അടുത്ത കാലത്ത് വായിച്ച പുസ്തകങ്ങളില്‍ എന്തുകൊണ്ടോ ഹൃദയത്തോട് ചേര്‍ത്തു വയ്‌ക്കാന്‍ തോന്നുന്ന അനുഭവങ്ങളുടെ ഗൃഹാതുരത്വം ചന്ദ്രികാ ദേവി എഴുതിയ ‘അണയാത്ത കനല്‍ ഓര്‍മ്മകളിലൂടെ’ കടന്നുപോയപ്പോള്‍ തോന്നി.
പിറന്ന നാടിനെയും പെറ്റമ്മയും മറന്നു പോകുന്ന ഈ കാലഘട്ടത്തില്‍ അമ്മയേയും, താന്‍ ജനിച്ചുവളര്‍ന്ന നാടിനെയും അതിന്റെ മഹത്വത്തെയും സ്മരിച്ചുകൊണ്ടുള്ള ഈ പുസ്തകം ഏറെ ശ്രദ്ധേയമാണ്.
കൊട്ടാരത്തില്‍ ശങ്കുണ്ണിമേനോന്റെ ഐതിഹ്യമാല സ്ഥലനാമങ്ങളുടെ ഉത്ഭവം ഐതിഹ്യവുമായി കൂട്ടിയിണക്കി ഭക്തിയും ഭാവനയും കലര്‍ന്ന ഒരു കൃതിയായി വായനക്കാരന്റെ മനസ്സില്‍ പ്രതിഷ്ഠിച്ചുവല്ലോ. ചന്ദ്രിക ദേവിയാവട്ടെ, ഐതിഹ്യങ്ങള്‍ തൊടാന്‍ മറന്നുപോയ കോട്ടയത്തിന്റെ ചരിത്ര രേഖകളെ ഒരു ചരിത്രാന്വേഷിയുടെ ലിഖിതങ്ങളുടെ പി
ന്‍ബലത്തില്‍ വായനക്കാരുടെ മുന്‍പില്‍ തുറന്നു കാട്ടുന്നു.
പഴമയുടെ പ്രൗഢിയും രാജവംശത്തിന്റെ പ്രതാപവും കൂട്ടിയിണക്കുന്ന ഒരു സുവര്‍ണ്ണകാലം വിളിച്ചോതുന്ന കോട്ടയം പട്ടണത്തിന്റെ നാഴികക്കല്ലുകളായ താഴത്തങ്ങാടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍, മതമൈത്രിയുടെ കയ്യൊപ്പ് പതിഞ്ഞ വ്യാപാര മേഖലയും ആരാധനാ സമുച്ചയങ്ങളും എല്ലാം താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ മുഖച്ഛായയോടുകൂടി ലേഖിക അവതരിപ്പിച്ചിട്ടുണ്ട്.
അക്ഷരനഗരിയായ കോട്ടയം ജില്ലയുടെ നാമരൂപീകരണത്തില്‍ ഉറങ്ങിക്കിടന്ന ചരിത്രരേഖകള്‍ കണ്ടെത്തുന്നതോടൊപ്പം തന്നെ കേരളത്തിന്റെ മധ്യകാല ചരിത്രത്തില്‍ ആണ്ടുപോയ തന്റെ കുടുംബത്തിന്റെ വേരുകള്‍ ക്ഷേത്രങ്ങളുടെ ശിലാശാസനങ്ങളില്‍ നിന്നുവരെ പുറത്തെടുക്കുന്നതില്‍ കോട്ടയംകാരിയായ ലേഖിക അര്‍ത്ഥപൂര്‍ണമായ ശ്രമം തന്നെയാണ് നടത്തിയിരിക്കുന്നത്.
തെക്കന്‍കൂര്‍ രാജവംശം കോട്ടയം ഭരിക്കുന്നതിന് തൊട്ടു മുന്‍പു വരെ മധ്യകാല കേരളത്തില്‍ കോട്ടയം ഉള്‍പ്പെടുന്ന പ്രദേശത്തെ പ്രശസ്തനാടുവാഴി കുടുംബമായ മുഞ്ഞനാട്ടുകുടുംബത്തില്‍ ജനിച്ച തന്റെ അമ്മ കുടുംബത്തിനുവേണ്ടി അനുഭവിച്ച ത്യാഗത്തിന്റെയും കഷ്ടപ്പാടുകളുടെയും വിവരണം ഇന്നത്തെ തലമുറയിലെ യുവജനങ്ങള്‍ വായിച്ചറിയേണ്ടതാണ്.
കൂട്ടുകുടുംബ വ്യവസ്ഥയും മരുമക്കത്തായവും നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലെ ഇല്ലായ്‌മയും വല്ലായ്‌മയും പുതു തലമുറയ്‌ക്ക് അജ്ഞാതമാണ്.
ലളിത ജീവിതവും ഉയര്‍ന്ന ചിന്താഗതിയും കൊണ്ട് തന്റെ മക്കളെ നല്ല സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനും, കൊച്ചുമക്കളെ സുരക്ഷിതത്വത്തിന്റെ ചിറകുകള്‍ക്കുള്ളില്‍ ഒതുക്കി ചേര്‍ത്ത് പിടിക്കുന്നതില്‍ കര്‍മ്മയോഗിയായി ഈ അമ്മ വിജയിച്ചിരിക്കുന്നു . ഈ കാലഘട്ടത്തിലെ എത്ര മക്കളാണ് ഇത്രയും ത്യാഗം സഹിച്ച ഒരു അമ്മയെ നന്ദിയോടെ ഓര്‍ക്കുന്നത്. മണിമാളികള്‍ പണിയുന്ന യുവതലമുറ തന്റെ അമ്മയ്‌ക്കു വേണ്ടി ഒരു മുറിപോലും മാറ്റിവയ്‌ക്കാന്‍ സ്ഥലസൗകര്യം കുറവാണെന്ന് പരാതി പറയുന്ന മക്കള്‍ക്ക് ഒരപവാദമാണ് ഇതിലെ മക്കളുടെ സ്‌നേഹവും ഉത്തരവാദിത്വ ബോധവും.
എന്നും ജീവിതത്തിന്റെ ഉയരത്തിലേക്ക് മാത്രം നോക്കുന്ന സ്വാര്‍ഥത നിറഞ്ഞ സമൂഹത്തില്‍ ഇത്തരത്തിലുള്ള അമ്മമാരും അവരെ സ്‌നേഹിക്കുന്ന മക്കളും അന്യമായി കൊണ്ടിരിക്കുകയാണ്. വിധി വച്ചുനീട്ടിയ ദുരനുഭവങ്ങള്‍ മക്കളുടെ മനസ്സുകളില്‍ മുറിപ്പാടുകള്‍ വീഴ്‌ത്തിയെങ്കിലും അതിലൊന്നും തളര്‍ന്നു പോകാതെ തന്റെ കടമ പൂര്‍ത്തിയാക്കുന്നതില്‍ മാത്രം ശ്രദ്ധ പതിപ്പിച്ച അമ്മഎരിഞ്ഞു തീര്‍ന്നു കൊണ്ടിരിക്കുന്ന മണ്‍വിളക്കു പോലെ പഴയ തലമുറയിലെ പല വീടുകളിലും കാണാമായിരുന്നു. അമ്മയുടെ അനുഭവങ്ങളുടെ നേര്‍ സാക്ഷ്യം എന്നതു പോലെ ചന്ദ്രിക ദേവിയുടെ ‘അണയാത്ത കനല്‍ ഓര്‍മ്മകള്‍’ ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ മനസ്സില്‍ നീറി നില്‍ക്കുന്നു.
അണയാത്ത കനലോര്‍മ്മകള്‍
ചന്ദ്രിക ദേവി എം.
ഗ്രീന്‍ ബുക്‌സ്
രൂപ 220
ഫോണ്‍: 9496543389
















