വാഷിങ്ടൺ: കുടിയേറ്റ വിരുദ്ധ നടപടി ശക്തമാക്കുന്നതിെന്റ ഭാഗമായി റഷ്യ, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങി 75 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരുടെ വിസ അപേക്ഷകൾ പരിഗണിക്കുന്നത് നിർത്തിവെച്ച് അമേരിക്ക.
ഈ രാജ്യങ്ങളിലെ പൗരന്മാരുടെ വിസ അപേക്ഷകൾ നിരസിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് എംബസികൾക്ക് നിർദേശം നൽകി. സോമാലിയ, അഫ്ഗാനിസ്താൻ, ബ്രസീൽ, ഇറാൻ, ഇറാഖ്, ഈജിപ്ത്, നൈജീരിയ, തായ്‍ലൻഡ്, യമൻ തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്. ജനുവരി 21ന് നിലവിൽവരുന്ന വിസ വിലക്ക് അനിശ്ചിതകാലത്തേക്ക് തുടരും.
സൊമാലിയ, ഈജിപ്ത്, തായ്‌ലൻഡ്, യെമൻ എന്നിവയുൾപ്പെടെയുള്ള അമേരിക്കൻ പൗരന്മാരുടെ പ്രവേശനം ട്രംപ് ഭരണകൂടം നിരോധിച്ചു. പ്രത്യേകിച്ച് സൊമാലിയ യുഎസ് അധികാരികളുടെ സൂക്ഷ്മ പരിശോധനയിലാണ്. മിനസോട്ടയിലെ ഒരു വലിയ തട്ടിപ്പ് അഴിമതിയിൽ നികുതിദായകരുടെ ധനസഹായത്തോടെയുള്ള ആനുകൂല്യ പദ്ധതികളുടെ വ്യാപകമായ ദുരുപയോഗം കണ്ടെത്തിയതിനെ തുടർന്നാണ് ഈ കർശന നടപടി.
അതിനിടെ 1979 ലെ വിപ്ലവത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള കർശനനടപടികളുമായി ഇറാൻ ഭരണകൂടം മുന്നോട്ടുപോകവേ, 24 മണിക്കൂറിനകം ഇറാനിൽ യുഎസ് ആക്രമണമുണ്ടായേക്കുമെന്ന അഭ്യൂഹം ശക്തമായി. ഇറാനിൽ സൈനികനടപടിക്കു ട്രംപ് ഉറപ്പിച്ചെന്നും എങ്ങനെ, എപ്പോൾ എന്നുമാത്രം തീരുമാനിച്ചാൽ മതിയെന്നും ഇസ്രയേൽ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്യുന്നതു തുടർന്നാൽ സൈനിക നടപടി ഉണ്ടാകുമെന്നു പലവട്ടം ട്രംപ് ഇറാന് താക്കീതു നൽകിയിരുന്നു.
പ്രക്ഷോഭത്തിന്റെ സ്ഥിതി, യഥാർഥ മരണസംഖ്യ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ ട്രംപ് സുരക്ഷാ കാബിനറ്റിനെ ചുമതലപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്. അനുനയവുമായി ഖത്തർ രംഗത്തുണ്ടെങ്കിലും യുഎസ്–ഇറാൻ നയതന്ത്രതല ചർച്ചകൾ നിർത്തിവച്ചത് സംഘർഷഭീതി വർധിപ്പിക്കുന്നു. അതിനിടെ, ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ പാടില്ലെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു.
















