തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളോടാണ് തന്റെ എതിര്‍പ്പെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വ്യക്തിയെക്കുറിച്ച് ഒന്നും പറയുന്നില്ല.
വെള്ളാപ്പള്ളിയുടേത് ഗുരുനിന്ദയാണ്.ശ്രീനാരായണ ഗുരുദേവന്‍ എന്ത് പറയരുതെന്ന് പറഞ്ഞോ അത് തന്നെയാണ് വെള്ളാപ്പള്ളി പറയുന്നത്.വ്യക്തി അധിക്ഷേപങ്ങള്‍ക്ക് അതുപോലെ തിരിച്ച് പറയാനില്ല.
സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ഇടത് തന്ത്രത്തിനുള്ള ഉപകരണമായി വെള്ളാപ്പള്ളി നടേശന്‍ മാറരുത്. വര്‍ഗീയതയ്‌ക്കും വിദ്വേഷപ്രചാരണത്തിനുമെതിരായ യുഡിഎഫ് നിലപാടില്‍ മാറ്റമില്ല. വര്‍ഗീയതയ്‌ക്ക് എതിരെ ധീരമായി പോരാടും.മുന്നില്‍ നിന്ന് വെട്ടേറ്റാല്‍ വീരാളിപ്പട്ട് പുതച്ച് കിടക്കും. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ സാരമില്ലെന്ന് വയ്‌ക്കും.എങ്കിലും ആ പോരാട്ടത്തില്‍ പിന്തിരിഞ്ഞ് ഓടില്ല. ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും ഒരുപോലെ എതിര്‍ക്കും -വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ജമാഅത്തെ ഇസ്ലാമി ബന്ധം സംബന്ധിച്ച് ,42 വര്‍ഷക്കാലം അവര്‍ സിപിഎമ്മിന്റെ കൂടെയായിരുന്നുവെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. എസ്എന്‍ഡിപി- എന്‍എസ്എസ് വിഷയത്തിലേക്ക് മുസ്ലീം ലീഗിനെ വെള്ളാപ്പള്ളി വലിച്ചിഴയ്‌ക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല.
കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ ഊളമ്പാറയില്‍ വിടണമെന്ന അധിക്ഷേപ പരാമര്‍ശം നടത്തുമ്പോള്‍ അതെല്ലാം ജനം കാണുന്നുവെന്ന് ഓര്‍ക്കണമെന്ന് വി ഡി സതീശന്‍ പറഞ്ഞു.വര്‍ഗീയ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളിക്ക് പൊന്നാടയിടുന്ന മുഖ്യമന്ത്രി എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്.യുഡിഎഫിന്റെ ശക്തി മതേതരവാദികളായ ജനങ്ങളാണ് . വര്‍ഗീയവാദികള്‍ക്ക് അവര്‍ ചുട്ടമറുപടി കൊടുക്കും.
















