തൃശൂര്‍: സ്‌കൂള്‍ കലോത്സവത്തില്‍ പെണ്‍കുട്ടികളുടെ ഹയര്‍സെക്കന്‍ഡറി വിഭാഗം നാടോടിനൃത്തം. അരങ്ങില്‍ കണ്ണൂര്‍ മട്ടന്നൂര്‍ എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥി വിനയനന്ദ. തമ്പ്രാക്കളുടെ ബാലവേലയില്‍ നിന്നു രക്ഷിക്കാന്‍ ചകിരിക്കിടയില്‍ ഒളിപ്പിച്ച കുഞ്ഞ് മരിച്ച ചീരുവിന്റെ വിലാപം വിനയനന്ദ അവതരിപ്പിക്കുമ്പോള്‍ അമ്മ ലാലിയുടെ ഉള്ളുപിടഞ്ഞു.താന്‍ കടന്നുപോയ തീഷ്ണ കാലം ഒരു കൊള്ളിയാനായി മനസില്‍ മിന്നി. മകള്‍ക്ക് എ ഗ്രേഡ് പ്രഖ്യാപിച്ചപ്പോള്‍ ലാലി വിതുമ്പി, പക്ഷേ, കണ്ണീര്‍ മകള്‍ കാണാതിരിക്കാന്‍ഏറെ പണിപ്പെട്ടു ആ അമ്മ…
മട്ടന്നൂര്‍ നെല്ലൂണി പാറമേല്‍ ഹൗസില്‍ ലാലിക്ക് ഖാദിയില്‍ നൂല്‍ നൂല്‍ക്കലാണ് ജോലി. ടൈല്‍സിന്റെ പണിയായിരുന്ന ഭര്‍ത്താവ് വിജേഷ് രോഗബാധിതനാണ്. വിജേഷിന്റെ ചികിത്സയും വിനയനന്ദയുടെയും സഹോദരന്‍ വിഷ്ണുവിന്റെയും പഠനവും ലാലിയുടെ വരുമാനത്തിലായി. പലപ്പോഴും പണിയില്ലാത്ത നാളുകള്‍. മൂന്നാം വയസില്‍ തുടങ്ങിയ വിനയനന്ദയുടെ നൃത്തപഠനം ആറാം ക്ലാസില്‍ അവസാനിപ്പിക്കേണ്ടി വന്നു.പക്ഷേ ലാലിയുടെ നിശ്ചയദാര്‍ഢ്യത്തില്‍ ജീവിതത്തിന് നിറം വച്ചു. അസുഖം മാറിയ വിജേഷ് പെട്രോള്‍ പമ്പില്‍ ജോലിക്ക് പോയിത്തുടങ്ങി. വിനയനന്ദ വീണ്ടും ചുവടുവച്ചു. നൃത്താധ്യാപിക ഐശ്വര്യ സൗജന്യമായാണ് പഠിപ്പിക്കുന്നത്. കലോത്സവത്തില്‍ ആദ്യമായി പങ്കെടുത്ത സിംഗിള്‍ ഇനത്തില്‍ നേടിയ എ ഗ്രേഡാണ് വിനയനന്ദയുടെ ഗുരുദക്ഷിണ.
















