രാജ്യത്തെ ഏറ്റവും ചെറിയ നിയമസഭയാണ് മുപ്പത് അംഗങ്ങള്‍ മാത്രമുള്ള പുതുച്ചേരിയുടേത്. എങ്കിലും ബിജെപിയെ സംബന്ധിച്ച് തെക്കേ ഇന്ത്യയിലെ അതിന്റെ രാഷ്‌ട്രീയ പരീക്ഷണശാലയുടെ കേന്ദ്രമായി ഈ പ്രദേശം മാറിയിട്ടുണ്ട്. നിര്‍ണ്ണായക രാഷ്‌ട്രീയ ശക്തിയായി മാറാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത കര്‍ണ്ണാടക ഒഴികെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ആകമാനമായുള്ള ഗൗരവമേറിയ രാഷ്‌ട്രീയ പരീക്ഷണങ്ങള്‍ ഇവിടെ നടക്കുന്നു. അതുകൊണ്ടുതന്നെ, രാഷ്‌ട്രീയ വിദ്യാര്‍ത്ഥികള്‍ ഏറ്റവും ശ്രദ്ധയോടെ നിരീക്ഷിക്കുന്ന തെരഞ്ഞെടുപ്പുകളിലൊന്നായിരിക്കും പുതുച്ചേരി.
സവിശേഷ ഭൂമിശാസ്ത്രം
വിടവുകളില്ലാതെ തുടര്‍ച്ചയില്‍ വരച്ചിടാവുന്ന ഒരു ഭൂമിശാസ്ത്രമല്ല നാല് ചെറിയ ജില്ലകള്‍ ഉള്‍പ്പെടുന്ന പുതുച്ചേരിയുടേത്. തമിഴ് നാടിന്റെ ഭൂപ്രദേശങ്ങള്‍ക്ക് ഇടയിലാണ് പുതുച്ചേരി, കാരക്കല്‍ എന്നീ ജില്ലകള്‍. പത്തിലധികം ചെറുപോക്കറ്റുകളായി വേറിട്ട് കിടക്കുന്ന പ്രദേശങ്ങളാണ് പുതുച്ചേരി ജില്ലയില്‍ ഉള്‍പ്പെടുക; അതേസമയം, കാരക്കല്‍ ജില്ല ഒരു തുടര്‍ച്ചയുള്ള ഭൂഭാഗമാണ്. കാരക്കല്‍ പോലെ തുടര്‍ച്ചയുള്ളതാണ് ആന്ധ്രാപ്രദേശിന്റെ ഭൂപരിധിക്കുള്ളിലായി സ്ഥിതിചെയ്യുന്ന യാനം ജില്ലയും. ഇതുവരെ പരാമര്‍ശിച്ച മൂന്ന് ജില്ലകളും ബംഗാള്‍ ഉള്‍ക്കടലിന് തീരം ചേര്‍ന്നോ സമീപത്തോ ആയപ്പോള്‍, അറബിക്കടലിന്റെ തീരത്ത്, ഏഴ് പോക്കറ്റുകളായി വിഭജിക്കപ്പെട്ട മാഹി കേരളത്തിന്റെ ഭൂപരിധികളാല്‍ ചുറ്റപ്പെട്ട ചെറുജില്ലയാണ്. ചുരുക്കത്തില്‍, മൂന്ന് സംസ്ഥാനങ്ങളുടെ ഭൂപരിധിക്കുള്ളിലായി ഇടവിട്ട് സ്ഥിതിചെയ്യുന്ന നാല് ജില്ലകളാണ് പുതുച്ചേരി. കൊളോണിയല്‍ കാലഘട്ടത്തില്‍ ഫ്രാന്‍സിന്റെ അധീനതയില്‍ ഉണ്ടായിരുന്ന പ്രദേശങ്ങള്‍ ചേര്‍ന്നതാണ് ഇന്നത്തെ പുതുച്ചേരി. 1954ല്‍ ഭാരതം ഈ പ്രദേശങ്ങളില്‍ പരമാധികാരം സ്ഥാപിച്ചെങ്കിലും, 1962-ലാണ് ഫ്രഞ്ച് സര്‍ക്കാര്‍ അത് നിയമപരമായി അംഗീകരിച്ചത്.
സാംസ്‌കാരികത്തനിമ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടവിട്ട ഭൂപ്രദേശങ്ങളെ ഭരണപരമായ ഒരു യൂണിറ്റായി സംഘടിപ്പിച്ചത്. മൂന്ന് സംസ്ഥാനങ്ങളുടെ ഭൂപരിധിക്കുള്ളില്‍, പ്രാദേശിക സംസ്‌കാരത്തോടൊപ്പം ഫ്രഞ്ച് പെരുമാറ്റരീതികളും ചേര്‍ന്നുണ്ടാകുന്ന പുതുച്ചേരിയുടെ സംസ്‌കൃതി, രാജ്യത്തിന്റെ വൈവിധ്യശോഭയിലെ തിളക്കമുള്ള ഏടാണ്.
പാന്‍ ഇന്ത്യന്‍ രാഷ്‌ട്രീയ ചിന്തകള്‍
മാഹി, യാനം എന്നീ ജില്ലകള്‍ക്ക് ഓരോന്ന് വീതം നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ശേഷിക്കുന്ന 28 മണ്ഡലങ്ങള്‍ തമിഴ് നാടിനാല്‍ ചുറ്റപ്പെട്ട രണ്ട് ജില്ലകളിലായി വിന്യസിക്കപ്പെട്ടിരിക്കുന്നു (പുതുച്ചേരി: 23, കാരക്കല്‍: 5). അതിനാല്‍, പുതുച്ചേരിയിലെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലെ പ്രതിഫലനങ്ങളെ, തമിഴ്നാടിന്റെ രാഷ്‌ട്രീയഗതിമാറ്റങ്ങളെ പ്രത്യേകമായി വായിച്ചറിയുന്നതിനുള്ള സൂക്ഷ്മ സൂചികയായും ഉപയോഗപ്പെടുത്താനാകും.
ദ്രാവിഡ ശക്തികള്‍ക്കൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടിക്കും തുല്യ പങ്കാളിത്തമുള്ളതായിരുന്നു പുതുച്ചേരിയുടെ പരമ്പരാഗത രാഷ്‌ട്രീയം. ഈ അവസ്ഥക്ക് നിര്‍ണ്ണായക ഇളക്കം തട്ടിയത് 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ്. എന്‍. രംഗസാമി എന്ന മുന്‍ മുഖ്യമന്ത്രിയും അനുയായികളും പാര്‍ട്ടി വിട്ടതോടെ, പുതുച്ചേരിയിലെ കോണ്‍ഗ്രസ് സംഘടനാസംവിധാനം ആടിയുലഞ്ഞു. സങ്കീര്‍ണ്ണമായ മുന്നണിബന്ധങ്ങളുടെ നിയന്ത്രണാധികാരം വീണ്ടെടുക്കാന്‍ ആവശ്യമായ രാഷ്‌ട്രീയ ഇച്ഛാശക്തിയും സംഘടനാപാടവവും പിന്നീട് കോണ്‍ഗ്രസിന് ഉണ്ടായിരുന്നില്ല. ഈ സന്ദര്‍ഭത്തില്‍, കോണ്‍ഗ്രസിന്റെ സമീപകാല സംഘടനാ സംവിധാനത്തെ മുന്‍കാല ഘടനകളില്‍ നിന്ന് വ്യത്യസ്തമായി വിലയിരുത്തേണ്ടതുണ്ട്. ജനങ്ങളുമായി ആഴത്തില്‍ ബന്ധമുള്ള സംസ്ഥാന നേതൃത്വവും, അതിനൊപ്പം ശക്തവും കേന്ദ്രീകൃതവുമായ ഹൈക്കമാന്‍ഡ് സംവിധാനവും എന്നതായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യകാല സംഘടനാരൂപം. പിന്നീട് ഏകദേശമായി രണ്ടായിരാമാണ്ടിനുശേഷം പ്രാഥമികമായി ക്ഷയിച്ചുപോയത് കേന്ദ്ര നേതൃത്വത്തിന്റെ രാഷ്‌ട്രീയ ഇച്ഛാശക്തിയായിരുന്നു. ഈ സാഹചര്യത്തിന്റെ സ്വാഭാവിക പരിണാമമായാണ് ജനസ്വീകാര്യതയുള്ള സംസ്ഥാന നേതൃത്വങ്ങള്‍ ‘ഹൈക്കമാന്‍ഡ്’ വിലയിരുത്തലുകളില്‍ അസ്വീകാര്യമായി മാറിത്തുടങ്ങിയത്. അതിന്റെ തുടര്‍ച്ചയായി പിളര്‍ന്നുപോകുന്ന ഗ്രൂപ്പുകള്‍ പാര്‍ട്ടിയുടെ ജനകീയ അടിത്തറയെ ഒപ്പം കൊണ്ടുപോകുന്ന പ്രവണത, കോണ്‍ഗ്രസില്‍ രാഷ്‌ട്രീയ തുടര്‍ച്ചയായി മാറിയിട്ടുണ്ട്. ഇതിന്റെ ഉദാഹരണങ്ങളില്‍ ഒന്ന് മാത്രമാണ് പുതുച്ചേരി അനുഭവങ്ങള്‍.
രംഗസാമി രൂപീകരിച്ച പുതിയ പാര്‍ട്ടിയും (ഓള്‍ ഇന്ത്യ എന്‍.ആര്‍. കോണ്‍ഗ്രസ്) അണ്ണാ ഡിഎംകെയും ചേര്‍ന്ന സഖ്യത്തിന് മുന്നില്‍ 2011ല്‍ കോണ്‍ഗ്രസ് വലിയ പരാജയം ഏറ്റുവാങ്ങി. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം 2016ല്‍ തിരിച്ചുവരവ് നടത്തിയെങ്കിലും, അടുത്ത തെരഞ്ഞെടുപ്പിന് (2021) മുന്‍പായി നല്ലൊരു വിഭാഗം എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെ മന്ത്രിസഭ വീണു. കൂറുമാറ്റം ഒരേസമയം അരാഷ്‌ട്രീയവും രാഷ്‌ട്രീയവും ആകുമ്പോള്‍ ഇവിടെ ‘കൂറുമാറ്റം’ എന്ന വിഷയത്തെ ശുദ്ധമായ നൈതിക കുറ്റപ്പെടുത്തലായി മാത്രം വായിക്കുന്നത് അപര്യാപ്തമാണ്. ജനങ്ങള്‍ രാഷ്‌ട്രീയ നിലപാടുകളില്‍ യുക്തിപരമായ മാറ്റങ്ങള്‍ വരുത്തുന്നു; അതാണ് ജനാധിപത്യത്തിന്റെ തുടര്‍ച്ചയും പുതുക്കലും. ഇത്തരം ജനകീയ മാറ്റങ്ങളെ ഭരണത്തിന്റെ ഘടനയിലും നയങ്ങളിലും പ്രതിഫലിപ്പിക്കുന്നതിനായാണ് ക്ലിപ്തമായ ഇടവേളകളില്‍ സ്വതന്ത്രമായി തെരഞ്ഞെടുപ്പുകള്‍ നടത്തപ്പെടുന്നത്.
ജനമനസ്സിന്റെ ആദ്യ സൂചനകള്‍ പലപ്പോഴും രാഷ്‌ട്രീയത്തെ പ്രൊഫഷണലായി വായിക്കുന്ന നേതാക്കളിലൂടെയാണ് പ്രകടമാകുന്നത്. ജനപ്രതിനിധികള്‍ കൂറുമാറ്റ നിയമത്തിന്റെ (1985) പരിധിക്കുള്ളിലാണ് പ്രവര്‍ത്തിക്കുന്നത്. അത്തരം മാറ്റങ്ങളെ രാഷ്‌ട്രീയമായി വിലയിരുത്തി വിധികല്‍പ്പിക്കേണ്ടത് ജനങ്ങളാണ്. ചില സന്ദര്‍ഭങ്ങളില്‍ കൂറുമാറ്റങ്ങള്‍ ജനഹിത പ്രകാരവും ജനാധിപത്യത്തിന്റെ ചലനാത്മകതയ്‌ക്ക് ആവശ്യവുമായേക്കാം. ഇക്കാര്യത്തില്‍ വൈകാരികമായ മൂല്യനിര്‍ണ്ണയമല്ല, വസ്തുതാപരമായ വിശകലനബുദ്ധിയാണ് രാഷ്‌ട്രീയ വിദ്യാര്‍ത്ഥികള്‍ പ്രയോഗിക്കേണ്ടത്.
പലപ്പോഴും കൂറുമാറ്റത്തിന്റെ വ്യക്തിഗത പ്രേരണകള്‍ രാഷ്‌ട്രീയപരിധിക്ക് പുറത്താണെങ്കിലും, അതിന്റെ പശ്ചാത്തലം രാഷ്‌ട്രീയ പ്രാധാന്യമുള്ളതായിരിക്കും. വര്‍ത്തമാനകാല രാഷ്‌ട്രീയം: ഘടനാപരമായ മാറ്റങ്ങളുടെ ഘട്ടം പുതുച്ചേരിയെ സംബന്ധിച്ച് 2021 കാലഘട്ടത്തെ, രാഷ്‌ട്രീയത്തിലെ ഘടനാപരവും നയപരവുമായ മാറ്റത്തിന്റെ സന്ദര്‍ഭമെന്ന നിലയില്‍ പ്രാഥമികമായി വിലയിരുത്തേണ്ടിവരും. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തവണത്തേതില്‍ നിന്ന് വര്‍ധിച്ചത് പന്ത്രണ്ട് ശതമാനം വോട്ടാണ്. കേവലം രണ്ട് ശതമാനം വോട്ടുണ്ടായിരുന്ന ബിജെപി, അതോടെ സംസ്ഥാനത്തെ നിര്‍ണ്ണായക രാഷ്‌ട്രീയ ശക്തിയായി. ഇതിനര്‍ത്ഥം, തെരഞ്ഞെടുപ്പിന് ഏകദേശം രണ്ട് മാസം മുന്‍പുണ്ടായ കൂറുമാറ്റത്തെ ജനങ്ങള്‍ രാഷ്‌ട്രീയ അധാര്‍മ്മികതയായി വിലയിരുത്തിയില്ലെന്നതാണ്. ഇതിന്റെ ദീര്‍ഘകാല തുടര്‍ച്ചയിലുള്ള ജനകീയ വിലയിരുത്തലിന് പ്രസക്തി ഏറെയാണ്. വിശേഷിച്ചും, ബിജെപി ഉള്‍പ്പെടുന്ന മുന്നണിയുടെ അഞ്ചുവര്‍ഷ ഭരണത്തിനുശേഷമാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നതുകൊണ്ട്.
നിലവിലെ ചിത്രം പരിശോധിച്ചാല്‍, ഓള്‍ ഇന്ത്യ എന്‍.ആര്‍. കോണ്‍ഗ്രസ്, ഡി.എം.കെ എന്നീ ദ്രാവിഡ ശക്തികളും, ബിജെപി, കോണ്‍ഗ്രസ് എന്നീ ദേശീയ ശക്തികളും തമ്മില്‍ ഗണ്യമായ വ്യത്യാസം രാഷ്‌ട്രീയ സ്വാധീനത്തില്‍ ഇല്ല. വോട്ടുവിഹിതത്തില്‍ ഒന്നാമതായ ഓള്‍ ഇന്ത്യ എന്‍.ആര്‍. കോണ്‍ഗ്രസും നാലാമതായ ബിജെപിയും ഒരുവശത്ത്; മറുവശത്ത് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ഡി.എം.കെയും കോണ്‍ഗ്രസും. ഇങ്ങിനെയാകും
പുതുച്ചേരിയിലെ മത്സരചിത്രം രൂപപ്പെടുക. അത്യന്തം മുറുക്കമേറിയതാണ് ഈ രാഷ്‌ട്രീയ തട്ടകം. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ രാഷ്‌ട്രീയത്തിലേക്കുള്ള പല സൂചനകളും ഉള്‍ച്ചേര്‍ന്നിരിക്കുന്ന പുതുച്ചേരി തെരഞ്ഞെടുപ്പിനെ രാഷ്‌ട്രീയലോകം നോക്കിക്കാണുന്നത് കേവലം മുപ്പത് സീറ്റുകളില്‍ ഒതുങ്ങുന്ന ഒന്നായി മാത്രമല്ല. തെന്നിന്ത്യയുടെ സങ്കീര്‍ണ്ണമായ രാഷ്‌ട്രീയ മനസ്സിന്റെ സൂചനയായി പുതുച്ചേരി ഫലം വായിക്കപ്പെടും.
നാളെ: തമിഴ്‌നാട്: ദക്ഷിണേന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ ആശയ തറവാട്











