മലപ്പുറം:തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിച്ചു. ഹരേരാമ ഹരേ കൃഷ്ണ മന്ത്രങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങവെ ഗവര്‍ണര്‍ ധ്വജാരോഹണം നടത്തി.
സനാതന ധര്‍മ്മത്തെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.
സനാതന ധര്‍മ്മത്തെ എല്ലാവരും പിന്തുടരണമെന്ന് പറഞ്ഞ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ എല്ലാ വര്‍ഷവും മഹാമാഘ മഹോത്സവം സംഘടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.സ്വന്തം പാരമ്പര്യത്തില്‍ അഭിമാനിക്കണം.
രാവിലെ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.തുടര്‍ന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന്റെ നേതൃത്വത്തില്‍ നിളാ സ്‌നാനം നടത്തി.വാരാണസിയില്‍ നിന്നുളള സന്യാസി ശ്രേഷ്ഠന്മാരുടെ മേതൃത്വത്തില്‍ വൈകിട്ട് പ്രത്യേകം സജ്ജീകരിച്ച സ്‌നാനഘട്ടത്തില്‍ നിള ആരതി നടന്നു.ഫെബ്രുവരി മൂന്ന് വരെയാണ് മഹാമാഘ മഹോത്സവം.
അതേസമയം, മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന താല്‍ക്കാലിക പാലത്തിന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെതിരെ സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. സ്റ്റോപ് മെമ്മോ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.
ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ പ്രാഥമിക അനുമതി നല്‍കിയിരുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, തിരുനാവായ വില്ലേജ് ഓഫീസര്‍ കേരള നദീതീര സംരക്ഷണ നിയമം പ്രകാരം സ്റ്റോപ്പ് മെമ്മോ ഇറക്കി. വില്ലേജ് ഓഫീസറുടെ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
മഹാമാഘ മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രശ്‌നമുണ്ടായത്. നദിക്ക് കുറുകെ ഒരു താത്കാലിക പാലം കെട്ടിയുണ്ടാക്കവെയാണ് വില്ലേജ് ഓഫീസര്‍ സ്റ്റേ പ്രഖ്യാപിച്ചത്. നവംബറില്‍ തന്നെ കുംഭമേളയുടെ ഒരുക്കങ്ങള്‍ സംബന്ധിച്ച് ജില്ലാ ഭരണകൂടത്തെ രേഖമൂലം അറിയിച്ചിട്ട് ഇപ്പോള്‍ തടസപ്പെടുത്തുന്നത് ദുരുദ്ദേശപരമെന്നാണ് സംഘാടകര്‍ പറയുന്നത്.
















