സിനിമയുടെ പേരിൽ മാത്രമല്ല, വ്യക്തി ജീവിതത്തിന്റെ പേരിലും നടൻ വിജയ് ദേവരകൊണ്ട വാർത്തകളിൽ നിറയുന്ന പതിവുണ്ട്. തെന്നിന്ത്യൻ സിനിമയുടെ ഹരമായ നടി രശ്‌മിക മന്ദാനയുമായുള്ള വിവാഹനിശ്ചയത്തിന്റെ പേരിൽ ദേവരകൊണ്ട വീണ്ടും വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞിരുന്നു. രശ്‌മിക മരുമകളായി കാലെടുത്തു വയ്‌ക്കുന്ന വീടിന്റെ പ്രത്യേകതകളും വൈറലാണ് . കൊട്ടാരസദൃശമായ ‘ദേവരകൊണ്ട ഹൗസ്’ ഹൈദരാബാദിലെ ജൂബിലീ ആൻഡ് ബഞ്ചാര കുന്നുകളിൽ വ്യാപിച്ചു കിടക്കുന്നു. അലങ്കാരങ്ങളുടെയും കലയുടെയും അങ്ങേയറ്റത്തെ ഉദാഹരണമായി ഈ വീട് ചൂണ്ടിക്കാട്ടപ്പെടുന്നു.
അല്ലു അർജുൻ, മഹേഷ് ബാബു, ചിരഞ്ജീവി, അക്കിനേനി നാഗാർജുന തുടങ്ങിയ താരങ്ങളുടെ അയല്പക്കത്താണ് ദേവരകൊണ്ടയുടെ താമസം. ആധുനികതയ്‌ക്കൊപ്പം സാങ്കേതിക മികവും മുറ്റിനിൽക്കുന്ന വീടാണ് ദേവരകൊണ്ടയുടേത്. അടുക്കള, ഡ്രോയിങ് റൂം, എന്റർടൈൻമെന്റ് റൂം എന്നിങ്ങനെ ഡിസൈൻ വൈവിധ്യം നിറഞ്ഞതാണ് ഈ വീടിനുള്ളിലെ ഓരോ മുറിയും
മിനിമലിസ്റ്റ് ഡിസൈനിലാണ് ഈ വീടിന്റെ ബെഡ്റൂം ചെയ്തിട്ടുള്ളത്. ഉള്ളിലെ ഹെഡ്ബോർഡ് ദേവരകൊണ്ടയുടെ താൽപ്പര്യങ്ങൾക്ക് അനുയോജ്യമാണ്. ഇവിടുത്തെ തടികൊണ്ടുള്ള നിലം, ന്യൂട്രൽ, വാം ടോണുകളെ പ്രതിനിധീകരിക്കുന്നു. ഫ്രഞ്ച് വിൻഡോകളാണ് ഈ മുറിയിലെ എടുത്തുപറയേണ്ട മറ്റൊരു ഘടകം.
.ഈ വീടിന്റെ ഒരു പ്രധാന ഇടമാണ് അടിസ്ഥാന സൗകര്യങ്ങളും ആധുനികതയും നിറയുന്ന മോഡുലർ കിച്ചൻ. ഇതിന്റെ തുറന്ന പശ്ചാത്തലം വീടിന്റെ മൊത്തത്തിലെ സൗന്ദര്യശാസ്ത്രവുമായി ഭംഗിയായി ഇടകലരുന്നു. ഇവിടുത്തെ ക്യാബിനറ്റ്, ചിമ്മിനി തുടങ്ങി മറ്റെല്ലാ ഘടകങ്ങളും വീടുമായി ഇണങ്ങുന്ന വിധമാണുള്ളത്
കാലെടുത്തു വച്ച നിമിഷം തന്നെ ഈ വീടിന്റെ ആഡംബരം ഒരാൾക്ക് അനുഭവിച്ചറിയാൻ സാധിക്കും. ആദ്യം തോന്നുന്ന മതിപ്പ് തന്നെയാകും അവസാനത്തേതും എന്ന കാഴ്ചപ്പാടിന് എന്തുകൊണ്ടും ചേരുന്ന വീടാണിത്. ഈ വീട്ടിലെ തടികൊണ്ടുള്ള ഗേറ്റും വീടിന്റെ ലളിതമായ ഡിസൈനുകളും മുഖ്യാകർഷണമാണ്. വീടിനു ചുറ്റുമുള്ള പച്ചപ്പാണ് മറ്റൊരു ആകർഷണീയത
















