ടെല്‍അവീവ്: രണ്ടാഴ്ചയിലധികമായി ഇറാനില്‍ തുടരുന്ന പ്രക്ഷോഭങ്ങളില്‍ മരിച്ചവരുടെ എണ്ണം 5000 കവിഞ്ഞു. ഇതില്‍ 500 പേര്‍ സൈനികരാണ്. 24000 പ്രതിഷേധക്കാര്‍ അറസ്റ്റിലായിട്ടുണ്ട്. വിഘടനവാദ ഗ്രൂപ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇറാന്റെ വടക്കുപടിഞ്ഞാറന്‍ കുര്‍ദിഷ് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടലുകളുണ്ടായത്. ടെല്‍ അവീവിലും സമീപ നഗരങ്ങളിലേയും സുരക്ഷാ നടപടികള്‍ ശക്തമാക്കിയതോടെ പ്രതിഷേധങ്ങളില്‍ അല്‍പം അയവ് വന്നതായി പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഭരണവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാനാണ് ഇത്. ശനിയാഴ്ച പുലര്‍ച്ചെ ഇന്റര്‍നെറ്റ് സേവനത്തില്‍ ചെറിയ ഇളവുകള്‍ നല്‍കിയെങ്കിലും പിന്നീടത് ഉപേക്ഷിച്ചു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നേതൃത്വത്തിലുള്ള ഭരണം അവസാനിപ്പിക്കണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അതേസമയം പ്രതിഷേധക്കാര്‍ ഇനിയും കൊല്ലപ്പെടുകയോ വധശിക്ഷയ്‌ക്ക് വിധേയരാകുകയോ ചെയ്താല്‍ വാഷിങ്ടണിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നല്‍കി. ഇറാനിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ഖമേനിക്കാണ്. ഇറാനില്‍ പുതിയ നേതൃത്വത്തെ അന്വേഷിക്കേണ്ട സമയമാണിതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം ഖമേനി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.














