എച്ച്എസ് വിഭാഗം മലപ്പുലയാട്ടത്തില്‍ ചുവടുപിഴയ്‌ക്കാതെ മൂന്നാര്‍ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍. മറയൂരിലെ മലപ്പുലയ സമുദായക്കാരുടെ പാരമ്പര്യനൃത്തമാണ് മലപ്പുലയാട്ടം. കുലദൈവമായ മധുരൈ മീനാക്ഷി അമ്മയെ പ്രീതിപ്പെടുത്താനുള്ള നൃത്തമാണിത്. കൂടാതെ ജനനം, മരണം, വിവാഹം, തിരണ്ടുകല്യാണം എന്നീ വിശേഷ ദിവസങ്ങളിലും ആട്ടമുണ്ടാകും. ഇതില്‍ പാട്ടിന്റെ അകമ്പടിയില്ല. കട്ട, കിടുമിട്ടി, ചിലങ്ക എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആണും പെണ്ണും ചേര്‍ന്ന് ആടുകയാണ് പതിവ്.
മാരിയമ്മന്‍, കാളിയമ്മന്‍, കറുപ്പുസ്വാമി എന്നീ തങ്ങളുടെ ദൈവങ്ങളെ പ്രീതിപ്പെടുത്താനും ഈ നൃത്തമാടുന്നു. ഗോത്രകലകളെ കലോത്സവ ഭാഗമാക്കിയതോടെ കഴിഞ്ഞ വര്‍ഷം മുതലാണ് മലപ്പുലയാട്ടവും മത്സരയിനത്തില്‍ ഇടംപിടിച്ചത്. ഇത്തവണ 16 ടീമാണ് മത്സരിക്കാനെത്തിയത്.
മൂന്നാര്‍ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ മധുവര്‍ണന്‍, രാഗേഷ്, കേശവ്, അനന്ദു അനില്‍, എന്‍. കാര്‍ത്തിക്, എസ്. അഭിഷേക്, ജി. ആദിത്യ, നന്ദുക്കുട്ടന്‍, യു. അഭിനാഥ്, വി. വിനോദ്, എസ്. നിധീഷ്, ഹൃതിക് റോഷന്‍ എന്നിവര്‍ മലപ്പുലയ വിഭാഗത്തില്‍ നിന്നുള്ളവരാണ്. സ്‌കൂളിലെ അദ്ധ്യാപിക അഞ്ജു കൃഷ്ണയുടെ നേതൃത്വത്തില്‍ നാട്ടുകാരും പരമ്പരാഗത കലാകാരന്മാരുമായ മലപ്പുലയാട്ടം ഗണേശന്‍, കണ്ണന്‍, അനിക്കുട്ടന്‍ എന്നിവരാണ് പരിശീലകര്‍.
















