ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് പദ്യോച്ചാരണത്തില്‍ ശ്രദ്ധേയയായി സേറ റോസ് ജോസഫ്. മറ്റുളള മത്സരാര്‍ത്ഥികള്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രമുഖരുടെ കവിത ആലപിച്ചപ്പോള്‍ കല്‍ക്കത്തയില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറെ കുറിച്ച് സേറ തന്നെ എഴുതിയ കവിത ചൊല്ലിയാണ് എ ഗ്രേഡ് നേടി വ്യത്യസ്തയായത്. തൃശൂര്‍ സെന്റ് ക്ലെയേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് സേറ .സ്വന്തം സ്‌കൂള്‍ തന്നെ മല്‍സര വേദിയായി എന്നതും ഏറെ ശ്രദ്ധേയമായി.
ആദിത്യന്റെ സ്വപ്നം, അമ്മയുടെയും
ഇത് രണ്ടാം തവണയാണ് ആദിത്യന്‍ സംസ്ഥാന തലത്തില്‍ കേരള നടനവുമായി എത്തുന്നത്. ആദിത്യന്‍ വേദിയില്‍ ചുവടുവയ്‌ക്കുമ്പോള്‍ കാണികളുടെ ഇടയില്‍ ആ പ്രകടനം കണ്ണിലും മനസ്സിലും നിറച്ച് അമ്മ മിനിമോളും ഉണ്ട്. കാരണം മിനി മോളുടെ സ്വപ്‌നമാണ് ആദിത്യനിലെ നര്‍ത്തകന്‍. മിനിമോളുടെ ഒറ്റയാള്‍ പോരാട്ടമാണ് ആദിത്യനെ സംസ്ഥാന കലോത്സവം വരെ എത്തിച്ചത്.
തിരുവനന്തപുരം വണ്ടിത്തടം സ്വദേശിയായ ആദിത്യന്‍ എം. കുമാര്‍ വിപിഎസ് മലങ്കര ഹയര്‍ സെക്കന്‍ഡറി വെങ്ങാനൂര്‍ സ്‌കൂളിലെ 10 ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. നാല് വര്‍ഷമായി ആദിത്യന്‍ നൃത്തം പഠിക്കുന്നു. 12 വര്‍ഷം മുമ്പ് അച്ഛനെ നഷ്ടപ്പെട്ടതാണ് ആദിത്യനും സഹോദരി അപര്‍ണയ്‌ക്കും. അമ്മ മിനിമോളുടെ ഒറ്റ വരുമാനത്തിലാണ് കുടുംബം മുന്നോട്ടു പോകുന്നത്. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും മകന്റെ നൃത്തപഠനം മുടക്കില്ല എന്ന വാശിയിലാണ് മിനിമോള്‍. വീട്ടുജോലി, ഫുഡ് ഡെലിവറി, സെയില്‍സ് ഗേള്‍ അങ്ങനെ പല ജോലികള്‍ എടുത്താണ് അമ്മ മക്കളെ നൃത്തം ആഭ്യസിപ്പിക്കുന്നത്. കുടുംബശ്രീയില്‍ നിന്നൊക്കെ കടം വാങ്ങിയാണ് മിനിമോള്‍ ആദിത്യനെ ഇവിടം വരെ എത്തിച്ചത്.
അമ്മ തന്നെയാണ് മകനിലെ കലാകാരനെ തിരിച്ചറിഞ്ഞതും. നടനഭൂഷണം അജയ കുമാറാണ് നൃത്തത്തില്‍ അദിത്യന്റെയും സഹോദരി അപര്‍ണയുടെയും ഗുരു.
കഴിഞ്ഞവര്‍ഷം ദല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ കേരള നടനം അവതരിപ്പിക്കാനുള്ള അവസരവും മികച്ച പ്രകടനത്തിനുള്ള വെള്ളി മെഡലും ആദിത്യന് ലഭിച്ചിരുന്നു. ദേശീയതലത്തില്‍ എന്‍സിസിയുടെ മികച്ച കേഡറ്റ് ആയും അദിത്യന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മകനെ കലാമണ്ഡലത്തില്‍ ചേര്‍ത്ത് നൃത്തം പഠിപ്പിക്കണം എന്നാണ് അമ്മയുടെ ആഗ്രഹം.
















