തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സിപിഐ നേതാവുമായ കെ.പി ശങ്കരദാസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഡോക്ടറുടെ തീരുമാനമനുസരിച്ച് ആശുപത്രി മാറ്റം നടക്കും. കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി പി എസ് മോഹിത് സ്വകാര്യ ആശുപത്രിയിലെത്തിയാണ് ശങ്കരദാസിനെ റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ചികിത്സയില്‍ കഴിയുന്ന കെ പി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.സി പി എം നേതാവ് എ പത്മകുമാര്‍ പ്രസിഡന്റായ ഭരണസമിതിയിലെ സിപിഐ പ്രതിനിധിയായിരുന്നു. ശങ്കരദാസ്. എഐടിയുസി നേതാവാണ്. പക്ഷാഘാതത്തിന് ചികിത്സയിലുളള ശങ്കരദാസ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി അബോധവസ്ഥയിലാണെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.തെളിവായി ഫോട്ടോകളും ചികിത്സാ രേഖകളും ഹാജരാക്കി.
അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കെ പി ശങ്കരദാസിനെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു ശങ്കരദാസ്. മുറിയിലേക്കു മാറ്റിയതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വകാര്യ ആശുപത്രിയില്‍നിന്ന് മാറ്റുന്നതടക്കം കോടതി നിര്‍ദേശ പ്രകാരം തീരുമാനിക്കും.
















