ങള്‍ എത്ര പ്രാമാണ്യത്തോടെ നിലകൊള്ളുന്നുവോ , അതേ പ്രാമാണ്യത്തോടെ അഥര്‍വ്വവേദത്തിലും തത്ത്വങ്ങള്‍ നിലകൊള്ളുന്നു. ഈ വേദയജ്ഞത്തില്‍ നടന്ന സംവാദത്തില്‍ സ്വാമി സ്വാത്മാവില്‍ ദര്‍ശിച്ച വേദപ്പൊരുളുകള്‍ വെളിപ്പെടുത്തിയപ്പോള്‍, പ്രമാണികളായ വേദപണ്ഡിതര്‍ക്ക് അത് നിഷേധിക്കുവാന്‍ കഴിഞ്ഞില്ല.
വേദം അപൗരുഷേയ (ഒരു വ്യക്തിയോ അല്ലെങ്കില്‍ വ്യക്തികളോ പറയാത്തത്-ആത്മസാക്ഷാത്കാരത്തിലൂടെ സ്വയം വെളിപ്പെടുന്നത്)മെന്ന് ശാസ്ത്ര നിര്‍വചനമിരിക്കെ അപ്രകാരം സാക്ഷാത്കരിക്കുക അപൂര്‍വ്വവും ഏറെ ക്ലേശകരവുമാണ്. അതേപ്പറ്റി സ്വാമിചൊല്ലുന്നു:
ആദിവേദമതാണല്ലോ
അഴകേറുന്ന ഋഗ്ഗത്
അതപൗരുഷേയമതാ
യാണ് ശാസ്ത്രം കഥിപ്പത്
അതു കേട്ടിട്ട് കലിതുള്ളി
ഉറഞ്ഞാടുന്നതെന്തിന്
കഥിക്കാം നിന്നോടേവം
അതിന്റെ ശരിയുക്തിയെ
അണ്ടിയിട്ടു കിളിര്‍പ്പിപ്പൂ
മാവിനെ മനീഷികള്‍
മാവില്‍ മാങ്ങയുണ്ടാകും
അതില്‍ അണ്ടിയിരിക്കുമേ
ആദിയില്‍ മാങ്ങ എവിടെ
ഏതു മാവിന്റെ സന്തതി
ആതപൗരുഷേയമാണ്
അതിനെന്തു കഥിച്ചിടും
അതുപോലേതു പഴവും
ആദിയിലപൗരുഷേയമാ
ണറിക മഹാമതേ
അതുപോലെ ജീവികളും
ആദിയിങ്കലപൗരുഷേയമാ
ണോര്‍ക്കുക ഭാരതാ.
– ശ്രീധരന്റെ വേദാന്തബോധ സുധ.
ദിനചര്യയിലേര്‍പ്പെടുകയും വസ്ത്രധാരണം ചെയ്യുകയും സമഭാവനയോടെ മറ്റുള്ളവരോട് ഇടപഴകുകയും ചെയ്തു. മഹാപണ്ഡിതന്മാരും, ജ്ഞാനികളും അടക്കം എല്ലാവരും അദ്ദേഹത്തിന്റെ മുന്നില്‍ ആദരവോടെ നിന്നു. ഒരു നോട്ടമോ വാക്കോ കൊണ്ട്് മാത്രം ജിജ്ഞാസുക്കള്‍ക്ക് ബ്രഹ്‌മസാക്ഷാത്കാരം കൈവരുത്തുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കെട്ടിയാടാന്‍ വേഷങ്ങളില്ലാത്ത, പ്രപഞ്ചനാടകത്തിന്റെ അരങ്ങും അണിയറയും വെറും പ്രതീതിയായി മാത്രം കണ്ട ഈ മഹാത്മാവ് ”പ്രബോധ ശ്രീധരം” എന്ന തന്റെ കൃതിയില്‍ഇങ്ങനെ യെഴുതുന്നു.
അറിയില്ലറിയില്ലിതൊന്നുമേ
തന്നെ അറിയാത്തോനന്യമറിയുമോ
തന്നെ അറിഞ്ഞവനരാനുമുേെണ്ടന്നാ
ബ്രഹ്‌മനോ വിഷ്ണുവോ ശ്രീ മഹാ-
ദേവനോ ആരാനുമുണ്ടോ
അളന്നു ഹൃദംബരം
ഓം ശാന്തി ഃ ശാന്തി ഃ ശാന്തി ഃ
















