കോട്ടയം: മാണി വിഭാഗം യുഡിഎഫിലേക്കു വന്നേക്കുമെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തില്‍ പാലാ ഉറപ്പിക്കാനായി നിലവിലെ എംഎല്‍എ. മാണി സി കാപ്പന്‍ മുസ്ലിം ലീഗിന്‌റെ പിന്തുണ തേടി. ജോസ് കെ മാണിയുടെ പാര്‍ട്ടി യുഡിഎഫിലേക്ക് വരുന്നതിനോടു വിയോജിപ്പില്ലെന്നും എന്നാല്‍ പാലാ മണ്ഡലം വിട്ടു നല്‍കാനാവില്ലെന്നും മാണി സി കാപ്പന്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടിയെ മാണി സി കാപ്പന്‍ വീട്ടിലെത്തിയാണ് കണ്ടത്.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ വിശ്വസിക്കാനാവാത്തതിനാലാണ് കാപ്പന്‍ ലീഗിന്‌റെ സഹായം തേടിയത്. മാത്രമല്ല, കേരള കോണ്‍ഗ്രസ് എമ്മിനെ യു.ഡി എഫിലെത്തിക്കാനുള്ള നീക്കത്തിന് മുന്‍കൈയെടുക്കുന്നത് മുസ്ലിം ലീഗ് നേതൃത്വമാണെന്നും വാര്‍ത്തയുണ്ടായിരുന്നു.
















