കോട്ടയം: അമ്പലപ്പുഴ പേട്ട സംഘ ഗുരു സ്വാമി എന്‍. ഗോപാലകൃഷ്ണപിള്ള സ്വാമിയേയും, സംഘാംഗങ്ങളെയും ആക്രമിച്ച പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ ഇ.എസ്. ബിജു ആവശ്യപ്പെട്ടു.
കഠിനവ്രതമെടുത്ത് അമ്പലപ്പുഴ സംഘത്തെ നയിച്ച് പതിനെട്ടാംപടിക്കല്‍ എത്തിയ ഗുരുസ്വാമിയെയും സംഘാംഗങ്ങളെയും അസഭ്യവര്‍ഷം ചൊരിഞ്ഞ് അക്രമം നടത്തിയത് പതിനെട്ടാംപടിയുടെ താഴെ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ ആണ്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്.
ഗുരുസ്വാമിയുടെ കാലിന് പരിക്ക് പറ്റിയിട്ടും ആചാരം മുടങ്ങാതിരിക്കാന്‍ പതിനെട്ടാംപടി കയറി ദര്‍ശനം പൂര്‍ത്തിയാക്കി. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും ക്ഷേത്ര വിശ്വാസമില്ലാത്തവരെയും സന്നിധാനത്തെ ഡ്യൂട്ടിക്ക് നിശ്ചയിക്കുന്നതിലൂടെ അയ്യപ്പഭക്തര്‍ക്ക് കൊടിയയാതനയാണ് അനുഭവിക്കേണ്ടി വരുന്നത്.
ഡിജിപി, ദേവസ്വം സ്‌പെഷ്യല്‍ കമ്മിഷണര്‍, ബോര്‍ഡ് പ്രസിഡന്റ് എന്നിവരോട് പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. സന്നിധാനത്ത് പോലീസ് തേര്‍വാഴ്ചയാണ് നടക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലല്ല പോലീസ് എന്നതിന്റെ തെളിവാണ് സന്നിധാനത്ത് അരങ്ങേറിയ പോലീസ് അക്രമം.
മുട്ടാളന്മാരായ പോലീസുകാരുടെ കൈക്കരുത്ത് പരീക്ഷിക്കുന്നതിനുള്ള വേദിയാക്കി ശബരിമല തീര്‍ത്ഥാടനത്തെ മാറ്റിയാല്‍ ഭക്തജന പ്രതികരണവും പ്രതിഷേധവും ശക്തിപ്പെടും. സന്നിധാനത്ത് ശരണംവിളി അല്ലാതെ മറ്റൊന്നും ഉയരരുതെന്ന് ആഗ്രഹിക്കുന്ന ഭക്തജന സംഘടനകളുടെയും അയ്യപ്പഭക്തരുടെയും ക്ഷമയെയും സംയമനത്തെയും പരീക്ഷിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
















