മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായ ‘നീലക്കുയിലി’ലൂടെയാണ് ഇന്നത്തെ രീതിയിലുള്ള ഗാനങ്ങള്‍ പിറവിയെടുക്കുന്നത്. പി.ഭാസ്‌കരന്റെ സാഹിത്യത്തിന്റെയും കെ.രാഘവന്റെ സംഗീതത്തിന്റെയും ഇരുചിറകുകളിലേറി മലയാളത്തിന്റെ ഗാനാലാപനകല ഒരു പുത്തന്‍ വിഹായസിലേക്ക് പറന്നുയര്‍ന്നു. വയലാറും ശ്രീകുമാരന്‍ തമ്പിയും ഗുരുസ്ഥാനീയനായി കാണുന്ന പി.ഭാസ്‌കരനെ മലയാള ചലച്ചിത്രഗാനശാഖയുടെ പിതാവായി ഗാനനിരൂപകര്‍ ഗണിക്കുന്നു. പുന്നപ്ര വയലാര്‍ സമരത്തിലൂടെ രാഷ്‌ട്രീയത്തിലെ യുവതാരമായി തിളങ്ങിയിരുന്ന ഭാസ്‌കരന്‍മാഷ് അദ്ദേഹത്തിന്റെ ഹിംസാത്മക രാഷ്‌ട്രീയത്തോടുള്ള വിയോജിപ്പുകള്‍ മൂലം ഇടതു രാഷ്‌ട്രീയത്തില്‍ അനഭിമതനായി. അക്കാദമികളും അധികാരികളും ‘അറിയാതെ’ ഭാസ്‌കരന്‍ മാഷിന്റെ ജന്മശതാബ്ദി (2024) കടന്നുപോയപ്പോള്‍ അദ്ദേഹത്തിന്റെ കാവ്യ പ്രപഞ്ചത്തിലെ പരികല്‍പനകളെ പരിചിന്തനം ചെയ്യുന്ന കല്‍പനാകാകളികള്‍ എന്ന ലേഖനപരമ്പര ആരംഭിക്കുന്നു
സപ്തസ്വരങ്ങള്‍ കല്‍പനാകാകളികള്‍ മൂളി വന്നെത്തുന്ന സ്വപ്‌ന ചകോരങ്ങളാണ്; മാനസവേദിയില്‍ മയില്‍പീലി നീര്‍ത്തിയാടുന്ന മായാമയൂരങ്ങളാണ്; സംഗീതസരസിലെ ശബ്ദമരാളങ്ങളാണ്..!
പി. ഭാസ്‌കരന്റെ കാവ്യമനീഷയില്‍ പിറന്ന ഗാനശില്‍പങ്ങള്‍ സ്പതസ്വരങ്ങളിലൂടെ ശബ്ദമരാളങ്ങളായപ്പോള്‍ മലയാള ഗാനസാഹിതിയുടെ പുല്‍മേഞ്ഞ മണ്‍കുടില്‍ ഇന്ദ്രസഭാതലമായി മാറി. ആദ്യത്തെ ലക്ഷണയുക്തമായ ചലിച്ചിത്ര ഗാനശാഖയെ മലയാളിക്ക് സമ്മാനിച്ച പി. ഭാസ്‌കരനെ ഈ ജന്മശതാബ്ദി വര്‍ഷത്തില്‍ വിസ്മരിക്കുകയും അവഗണിക്കുകയും ചെയ്‌തെങ്കിലും ജനമനസില്‍ മുഴങ്ങുന്നുണ്ട് കാലത്തെ അതിജീവിച്ച ഭാസ്‌കരഗീതങ്ങളുടെ നാദബ്രഹ്‌മം!
‘…അല്ല പരാജിതനല്ല ഞാന്‍ സംഗീതം
സ്വര്‍ലോക ഗംഗയില്‍ മുങ്ങുമ്പോള്‍… സാക്ഷാല്‍
നാദബ്രഹ്‌മത്തിന്‍ സാഗരം നീന്തിവരും
നാകസുന്ദരിമാരേ… സ്പതസ്വരങ്ങളേ…’
കാട്ടുകുരങ്ങ് (1969) എന്ന ചലച്ചിത്രത്തിലെ ‘നാദബ്രഹ്‌മത്തിന്‍…’ എന്നു തുടങ്ങുന്ന സംഗീതസാന്ദ്രമായ ഈ ഗാനത്തിന്റെ ഒപ്പം നില്‍ക്കുന്ന മറ്റൊരു ഗാനം അതിനു മുന്‍പോ പിന്‍പോ ഉണ്ടായിട്ടില്ല.
1948 ല്‍ അപൂര്‍വ്വ ‘സഹോദരര്‍കള്‍’ എന്ന തമിഴ് ചിത്രത്തില്‍ ഭാസ്‌കരന്‍ മാഷ് ഗാനരചനയുടെ തുടക്കം കൂറിച്ചു. ചന്ദ്രിക (1950), നവലോകം (1951), അമ്മ (1952), തിരമാല (1953), തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ച ശേഷം രാമു കാര്യാട്ടി നോടൊപ്പം സംവിധാനം ചെയ്ത നീലക്കുയില്‍ (1954) എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം ജനപ്രിയനാകുന്നത്.
പഴയ കൊച്ചിരാജ്യത്തിലെ അതിപുരാതന തുറമുഖ നഗരമായ കൊടുങ്ങല്ലൂരില്‍ 1924 ഏപ്രില്‍ 21നാണ് പി. ഭാസ്‌കരന്റെ ജനനം. 1940 വരെ തികഞ്ഞ ഗാന്ധിയനായിരുന്ന അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥിയാകുന്നതോടെ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സജീവപ്രവര്‍ത്തകനായി മാറി. അക്കാലത്ത് തന്നെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജയില്‍വാസം അനുഭവിക്കുകയും, അപ്പീല്‍ നല്‍കി പുറത്തിറങ്ങുകയും ചെയ്തു. 1944 ല്‍ ദേശാഭിമാനി വാരികയില്‍ ജോലിയില്‍ പ്രവേശിച്ചതോടെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനൊപ്പം സാഹിത്യരചനകളിലും സജീവമായി. പുന്നപ്രവയലാര്‍ സമരവുമായി ബന്ധപ്പെട്ട് ഭാസ്‌കരനെ കോട്ടയത്ത് വെച്ച് അറസ്റ്റ് ചെയ്യുന്നത് 1946 ല്‍ ആണ്. ജയില്‍ മോചിതനായ ശേഷം രചിച്ച ‘വയലാര്‍ ഗര്‍ജിക്കുന്നു’ കവിത ഏറെ പ്രശസ്തമായി. കവിതയ്‌ക്ക് പ്രചാരമേറിയപ്പോള്‍ നിരോധിക്കപ്പെടുകയും കവി അതോടെ ശ്രദ്ധേയനാകുകയും ചെയ്തു.
1948 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ കൊല്‍ക്കത്തയില്‍ നടന്ന അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട കല്‍ക്കത്ത തീസിസിലെ ആശയങ്ങളോട് പി. ഭാസ്‌കരന് യോജിക്കാനായില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്ന് പി. ഭാസ്‌കരന്‍ നിശബ്ദമായി പിന്‍വാങ്ങുകയും പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാതെ ദേശാഭിമാനിയുടെ പടിയിറങ്ങി മദ്രാസിലെത്തി ‘ജയകേരളം’ വാരികയില്‍ സഹപത്രാധിപരായി ചുമതലയേല്‍ക്കുകയും ചെയ്തു. അക്കാലത്ത് മദ്രാസ് ആകാശവാണി നിലയത്തിലൂടെ പ്രക്ഷേപണം ചെയ്ത ലളിതഗാനങ്ങളാണ് ഭാസ്‌കരനെ ഗാനരചയിതാവ് എന്ന നിലയില്‍ പ്രശ്തനാക്കിയത്. 1951 മുതല്‍ കോഴിക്കോട് ആകാശവാണിയില്‍ ഉദ്യോഗസ്ഥനായെങ്കിലും രാഷ്‌ട്രീയ ബന്ധങ്ങളുടെ പേരില്‍ പിരിച്ചുവിടപ്പെട്ടു.
രാമുകാര്യാട്ടിനോടൊപ്പം പി. ഭാസ്‌കരന്‍ സംവിധാനം ചെയ്ത നീലക്കുയില്‍ എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത് 1954ല്‍ ആണ്. രാരിച്ചന്‍ എന്ന പൗരന്‍ (1955) ആണ് അദ്ദേഹം സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യ ചിത്രം. നാഴിയൂരിപ്പാലുകൊണ്ട് എന്ന പ്രശസ്തഗാനം ഈ ചിത്രത്തിലേതാണ്. 1957 മുതല്‍ മൂന്നുവര്‍ഷം കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയുണ്ടായി. പിന്നീട് 1958ല്‍ ‘നായരുപിടിച്ച പുലിവാല്’ ചിത്രം സംവിധാനം ചെയ്യുകയുണ്ടായി. അറുപതുകളോടെ പി. ഭാസ്‌കരന്‍ മലയാള ചലിച്ചിത്രലോകത്തെ തിരക്കുള്ള സംവിധാകനായി മാറുകയാണ്.
ലൈലാമജ്‌നു (1963), ഭാഗ്യജാതകം (1963), അമ്മയെകാണാന്‍ (1963), ആദ്യകിരണങ്ങള്‍(1964), ശ്യാമളചേച്ചി (1964), തറവാട്ടമ്മ (1964), ഇരുട്ടിന്റെ ആത്മാവ്, അന്വേഷിച്ചു കണ്ടെത്തിയില്ല, പരീക്ഷ (1967), മനസ്വിനി, ലക്ഷപ്രഭു, അപരാധിനി(1968), കാട്ടുകുരങ്ങ്, മൂലധനം, കള്ളിച്ചെല്ലമ്മ (1969) സ്ത്രീ, കുരുക്ഷേത്രം, അമ്പലപ്രാവ്, തുറക്കാത്തവാതില്‍ (1970), ഉമ്മാച്ചു, മൂന്നുപൂക്കള്‍, വിത്തുകള്‍, മുത്തശ്ശി, വിലയ്‌ക്കുവാങ്ങിയ വീണ(1971), ആറടിമണ്ണിന്റെ ജന്മി, സ്‌നേഹദീപമേ മിഴിതുറക്കു (1972), ഉദയം, വീണ്ടും പ്രഭാതം (1973), ഒരു പിടി അരി, തച്ചോളി മരുമകന്‍ ചന്തു, അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍ (1974), ചുമടുതാങ്ങി, മറ്റൊരു സീത (1975), അപ്പൂപ്പന്‍ , വഴിവിളക്ക് (1976), ശ്രീമദ് ഭഗവദ്ഗീത, ജഗദ്ഗുരു ആദി ശങ്കരന്‍ (1977), വിളക്കും വെളിച്ചവും (1978), എനിക്ക് വിശക്കുന്നു (1983), ഗുരുവായൂര്‍ മാഹാത്മ്യം (1984) തുടങ്ങി 43 ചിത്രങ്ങള്‍ സംവിധാനം ചെയ്തതില്‍ 10 ചിത്രങ്ങള്‍ അദ്ദേഹം തന്നെ നിര്‍മ്മിച്ചതാണ്. ഇരുപത്തഞ്ചോളം കവിതാസമാഹാരങ്ങളും 1200 ല്‍ അധികം ചലച്ചിത്രഗാനങ്ങളും കൊണ്ട് കൈരളിയെ സമ്പന്നമാക്കിയ പി. ഭാസ്‌കരന് 1949 മുതല്‍ 2003 വരെയുള്ള അരനൂറ്റാണ്ടിന്റെ ചലച്ചിത്രസപര്യയുടെ ചരിത്രമാണ് പറയുവാനുള്ളത്.
ദീപിക വാരികയുടെ പത്രാധിപര്‍, കേരളസംഗീതനാടക അക്കാദമി ചെയര്‍മാന്‍, ചിത്രാഞ്ജലി സ്റ്റുഡിയോ ഡയക്ടര്‍, റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് അംഗം, ഏഷ്യാനെറ്റ് ചെയര്‍മാന്‍ എന്നീ നിലകളിലും ഭാസ്‌കരന്‍മാഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
വയലാര്‍ അവാര്‍ഡ്ദാന ചടങ്ങോടെ എല്ലാ വര്‍ഷവും വയലാര്‍ രാമവര്‍മ്മയെ ആഘോഷപൂര്‍വ്വം അനുസ്മരിക്കുന്ന കമ്യൂണിസ്റ്റുകാര്‍ പി. ഭാസ്‌കരന്റെ ജന്മശതാബ്ദിവര്‍ഷം (2024) അനുസ്മരിക്കാതെ ബോധപൂര്‍വ്വം അദ്ദേഹത്തെ അവഗണിക്കുകയാണ് ചെയ്തത്. കമ്യൂണിസ്റ്റ് വിലക്കുകള്‍ മറികടന്ന് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പി. ഭാസ്‌കരന്‍ പങ്കെടുത്തിരുന്നു. പുരോഗമന സാഹിത്യം സംബന്ധിച്ച് ഇ.എം. എസിന്റെ നിലപാടുകളോട് അദ്ദേഹം പരസ്യമായി വിയോജിച്ചു. കല്‍ക്കത്താ തീസിസിനെ ശക്തമായി എതിര്‍ത്തു. ഇതൊക്കെ പോരെ, നേരിയ എതിര്‍ ശബ്ദത്തെപ്പോലും അടിച്ചമര്‍ത്തുന്ന ഒരു ഫാസിസ്റ്റ് സംവിധാനത്തില്‍ കുലം കുത്തിയാകാന്‍ ! മൂലധനം (1969) എന്ന ചിത്രത്തിനുവേണ്ടി ഭാസ്‌കരന്‍ മാഷ് എഴുതിയ വരികള്‍ അറം പറ്റിയതുപോലെയായി.
‘……എന്റെ വീണക്കമ്പിയെല്ലാം വിലയ്‌ക്കെടുത്തു അവര്‍
എന്റെ കൈയ്യില്‍പ്പൂട്ടുവാനൊരു വിലങ്ങുതീര്‍ത്തു
എന്റെ ബാഷ്പധാരയാകെ വടിച്ചെടുത്തു – സ്വന്തം
സുന്ദരിമാര്‍ക്കണിയുവാന്‍ കുണുക്കുതീര്‍ത്തു….
എന്‍ കിനാവില്‍ മണ്‍കുടിലില്‍ ഇരിക്കുന്നു ഞാന്‍ – ആ
പൊന്‍പുലരി വരുന്നതും നോക്കി നോക്കി
എന്റെ ഗാനശേഖരത്തിന്‍ പൂക്കണി കാണാന്‍
പൊന്നുഷസ്സേ, പൊന്നുഷസ്സേ വന്നു ചേര്‍ന്നാലും….”
അടുത്തത്: പാട്ടിന്റെ പാലാഴിക്കടവത്ത്
















