പത്തനംതിട്ട: ശബരിമലയില്‍ സ്‌പോണ്‍സര്‍മാരെ നിയന്ത്രിക്കുമെന്നും അതിനായി മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍.സ്‌പോണ്‍സര്‍മാര്‍ക്ക് ബാങ്ക് ബാലന്‍സ് ഉണ്ടോ എന്നതടക്കം പരിശോധിക്കും.
മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് കടന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനുള്ള പ്രാഥമികമായ പട്ടിക തയാറാക്കി.
സ്പോണ്‍സര്‍ഷിപ്പ് ആവശ്യമുണ്ടെങ്കില്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ച ശേഷമാകും നടപടി ഉണ്ടാവുക. ഇപ്പോള്‍ സ്പോണ്‍സര്‍മാര്‍ താത്പര്യം അറിയിച്ച് ദേവസ്വം ബോര്‍ഡിനെ സമീപിക്കുന്ന സാഹചര്യമാണുള്ളത്. മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാത് അറിയിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചത്.
ശബരിമലയില്‍ പര്‍ണശാലകള്‍ കെട്ടി മകരവിളക്ക് ദര്‍ശിക്കാന്‍ തീര്‍ത്ഥാടകര്‍ സന്നിധാനത്തും പരിസരത്തും തമ്പടിച്ചിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര ബുധനാഴ്ച വൈകിട്ടോടെ സന്നിധാനത്തെത്തും.
















