കഴിഞ്ഞ പത്തുവർഷമായി സിനിമാ മേഖലയ്‌ക്കുവേണ്ടി സർക്കാർ ഒരു ചുക്കുംചെയ്തിട്ടില്ലെന്ന് നിർമാതാവ് സുരേഷ് കുമാർ. സിനിമാ സംഘടനകളുടെ പ്രതിനിധികളുടെ വാർത്താസമ്മേളനത്തിലായിരുന്നു സർക്കാരിനെതിരെ നിർമാതാവ് ജി. സുരേഷ് കുമാർ രൂക്ഷവിമർശനമുയർത്തിയത്.
‘വിനോദ നികുതിയെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് എത്രയോ കാലങ്ങളായി. ഇടയ്‌ക്ക് നിർത്തലാക്കിയിട്ട് വീണ്ടും കൊണ്ടുവന്നു. സിനിമാ മേഖലയെ കറവപ്പശുവായിട്ടാണ് സർക്കാർ കണക്കാക്കുന്നത്. കിട്ടുന്നതെല്ലാം അങ്ങോട്ട് എടുക്കുന്നു. തിരിച്ചൊന്നും തരുന്നില്ല. ഓരോ സംസ്ഥാനങ്ങളും കോടിക്കണക്കിന് രൂപയാണ് സബ്‌സിഡി നൽകുന്നത്. ഇവിടെ തരുന്ന അഞ്ചു ലക്ഷം രൂപ മൂക്കിൽപ്പൊടി വാങ്ങിക്കാൻ തികയില്ല. എന്തൊരു കഷ്ടമാണെന്ന് ആലോചിച്ചുനോക്കൂ’ അദ്ദേഹം കുറ്റപ്പെടുത്തി.
സിനിമാ ഇൻഡസ്ട്രിക്കുവേണ്ടി കഴിഞ്ഞ പത്തുകൊല്ലം സർക്കാർ ഒരു ചുക്കും ചെയ്തിട്ടില്ല. കോൺക്ലേവ് നടത്തി. എന്തൊക്കെയോ സംഭവിക്കുമെന്ന് ഞങ്ങൾ വിചാരിച്ചു. വെറും കണ്ണിൽപ്പൊടിയിടുന്നതല്ലാതെ വേറൊന്നും നടന്നിട്ടില്ല’ എന്നും അദ്ദേഹം ആരോപിച്ചു.
ആടിനെ പ്ലാവില കാണിച്ചു കൊണ്ടുപോവുന്നതുപോലെ സിനിമാ മേഖലയെ മൊത്തം കബളിപ്പിച്ചുവെന്നും ഏറ്റവും കൂടുതൽ നികുതി ചുമത്തപ്പെടുന്ന വ്യവസായ മേഖലയാണിതും ബജറ്റിൽ പോലും തങ്ങളെ പരിഗണിക്കാറില്ലെന്നും ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ് ആരോപിച്ചു.
















