വസ്തു വാങ്ങി വീട് പണിയുക എന്നത് സ്വന്തമായി ഭൂമി ഇല്ലാത്ത ഏവരുടെയും സ്വാഭാവികമായ ഒരു ആഗ്രഹമാണ്. അപ്രകാരം ആഗ്രഹിക്കുന്നവർ വാസയോഗ്യമായ ഭൂമിയെപ്പറ്റി ചില കാര്യങ്ങൾ അറിയുന്നത് നന്നായിരിക്കും.
വാസ്തുശാസ്ത്രത്തിൽ ഗൃഹനിർമ്മാണ യോഗ്യമായ ഭൂമിയെപ്പറ്റി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾക്ക് ദർശനമായി കിടക്കുന്ന ഭൂമി വാങ്ങുന്നത് ദോഷകരമാണ്. ദേവീദേവൻമാരുടെ ദൃഷ്ടിക്ക് തടസ്സം വരും എന്നതാണ് കാരണം. നിരാശമൂലം ആത്മഹത്യ ചെയ്ത വ്യക്തി, സാമ്പത്തിക ബാധ്യത മൂലം നാടുവിട്ടുപോയ വ്യക്തി തുടങ്ങിയവരുടെ വസ്തു വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പലവിധ കാരണങ്ങള്‍ കൊണ്ടായിരിക്കാം ഇങ്ങനെ ദോഷങ്ങൾ ഉണ്ടായിട്ടുള്ളത്. വാസ്തുദോഷമാണോ ദുരന്തങ്ങൾക്ക് കാരണമെന്ന് മനസ്സിലാക്കുവാൻ ഒരു വാസ്തുവിദഗ്ധന്റെ സേവനം സ്വീകരിക്കണം. അതിനുശേഷം വേണം ആ ഭൂമി വാങ്ങണമോ, വേണ്ടയോ എന്ന് തീരുമാനിക്കുവാൻ.
വസ്തുവിന്റെ വടക്ക് കിഴക്ക് ഭാഗത്ത് വിസ്താരമേറിയ വിജനമായ വസ്തുക്കളോ, ഉയരമുള്ള കെട്ടിടങ്ങളോ ഉള്ള ഭൂമി ഒഴിവാക്കപ്പെടേണ്ടതാണ്. രണ്ട് വലിയ കെട്ടിടങ്ങളുടെ മധ്യത്തിൽ ഏകമായി ഒഴിഞ്ഞുകിടക്കുന്ന വളരെ ചെറിയ വസ്തു, രണ്ട് വലിയ വസ്തുക്കൾക്കിടയിൽ കിടക്കുന്ന തീരെ ചെറിയ വസ്തു എന്നിവയും നന്നല്ല. തെക്ക് കിഴക്ക് ഭാഗത്തോ, വടക്കു കിഴക്ക് ഭാഗത്തോ മൊട്ടക്കുന്നുള്ള ഭൂമി ഐശ്വര്യപ്രദമല്ല.
ശ്മശാനഭൂമി, സർപ്പസാന്നിധ്യമുള്ള സ്ഥലം, യുദ്ധഭൂമി, ക്ഷേത്രങ്ങളുടെ ദൃഷ്ടിയിൽ വരുന്ന ഭൂമി ഒക്കെ ഒഴിവാക്കുന്നതാണ് നല്ലത്. പറമ്പ് കുഴിക്കുമ്പോൾ അസ്ഥി കിട്ടിയാൽ ആ സ്ഥലത്തെ ശ്മശാന ഭൂമിയായി കണക്കാക്കണം. വെട്ടും കുത്തും കൊലപാതകവും നടന്ന സ്ഥലം ആണെങ്കിൽ അതിനെ യുദ്ധ ഭൂമിയായും ചിന്തിക്കാം.പ്രശ്നം കിട്ടുന്ന രാശി, അതിന്റെ നാല്, പത്ത് എന്നീ ഭാവങ്ങളിൽ പാപഗ്രഹങ്ങൾ വരാതിരിക്കുന്നത് ഉത്തമമാണ്.
നാലാം ഭാവം കൊണ്ട് വീടും പത്താം ഭാവം കൊണ്ട് സ്ഥലവുമാണ് ചിന്തിക്കുന്നത്. വീടുള്ള സ്ഥലമാണെങ്കിൽ നാലാം ഭാവം പരിഗണിച്ചാൽ മതിയാകും. ഇത്തരം കാര്യങ്ങൾ നോക്കുമ്പോൾ ദൈവാധീനം കുറവാണെങ്കിൽ ഇടപാട് നടക്കാൻ സാധ്യത കുറവായി തന്നെ കണക്കാക്കാം അത്തരം സാഹചര്യങ്ങളിൽ ചിലപ്പോൾ നേർച്ചകളും വഴിപാടുകളും ഒക്കെ ചെയ്താൽ മുടക്കങ്ങൾ മാറി സ്ഥലം സ്വന്തമാക്കാൻ സാധിക്കുന്നതാണ്.















