കേരളത്തിലെ വിദ്യാലയങ്ങളില്‍ പരീക്ഷാക്കാലം എന്നത് അക്കാദമിക് മികവിന്റെ ഉരകല്ല് എന്നതിലുപരി, കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠകളുടെയും സമ്മര്‍ദ്ദങ്ങളുടെയും കാലമായി മാറിയിരിക്കുകയാണ്. പരീക്ഷാപ്പേടി മാറ്റാന്‍ വിദ്യാലയങ്ങള്‍ തോറും ‘മോട്ടിവേഷന്‍ ക്ലാസുകള്‍’ സംഘടിപ്പിക്കാറുണ്ടെങ്കിലും, അവ പലപ്പോഴും കുട്ടികളില്‍ മത്സരബുദ്ധി കുത്തിവെക്കാനും താത്കാലികമായ ഒരു ആവേശം സൃഷ്ടിക്കാനും മാത്രമേ ഉപകരിക്കുന്നുള്ളൂ എന്നതാണ് വാസ്തവം. പരീക്ഷാപ്പേടിയുടെയും ഈ മാനസിക സമ്മര്‍ദ്ദത്തിന്റെയും വേരുകള്‍ തേടിപ്പോകുമ്പോള്‍ നാം ചെന്നെത്തുന്നത് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാനുള്ള കുട്ടികളുടെ അതിയായ വ്യഗ്രതയിലാണ്. എന്നാല്‍ പ്രവാസലോകത്തേക്ക് ചേക്കേറാനുള്ള ഈ താല്പര്യം ഒരു ലക്ഷണം മാത്രമാണ്; രോഗം മറ്റൊന്നാണ്. യഥാര്‍ത്ഥ സമൃദ്ധിയും സുഖവും എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണ് ഇതിന്റെയെല്ലാം അടിസ്ഥാന കാരണം. സമ്പത്താണ് സമൃദ്ധി എന്ന തെറ്റായ ധാരണ കുട്ടികളിലേക്ക് പകര്‍ന്നുനല്‍കുന്നതാണ് ജീവിതത്തെ ഭയത്തോടെ നോക്കിക്കാണാന്‍ അവരെ പ്രേരിപ്പിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ എന്താണ് സമൃദ്ധി എന്ന് നാം കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നില്ല. തനിക്ക് ജീവിക്കാന്‍ എത്രമാത്രം ഭൗതിക വസ്തുക്കള്‍ ആവശ്യമാണ് എന്ന ശരിയായ തിരിച്ചറിവില്‍ നിന്നാണ് സമൃദ്ധി ആരംഭിക്കുന്നത്. തനിക്ക് ആവശ്യമുള്ളതെന്താണെന്ന് കൃത്യമായി തിരിച്ചറിയുകയും, ആവശ്യത്തിലധികം ഭൗതികവസ്തുക്കള്‍ ഉല്പാദിപ്പിക്കുകയോ സമ്പാദിക്കുകയോ ചെയ്യാനുള്ള ശേഷിയുണ്ടാകുമ്പോഴാണ് ഒരു വ്യക്തിക്ക് താന്‍ സമൃദ്ധനാണെന്ന തോന്നലുണ്ടാകുന്നത്. എന്നാല്‍ ഇതിനു വിപരീതമായി, എത്ര കിട്ടിയാലും മതിവരാത്ത ‘സമ്പത്ത്’ ആണ് വലുതെന്ന് കുട്ടികളെ ധരിപ്പിക്കുമ്പോള്‍ അവര്‍ക്ക് ഒരിക്കലും സംതൃപ്തി അനുഭവിക്കാന്‍ കഴിയുന്നില്ല. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ പണം സമ്പാദിക്കാന്‍ കഴിയില്ലെന്നും, അതിനാല്‍ ജീവിതം പരാജയമാണെന്നും അവര്‍ ഭയപ്പെടുന്നു.
ഭൗതിക വസ്തുക്കള്‍ ശരീരത്തിന്റെ സുഖത്തിന് വേണ്ടിയുള്ളതാണെങ്കില്‍, മനസ്സിന്റെ നിരന്തരമായ സന്തോഷം ലഭിക്കുന്നത് ബന്ധങ്ങളിലൂടെയാണെന്ന അടിസ്ഥാന പാഠം കൂടി നാം വിസ്മരിക്കുന്നു. ബന്ധങ്ങളുടെ ശരിയായ ഭാവങ്ങളെ തിരിച്ചറിഞ്ഞ് പെരുമാറിയാല്‍ മാത്രമേ മനുഷ്യന് നിരന്തരമായ സന്തോഷം അനുഭവിക്കാന്‍ കഴിയൂ.
നിര്‍ഭാഗ്യവശാല്‍, നമ്മുടെ ക്ലാസ് മുറികളിലും വീടുകളിലും ഇന്നും വിജയത്തെക്കുറിച്ചുള്ള തെറ്റായ നിര്‍വചനങ്ങളാണ് നല്‍കുന്നത്.
മറ്റുള്ളവരെ പിന്നിലാക്കി ഒന്നാമതെത്തുക എന്നതാണ് ഏറ്റവും വലിയ വിജയമെന്നും, അങ്ങനെയായാല്‍ മാത്രമേ കൂടുതല്‍ സമ്പത്തുണ്ടാക്കാന്‍ കഴിയൂ എന്നും കുട്ടികളെ ബോധ്യപ്പെടുത്തുന്നതിലൂടെ അവരില്‍ മാരകമായ മത്സരബുദ്ധിയാണ് വളരുന്നത്. ഇത് കുട്ടികളിലെ സഹവര്‍ത്തിത്വഭാവം പൂ
ര്‍ണ്ണമായും നശിപ്പിക്കുകയും, ബന്ധങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും നല്‍കാത്ത സ്വാര്‍ത്ഥമതികളാക്കി അവരെ മാറ്റുകയും ചെയ്യുന്നു.
ഇവിടെയാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ പ്രസക്തമാകുന്നത്. വിദ്യാലയങ്ങളുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കേണ്ട ഒന്നല്ല വിദ്യാഭ്യാസം എന്നും, മറിച്ച് അത് ഗ്രാമതലത്തിലും സമാജതലത്തിലും എല്ലാവരും ചേര്‍ന്നുള്ള ഒരു സാമാജിക പ്രക്രിയയായി മാറണമെന്നും പുതിയ നയം വിഭാവനം ചെയ്യുന്നു. ‘ബാഗ് രഹിത ദിനങ്ങള്‍’, ‘ഇന്റേണ്‍ഷിപ്പുകള്‍’, ‘കമ്മ്യൂണിറ്റി വോളണ്ടിയറിംഗ്’ തുടങ്ങിയ പദ്ധതികളിലൂടെ കുട്ടികള്‍ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് പഠിക്കണമെന്നാണ് എന്‍ ഇ പി നിഷ്‌കര്‍ഷിക്കുന്നത്.
പ്രാദേശിക തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായും, ഗ്രാമത്തിലെ മുതിര്‍ന്നവരുമായും ഇടപഴകുന്നതിലൂടെ കുട്ടികള്‍ക്ക് ജീവിതഗന്ധിയായ അറിവുകള്‍ ലഭിക്കുന്നു. ‘സ്‌കൂള്‍ കോംപ്ലക്‌സുകള്‍’ എന്ന ആശയത്തിലൂടെ വിഭവങ്ങള്‍ പങ്കുവെക്കാനും, ഗ്രാമത്തെത്തന്നെ ഒരു വലിയ പഠനക്കളരിയാക്കി മാറ്റാനും സാധിക്കും. ഇത്തരത്തില്‍ സമാജവുമായി ചേര്‍ന്നുനില്‍ക്കുന്ന ഒരു കുട്ടിക്ക്, താന്‍ ഒറ്റയ്‌ക്കല്ലെന്നും തനിക്ക് താങ്ങായി ഒരു സമൂഹമുണ്ടെന്നും ബോധ്യപ്പെടുന്നു. ഈ സഹവര്‍ത്തിത്വ ബോധം നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. പുസ്തകത്തിലെ അറിവിനപ്പുറം, ജീവിതത്തില്‍ വിജയിക്കാന്‍ വേണ്ടത് സഹകരണവും പരസ്പര ബഹുമാനവുമാണെന്ന് ഈ അനുഭവങ്ങളിലൂടെ അവര്‍ തിരിച്ചറിയുന്നു. ഇത്തരം മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതിന് തക്കവണ്ണം നമ്മുടെ അധ്യാപകരേയും രക്ഷിതാക്കളെയും സജ്ജരാക്കണം. മദ്ധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ് മുന്‍കൈയെടുത്ത് ആരംഭിച്ച ‘രാജ്യാനന്ദ് സന്‍സ്ഥാന്‍’, രാജസ്ഥാനിലും ഗുജറാത്തിലും നടപ്പാക്കുന്ന മൂല്യ വിദ്യാഭ്യാസ പദ്ധതികള്‍, യു.ജി.സി. തുടക്കമിട്ട ‘മൂല്യ പ്രവാഹ്’, എ.ഐ.സി.ടി.ഇ. മുന്‍കൈയെടുത്ത് നടത്തിവരുന്ന യു.എച്ച്.വി. തുടങ്ങിയവ മാതൃകയാക്കി നമുക്കും വിദ്യാലയങ്ങളില്‍ ഇത് പ്രാവര്‍ത്തികമാക്കാം.
എന്നാല്‍ ഈ ദീര്‍ഘകാല പദ്ധതികള്‍ക്കപ്പുറം, ഈ വര്‍ഷം പരീക്ഷയെ അഭിമുഖീകരിക്കുന്ന കുട്ടികള്‍ക്കായി അടിയന്തിരമായി ചിലത് ചെയ്യേണ്ടതുണ്ട്. ഇതിനായി നമ്മുടെ അദ്ധ്യാപകരും പഞ്ചായത്ത് ഭരണസമിതികളും ഗ്രാമസഭകളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. മോട്ടിവേഷന്‍ എന്ന പേരില്‍ ഉപദേശങ്ങള്‍ നല്‍കുന്നതിന് പകരം, കുട്ടികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള വേദികളാണ് ഗ്രാമതലത്തില്‍ ഒരുക്കേണ്ടത്.
സര്‍ക്കാര്‍-സ്വകാര്യ സ്‌കൂള്‍ ഭേദമില്ലാതെ, ഒരു വാര്‍ഡിലെ മുഴുവന്‍ പരീക്ഷാര്‍ത്ഥികളെയും ഗ്രാമസഭകളുടെ നേതൃത്വത്തില്‍ ഒന്നിച്ച് ചേര്‍ക്കാവുന്നതാണ്. അവിടെ വെച്ച്, പരീക്ഷ എന്നത് ജീവിതത്തിലെ ഒരു ചെറിയ ഘട്ടം മാത്രമാണെന്നും, മാര്‍ക്കിനേക്കാള്‍ വലുതാണ് അവരുടെ ജീവിതമെന്നും അവരെ സ്‌നേഹത്തോടെ ഓര്‍മ്മിപ്പിക്കണം.
‘നിങ്ങളുടെ വിജയത്തിലും തോല്‍വിയിലും ഈ നാട് കൂടെയുണ്ട്’ എന്ന ഉറപ്പ് പഞ്ചായത്ത് അധികാരികളും മുതിര്‍ന്നവരും അവര്‍ക്ക് നല്‍കണം. ഇതിനായി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മൂല്യവിദ്യാഭ്യാസ രംഗത്തെ വോളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
ഈ ഉറപ്പാണ് കുട്ടികള്‍ക്ക് സ്വയം തിരിച്ചറിവുണ്ടാക്കാന്‍ സഹായിക്കുക. സ്വന്തം കഴിവുകളെയും പരിമിതികളെയും ഭയമില്ലാതെ നോക്കിക്കാണാനും, മത്സരത്തിന് പകരം സഹകരണത്തിന്റെ പാതയിലൂടെ ജീവിതലക്ഷ്യങ്ങള്‍ കണ്ടെത്താനും ഈ കൂട്ടായ്‌മകള്‍ അവര്‍ക്ക് പ്രചോദനമാകും. പരീക്ഷാപ്പേടി അകറ്റാന്‍ മരുന്നുകളല്ല, മറിച്ച് സ്‌നേഹവും വിശ്വാസവും നിറഞ്ഞ ഇത്തരം സാമൂഹിക ഇടപെടലുകളാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം.












