ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾക്ക് അറുതിയില്ല. സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെ മറ്റൊരു ഹിന്ദു യുവാവിനെ അക്രമികള്‍ കുത്തി കൊലപ്പെടുത്തി. ഓട്ടോറിക്ഷ ഡ്രൈവർ സമീർ ദാസാണ് (27) കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാത്രി ചിറ്റഗോംഗിലെ ദഗൻഭുയാനിൽ വച്ചാണ് കൊലപാതകമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജോലിക്ക് പോയ സമീർ, ഞായറാഴ്ച രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ തെരച്ചലിലാണ്. പുലർച്ചെ 2 മണിയോടെ തെക്കൻ കരീംപൂരിലെ മുഹുരി ബാരിക്ക് സമീപം രക്തത്തിൽ കുതിർന്ന മൃതദേഹം കണ്ടെത്തിയത്. സമീറിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം കുത്തികൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അക്രമികൾ യുവാവിന്റെ ഓട്ടോറിക്ഷയുമായി കടന്നുകളഞ്ഞു. യുവാവിനെ കൊല്ലണം എന്ന് ഉറപ്പിച്ചാണ് അക്രമിസംഘം എത്തിയതെന്നാണ് റിപ്പോർട്ട്.
ബംഗ്ലാദേശിൽ കഴിഞ്ഞ ഒരുമാസത്തിനിടെ ആൾക്കൂട്ട ആക്രമണത്തിൽ പത്തിലധികം ഹിന്ദു യുവാക്കൾക്കാണ് ജീവൻ നഷ്ടമായത്. ന്യൂനപക്ഷ വംശഹത്യയിൽ മനുഷ്യാവകാശ സംഘടനയായ ബംഗ്ലാദേശ് ഹിന്ദു ബുദ്ധമത ക്രിസ്ത്യൻ ഐക്യ കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചു. ന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് ഹിന്ദുക്കളോടുള്ള ബംഗ്ലാദേശ് ഭരണകൂടത്തിന്റെ സമീപനത്തെ ഇന്ത്യ അതിരൂക്ഷമായാണ് വിമർശിച്ചത്. ബംഗ്ലാദേശിലുടനീളമുള്ള ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അയൽരാജ്യത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യ അറിയിച്ചു.
















