തൃശൂര്‍: എച്ച് എസ് വിഭാഗം ഭരതനാട്യത്തിന്റെ ഫലം വന്നപ്പോള്‍ അദ്വൈത് ആദ്യം ഓടിയത് അമ്മ സുധയുടെ അടുത്തേക്കാണ്. അമ്മയെ കണ്ടപ്പോള്‍ അവന്റെ കണ്ണുനിറഞ്ഞു. അമ്മയുടെ കൈ പിടിച്ചു. പോട്ടെടാ സാരമില്ല, എ ഗ്രേഡ് കിട്ടിയില്ലേ, എന്ന് പറഞ്ഞ് സുധ ചേര്‍ത്ത് നിര്‍ത്തി. സുധയുടെ കയ്യില്‍ കിടന്ന ഒരു പവന്‍ വള പണയം വച്ച പൈസയുമായാണ് കലോത്സവത്തിന് വണ്ടികയറിയത്.
പാലക്കാട് കൊടുവായൂര്‍ ജിഎച്ച്എസ്എസിലെ പത്താം ക്ലാസുകാരനാണ് അദ്വൈത്. അച്ഛന്‍ രമേശ് കുമാര്‍ ഫോട്ടോഗ്രാഫറാണ്. സുധ ബ്യൂട്ടീഷ്യനും ‘ വല്ലപ്പോഴുമുള്ള കല്യാണ വര്‍ക്കുകളാണ് വരുമാനം. വീടിന് തറ കെട്ടിയിട്ടിട്ട് വര്‍ഷങ്ങളായി. തറവാട്ടിലാണ് താമസം. കുടുംബത്തിന്റെ സ്ഥിതിയും അദ്വൈതിന്റെ കഴിവും തിരിച്ചറിഞ്ഞ നൃത്താധ്യാപകന്‍ ആര്‍എല്‍വി വിപിദാസ് സൗജന്യമായാണ് നൃത്തം പഠിപ്പിക്കുന്നത്. കലോത്സവത്തിന് പക്ഷെ മേക്കപ്പിനും വസ്ത്രത്തിനും താമസത്തിനും പണം വേണം. കഴിഞ്ഞ രണ്ട് വര്‍ഷവും സംസ്ഥാന തലത്തില്‍ എ ഗ്രേഡ് ഉണ്ടായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല സുധ ആകെ ഉണ്ടായിരുന്ന വള ഊരി പണയം വച്ച് തൃശൂരില്‍ എത്തുകയായിരുന്നു.
തനിമ കാത്ത് കലോത്സവ വേദി; ‘താമര’യില്‍ മാപ്പിളപ്പാട്ടിന്റെ ഇശല്‍ വസന്തം
തൃശൂര്‍: ആധുനികതയുടെ അതിപ്രസരത്തില്‍ മാപ്പിളപ്പാട്ടിന്റെ തനത് ശൈലികള്‍ അന്യംനിന്നുപോകുന്ന കാലത്ത് സ്‌കൂള്‍ കലോത്സവം ഇശലുകളുടെ തനിമ കാക്കുന്നു. പതിനഞ്ചാം വേദിയായ ‘താമര’യില്‍ ഇന്നലെ അരങ്ങേറിയ മാപ്പിളപ്പാട്ട് മത്സരങ്ങള്‍, ശുദ്ധമായ മാപ്പിള സംഗീതത്തിന്റെ തനിമ വെളിപ്പെടുത്തി.
മാപ്പിളപ്പാട്ടിന്റെ ആത്മാവായ ‘ഇശലുകള്‍’ക്കും പ്രാസങ്ങള്‍ക്കും പഴയകാല ഗരിമയോടെ പുതുജീവന്‍ നല്‍കുകയായിരുന്നു കലോത്സവ വേദി. പലയിടങ്ങളിലും മാപ്പിളപ്പാട്ടുകള്‍ക്ക് വേഷത്തിലും ഭാവത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും, കലോത്സവ വേദിയില്‍ വിദ്യാര്‍ത്ഥികള്‍ തനത് ശൈലി കൈവിടാതെ പാടിയത് ശ്രദ്ധേയമായി. കമ്പി, കഴുത്ത്, വാല്‍കമ്പി തുടങ്ങിയ പഴയകാല പ്രാസവ്യവസ്ഥകള്‍ അന്യം നിന്നുപോകാതെ വരുംതലമുറയ്‌ക്കായി കാത്തുവെക്കുന്ന കാഴ്ചയാണ് വേദിയില്‍ കണ്ടത്.
















