ഇടുക്കി: പളളിവാസലില്‍ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട് വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റു. മൂന്ന് പേരെ വെള്ളത്തൂവല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ യുവാക്കളും നാട്ടുകാരും തമ്മിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.. ഞായറാഴ്ച ഉച്ചയ്‌ക്കാണ് സംഭവം.
കരുനാഗപ്പള്ളിയില്‍ നിന്ന് 26 പേരടങ്ങുന്ന സംഘമാണ് മൂന്നാറില്‍ വിനോദ സഞ്ചാരത്തിനായി എത്തിയത്. പള്ളിവാസലില്‍ എത്തിയ വിനോദ സഞ്ചാര സംഘത്തിലെ കുറച്ച് പേര്‍ പുറത്തിറങ്ങി നിര്‍ത്തിയിട്ടിരുന്ന ട്രക്കിംഗ് ജീപ്പിന് മുകളില്‍ കയറി ചിത്രങ്ങള്‍ പകര്‍ത്തി. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
ജീപ്പിന് മുകളില്‍ കയറി നിന്നവരെ ജീപ്പ് ഡ്രൈവര്‍മാര്‍ മര്‍ദിച്ചു. പിന്നീട് ഇരുകൂട്ടരും തമ്മില്‍ കയ്യാങ്കളിയായി.തുടര്‍ന്ന് പൊലീസ് എത്തി സംഘര്‍ഷം അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ നാട്ടുകാരായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.വിനോദ സഞ്ചാരികള്‍ മദ്യപിച്ചാണ് എത്തിയതെന്നും അനാവശ്യമായി പ്രകോപനം ഉണ്ടാക്കിയെന്നുമാണ് ജീപ്പ് ഡ്രൈവര്‍മാര്‍ പറയുന്നത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
















