ഇസ്ലാമിക ഭീകരവാദത്തെയും ജമാ അത്തെ ഇസ്ലാമി, പി എഫ് ഐ തുടങ്ങിയ വര്‍ഗീയവാദികളെയും വിമര്‍ശിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനൊപ്പം ഹിന്ദുക്കളെയും ആര്‍എസ്എസിനേയും വലിച്ചിഴയ്‌ക്കുന്ന പതിവാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പിന്തുടരുന്നത്. എന്നാല്‍ ഹിന്ദുക്കളെയും ആര്‍എസ്എസിനെയും വിമര്‍ശിക്കുമ്പോള്‍ മറ്റൊരു സംഘടനയുടെയോ മതങ്ങളുടെയോ പേര് ഇക്കൂട്ടര്‍ പരാമര്‍ശിക്കാറില്ല. സന്തുലനത്തിന് ശ്രമിക്കാതെ ആര്‍ എസ് എസിനെയും ഹിന്ദുക്കളെയും മാത്രമായിരിക്കും അവിടെ വിമര്‍ശിക്കുക. ‘ആര്‍ എസ് എസിന്റെ ഹിന്ദുത്വമല്ല യഥാര്‍ത്ഥ ഹിന്ദു’ വെന്നുള്ള പ്രസ്താവനയും ഇതോടൊപ്പം ചേര്‍ക്കുന്നതും പതിവാണ്. എന്നാല്‍ ‘നിങ്ങളുടെ ഇസ്ലാമല്ല യഥാര്‍ത്ഥ ഇസ്ലാമെന്നോ നിങ്ങളുടെ ഖുറാനല്ല യഥാര്‍ത്ഥ ഖുറാനെന്നോ’ ജമാ അത്തെ ഇസ്ലാമിയടക്കമുള്ള സംഘടനകളോട് പറയാനുള്ള ധൈര്യം അവര്‍ കാണിക്കാറില്ലയെന്നതാണ് യാഥാര്‍ഥ്യം. ജമാ അത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസിന് മറുപടിയുമായി സിപിഐ (എം) നേതാവ് എ.കെ ബാലന്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തിലെ പ്രകടനം കണ്ടപ്പോള്‍ ഇത്തരത്തില്‍ എന്തെങ്കിലുമൊക്കെ അദ്ദേഹം പറയുമോയെന്നാണ് ഉറ്റു നോക്കിയത്. എന്നാല്‍ അദ്ദേഹം പറഞ്ഞതാവട്ടെ ഞാന്‍ ‘ഈമാനുള്ള കമ്മ്യൂണിസ്റ്റാണെ’ന്നും ജയിലില്‍ പോകേണ്ടി വന്നാല്‍ ഖുര്‍ആന്‍ വായിച്ചു പൂര്‍ത്തിയാക്കുമെന്നുമാണ്. ലോകത്തെ എല്ലാ ജനങ്ങളെയും ഖുര്‍ആന്‍ വായിപ്പിക്കാന്‍ ശ്രമിക്കുന്ന, ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്താന്‍ പ്രവര്‍ത്തിക്കുന്ന ജമാ അത്തെ ഇസ്ലാമിയോടാണ് അദ്ദേഹം ഇത്തരത്തില്‍ പറഞ്ഞതെന്ന് ഓര്‍ക്കണം. വക്കീല്‍ നോട്ടീസ് അയച്ച് മുട്ട് കുത്തിക്കാന്‍ നോക്കിയ ജമാ അത്തെ ഇസ്ലാമിയുടെ മുമ്പില്‍ നിലത്തിഴയുന്ന പ്രകടനമായിരുന്നു സഖാവ് ബാലന്‍ കാഴ്ചവെച്ചത്. ചുരുക്കത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന് മുന്നില്‍ സമ്പൂര്‍ണ്ണമായി കീഴടങ്ങി ആ വിവാദത്തില്‍ നിന്നും അദ്ദേഹവും പാര്‍ട്ടിയും ഒളിച്ചോടുകയായിരുന്നു.
ഇതിന് ശേഷമാണ് കേരള മുസ്ലിം ജമാഅത്തിന്റെ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്ത് മുസ്ലിം ജനവിഭാഗത്തെ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ചില നീക്കങ്ങള്‍ നടത്തുന്നുവെന്ന് പ്രഖ്യാപിച്ചത്. ഇഷ്ട ഭക്ഷണം കഴിക്കുന്നതിന്റെയും ഇഷ്ട വസ്ത്രം ധരിക്കുന്നതിന്റെയും പേരില്‍ മനുഷ്യരെ വേട്ടയാടുന്നുവെന്നും വീടുകള്‍ ലക്ഷ്യമിട്ട് ബുള്‍ഡോസറുകള്‍ നീങ്ങുന്നുവെന്നും ഒരു മതത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങളെയും അസ്തിത്വത്തെയും മായ്ച്ചു കളയുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജമാ അത്തെ ഇസ്ലാമിയെപോലെ മുസ്ലീങ്ങളുടെ സുരക്ഷയില്‍ അതിയായ ശ്രദ്ധയാണ് തങ്ങള്‍ പുലര്‍ത്തുന്നതെന്ന് വിളിച്ചു പറയുകയായിരുന്നു അദ്ദേഹം.
എന്നാല്‍ സിപിഐ(എം), ഡി.വൈ.എഫ്.ഐ നേതാക്കന്മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ അമേരിക്കന്‍ വിരുദ്ധ സാമ്രാജ്യത്വ വിരുദ്ധ പ്രതിഷേധങ്ങള്‍ തന്നെ മുസ്ലിം സ്‌നേഹത്തിലെ ഇവരുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടുന്നു. വെനിസ്വേലയിലെ ഭരണത്തെ അട്ടിമറിച്ച് കമ്മ്യൂണിസ്റ്റ് നേതാവ് മഡുറോയെ പിടികൂടിയ അമേരിക്കന്‍ നടപടിയ്‌ക്കെതിരെ കമ്മ്യൂണിസ്റ്റുകള്‍ കേരളത്തിലെ തെരുവുകളില്‍ ആഞ്ഞടിച്ചു. എന്നാല്‍ ഇതേ അമേരിക്ക ഇറാനില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ ഇക്കൂട്ടര്‍ മൗനം പാലിക്കുകയാണ്. അമേരിക്കയ്‌ക്കെതിരെ ഒരു ചെറു വിരല്‍ പോലും ഇവരനക്കുന്നില്ല. മാത്രമല്ല, മൂവായിരത്തിലേറെ പൗരന്മാരെ കൊന്നു തള്ളിയതായി ഇറാനിലെ ഖൊമേനി ഭരണകൂടം തന്നെ ഔദ്യോഗികമായി സമ്മതിച്ചു. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഇത് പന്ത്രണ്ടായിരത്തിന് മുകളിലാണ്. പലസ്തീനില്‍ ഹമാസ് ഭീകരരും അവരെ പിന്തുണയ്‌ക്കുന്നവരും കൊല്ലപ്പെടുമ്പോഴും കശ്മീരില്‍ ഭീകരര്‍ കൊല്ലപ്പെടുമ്പോഴും വംശഹത്യയെന്ന് ആരോപിച്ചുകൊണ്ട് കേരളത്തില്‍ കണ്ണീരൊഴുക്കുകയും മെഴുകുതിരികള്‍ തെളിയിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റുകാരുമാണ് ഇറാന്‍ മുസ്ലിങ്ങളുടെ കൊലപാതകങ്ങളില്‍ ഇപ്പോള്‍ മൗനത്തിലായിരിക്കുന്നത്.
ഹമാസ് പുറത്ത് വിടുന്ന വ്യാജമരണ കണക്കുകള്‍ തൊണ്ട തൊടാതെ വിഴുങ്ങിയാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സുകള്‍ ഇക്കൂട്ടര്‍ നടത്തുന്നത്. എന്നാല്‍ ഇറാനില്‍ കൊല്ലുന്നതും കൊല്ലപ്പെടുന്നതും ഷിയ മുസ്ലിങ്ങളാണെന്നതാണ് കമ്മ്യൂണിസ്റ്റുകളുടെ മനുഷ്യാവകാശ ബോധവും മുസ്ലീം സ്‌നേഹവും ആവിയാവാന്‍ കാരണം. കേരളത്തിലെ സുന്നി മുസ്ലിം വോട്ട് മാത്രമാണ് കമ്മ്യൂണിസ്റ്റുകള്‍ക്കും അവരുടെ ബി ടീമായ കോണ്‍ഗ്രസ്സിനും വേണ്ടത്. അതുകൊണ്ടല്ലെ സുന്നികളായ ഹമാസുകാര്‍ക്ക് വേണ്ടി മാത്രം ഇക്കൂട്ടര്‍ കണ്ണീരൊഴുക്കുന്നത്. ബംഗ്ലാദേശില്‍ കൊല്ലപ്പെടുന്നത് ഹിന്ദുക്കളും ക്രൈസ്തവരും കൊല്ലുന്നത് സുന്നി മുസ്ലീങ്ങളുമാണ്. അതുകൊണ്ട് ബംഗ്ലാദേശി ഹിന്ദു-ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് വേണ്ടിയും ഇവരുടെ ശബ്ദമുയരില്ല. ചുരുക്കത്തില്‍ ബംഗ്ലാദേശിലെ ഹിന്ദു-ക്രൈസ്തവ ന്യൂനപക്ഷത്തെ കൊന്നു തള്ളുന്ന ജമാ അത്തെ ഇസ്ലാമിയുമായി കേരളത്തില്‍ തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടുന്ന കോണ്‍ഗ്രസും ബംഗ്ലാദേശിലെ ഹിന്ദു-ക്രൈസ്തവ വംശഹത്യയ്‌ക്കെതിരെ കണ്ണടയ്‌ക്കുന്ന കമ്മ്യൂണിസ്റ്റുകാരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഇന്‍ഡി സഖ്യത്തിന് വോട്ട് മാത്രമാണാവശ്യീ. അതുകൊണ്ട് തന്നെ വെനിസ്വേല വിഷയത്തില്‍ അമേരിക്കയ്‌ക്ക് എതിരെ നടത്തിയ പ്രതിഷേധത്തിന് സമാനമായി ഇറാന്‍ വിഷയത്തില്‍ അമേരിക്കയ്‌ക്ക് അനുകൂലമായി ജയ് വിളിക്കുവാനും അവര്‍ക്ക് മടിയുണ്ടാവില്ല.
ചൈനയിലെ ക്രൈസ്തവ വേട്ട കാണുന്നില്ലേ?
കേരള മുസ്ലിം ജമാഅത്തിന്റെ സമ്മേളനത്തില്‍ തന്നെ രാജ്യത്ത് ക്രൈസ്തവ വേട്ട വര്‍ധിക്കുന്നുവെന്നും ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാതെയായെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്. ക്രൈസ്തവര്‍ ലോകത്ത് ഏറ്റവും സുരക്ഷിതമായി കഴിയുന്ന ഭാരതത്തെ അപമാനിക്കുന്ന പ്രചരണമാണ് മുഖ്യമന്ത്രിയും കൂട്ടരും കേവലം വോട്ടിനായി നടത്തുന്നതെന്നാണ് വാസ്തവം. രാജ്യത്തെ ഹിന്ദുക്കളെയും ക്രൈസ്തവരെയും പരസ്പരം ഭിന്നിപ്പിക്കാന്‍ ഇസ്ലാമിക ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സമാനമാണിത്. മണിപ്പൂരിലെ ഗോത്രങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷങ്ങള്‍ പോലും ഹിന്ദു-ക്രൈസ്തവ സംഘര്‍ഷമായി കേരളത്തില്‍ ഇക്കൂട്ടര്‍ അവതരിപ്പിച്ചിരുന്നു. ഇതിനായി ജമാഅത്ത് ഇസ്ലാമി, പിഎഫ്‌ഐ, മുസ്ലീം ലീഗ് പോലെയുള്ള വര്‍ഗ്ഗീയ സംഘടനകളുടെ അജണ്ടകള്‍ പ്രചരിപ്പിക്കുന്ന യന്ത്രങ്ങളായി കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് നേതാക്കള്‍ മാറി. ലോകത്തിന്റെ പലഭാഗങ്ങളില്‍ പ്രത്യേകിച്ച് യൂറോപ്പില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ പോലും സമാധാനപരമായി നടത്തുവാന്‍ ക്രൈസ്തവ സമൂഹത്തിന് സാധിക്കുന്നില്ലയെന്ന യാഥാര്‍ഥ്യം ഇവര്‍ വിസ്മരിക്കുന്നു. മുസ്ലീങ്ങളുടെ അക്രമത്തെ ഭയന്ന് ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ കോടികള്‍ ഒഴുക്കി സുരക്ഷയൊരുക്കിയാണ് ക്രിസ്തുമസ് ആഘോഷങ്ങള്‍ നടത്തുന്നത്. ബംഗ്ലാദേശിലും പാകിസ്ഥാനിലും ആഫ്രിക്കയിലുമടക്കം ക്രൈസ്തവര്‍ ഇസ്ലാമിക തീവ്രവാദികളുടെ വേട്ടയാടലിന് വിധേയരാവുന്നു. ഇതൊക്കെ മറന്നാണ് ഭാരതത്തിലെ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ശ്രമിക്കുന്നത്.
കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന ഇന്നത്തെ ചൈനയുടെ കാര്യം തന്നെയെടുക്കാം. ചൈനയില്‍ ഷി ഭരണകൂടം പള്ളികള്‍ തകര്‍ക്കുകയും പുരോഹിതരെ ജയിലിലടയ്‌ക്കുകയും ചെയ്യുമ്പോള്‍ ഇസ്രായേലിനെയും അമേരിക്കയേയും ഭാരതത്തെയും വിമര്‍ശിക്കുന്ന, മനുഷ്യാവകാശത്തിന്റെ കുത്തകാവകാശം കൈവശം വച്ചിരിക്കുന്നവരായി നടിക്കുന്ന സഖാക്കള്‍ നിശബ്ദരാവുകയാണ്. വളരെക്കാലമായി ക്രൈസ്തവര്‍ ആരാധന നടത്തിയിരുന്ന യായാങ് ക്രൈസ്തവ ദേവാലയം കഴിഞ്ഞ ദിവസം ഷി ഭരണകൂടം തകര്‍ത്തിരുന്നു. പള്ളിയുടെ കുരിശും മേല്‍ക്കൂരയും ബുള്‍ഡോസറുകളുപയോഗിച്ച് പൊളിച്ചുമാറ്റുന്നതും അധികാരികള്‍ പ്രദേശം അടച്ചുപൂട്ടുന്നതും സമീപവാസികളെ ഒഴിപ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. പള്ളികള്‍ക്ക് മുകളില്‍ ചൈനയുടെ ദേശീയ പതാകയുയര്‍ത്താന്‍ നിര്‍ബന്ധിക്കുകയും ക്രിസ്തുവിന്റെ ചിത്രങ്ങള്‍ മാറ്റി പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ ചിത്രങ്ങള്‍ സ്ഥാപിച്ചതാണ് ഏറ്റവും വിവാദപരമായ നടപടികള്‍. ഇതിന് പുറമെ കുട്ടികള്‍ക്കായി നടത്തിയിരുന്ന ഓണ്‍ലൈന്‍ മത പഠനം തുടരുന്നതില്‍ നിന്ന് ക്രൈസ്തവ പുരോഹിതന്മാരെയും ഷി ഭരണകൂടം വിലക്കി. 2025 ഡിസംബറില്‍ വെന്‍ഷൗവില്‍ ഏകദേശം നൂറ് ക്രൈസ്തവരെ അറസ്റ്റ് ചെയ്തു. ഈ വര്‍ഷം ജനുവരിയില്‍ മധ്യ ചൈനയിലെ ചെങ്ഡുവിലെ പള്ളിയില്‍ പോലീസ് റെയ്ഡ് നടത്തി ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തു. 2015 മുതല്‍ തന്നെ ചൈനീസ് ഭരണകൂടം ഈ അജണ്ട നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി എല്ലാ മത വിശ്വാസികളുടെ മേലും നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കിയിരുന്നു. മതങ്ങളെയും വിശ്വാസങ്ങളെയും കീഴ്‌പ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന നയത്തിന്റെ ഉത്പന്നങ്ങളാണ് ചൈനയില്‍ നിന്നും പുറത്തു വരുന്നത്. എന്നാല്‍ മത സ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്വന്തം രാജ്യത്തിനെതിരെ കുപ്രചരണം നടത്തുന്ന കമ്മ്യൂണിസ്റ്റുകാര്‍ ചൈനയിലരങ്ങേറുന്ന ധ്വംസനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
ഏതൊരു സംഭവവും തങ്ങളുടെ ആശയ പ്രചാരണത്തിന് ഉപയോഗിക്കുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. രാഷ്‌ട്രീയ പാര്‍ട്ടിയെക്കാളും പ്രത്യയശാസ്ത്രത്തേക്കാളുപരിയായി ഒരു കുപ്രചരണ സംഘടന സംവിധാനമാണത്. പാവങ്ങളുടെയും ദാരിദ്രരുടെയും പേരില്‍ കള്ളത്തരം പ്രചരിപ്പിച്ച് അധികാരം കൈക്കലാക്കി രാജ്യത്തിന്റെ സ്വത്തുക്കള്‍ കൈവശപ്പെടുത്തിയും ജനങ്ങളെ അടിച്ചമര്‍ത്തിയും സുഖലോലുപരായി ജീവിക്കുകയാണ് ലോകത്തെമ്പാടും ഇക്കൂട്ടര്‍ ചെയ്യുന്നത്. ഇതിന്റെ ഒരു ഭാഗമാണ് വെനിസ്വേലയിലും കേരളത്തിലും ഇപ്പോള്‍ അവസാനമായി ശബരിമലയിലും നാം കാണുന്നത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ഭീക്ഷണിയായ വികസനത്തിനും പുരോഗതിയ്‌ക്കും വിഘാതമായ കമ്മ്യൂണിസ്റ്റുകളെ തമസ്‌കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മനുഷ്യ വികസന സൂചികയില്‍ ഏറെ മുന്നിലുള്ള കേരളീയര്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും കാലഹരണപ്പെട്ട ഈ ആശയത്തെ തലയില്‍ ചുമക്കുന്നത് ഏറെ ആശ്ചര്യമുളവാക്കുന്നു.
















