ഉണര്‍ത്തുകാ നാദത്തെ; ലൗകികക്കരയ്‌ക്കെന്നു-
മണയാനരുതാത്തൊരാ വിദൂരതയിങ്കല്‍-
കാമകാഞ്ചനമാനക്കൊതിതന്‍ നെടുവീര്‍പ്പി- ന്നെങ്ങരുതേതും ശാന്തിഭംഗത്തിന്നൊരുമ്പെടാന്‍,
ആ ശൈലഗുഹകളില്‍, ഗ്ഗഹനാരണ്യങ്ങളില്‍,-
സ്സാനന്ദസച്ചിത് സരിത് പ്രസ്രവപ്രദേശത്തില്‍-
അങ്ങുദിച്ചൊരു ഗീതം പാടുകയുച്ചൈസ്തരം
ധീരസംന്യാസിന്‍, ഭവാന്‍ ഘോഷിക്ക ‘ഓം തത് സത് ഓം.
തട്ടിമാറുക വിലങ്ങ്; അങ്ങയെക്കെട്ടിയിട്ട
ബന്ധങ്ങള്‍ മിന്നും പൊന്നാം പൊട്ടക്കാരിരുമ്പാകാം;
സദസദ്-രാഗദ്വേഷ-ദ്വന്ദ്വവൃന്ദങ്ങളെല്ലാം കെട്ടുതാന്‍. അറിഞ്ഞാലുമടിമയടിമതാന്‍,
തല്ലലോ താലോലമോ നേടട്ടെ വശംകെട്ടോന്‍;
പൊന്‍വിലങ്ങിനാകിലും കെട്ടുവാന്‍ ബലമൊട്ടും
കുറവ,ല്ലതുകൊണ്ടു സര്‍വവും ദൂരെത്തള്ളൂ,
ധീരസംന്യാസിന്‍, ഭവാന്‍ ഘോഷിക്ക ‘ഓം തത് സത് ഓം.
പോകട്ടെയിരുട്ട്; ആന്ധ്യമാന്ധ്യത്തിലേറ്റാന്‍ മങ്ങി
മിന്നി മുന്നോടും മിഥ്യാദീപ്തി; ജീവിതദാഹ-
മെന്നേക്കും ശമിപ്പിക്ക; ജീവനെജ്ജന്മം മൃത്യു-
മൃത്യു ജന്മമീമട്ടിലതുതാന്‍ വലിക്കുന്നു.
സര്‍വ്വജിത് ജിതാത്മാവെന്നറിക വഴങ്ങായ്‌ക
ധീരസംന്യാസിന്‍, ഭവാന്‍ ഘോഷിക്ക ‘ഓം തത് സത് ഓം.’
”വിതച്ചോന്‍ കൊയ്യും, ഹേതു കൊടുക്കും ഫലം; നന്മ-
നന്മയും തിന്മ തിന്മ; ഈ നീതിക്കൊഴിവില്ല.
രൂപമാര്‍ന്നവരെല്ലാം പേരണമിച്ചങ്ങല”
ഇച്ചൊല്ലു നേരെങ്കിലും നാമരൂപാതീതമായ്
നിത്യമുക്തമാണാത്മാ. ധരിക്കൂ തത് ത്വമസി
ധീരസംന്യാസിന്‍, ഭവാന്‍ ഘോഷിക്ക ‘ഓം തത് സത് ഓം.’
നേരവരറിവീല, മാതാപിതാക്കള്‍ മക്കള്‍
ദാരങ്ങള്‍ സുഹൃത്തേവം പാഴ്കിനാവുകള്‍ കാണ്മോര്‍. അലിംഗനാത്മാവ്;അവനാരുടെയച്ഛന്‍? മകന്‍?
കേവലമവനേകന്‍;ആരുടെ മിത്രം? ശത്രു?
സര്‍വ്വഗം സര്‍വ്വമാത്മാ, മറ്റില്ല; തത് ത്വമസി
ധീരസംന്യാസിന്‍, ഭവാന്‍ ഘോഷിക്ക ‘ഓം തത് സത് ഓം.’
ഉള്ളതൊന്ന്; അതു മുക്തം ബുദ്ധമാത്മാവാണ്; അതി-
ന്നില്ല നാമരൂപങ്ങള്‍; ലേപവുമതിന്നില്ല.
അവനില്‍ത്തന്നെ മായ കാണുന്നിതീ സ്വപ്‌നങ്ങള്‍.
അവനാം സര്‍വ്വസാക്ഷി; ജീവനായ് പ്രകൃതിയായ്
പ്രതിഭാസിപ്പതവന്‍, ധരിക്കൂ തത് ത്വമസി
ധീരസംന്യാസിന്‍, ഭവാന്‍ ഘോഷിക്ക ‘ഓം തത് സത് ഓം’
എങ്ങയേ തേടുന്നതാ സ്വാതന്ത്ര്യം? ഇഹം പരം
നല്‍കില്ല നേട്ടം വൃഥാ ഗ്രന്ഥത്തില്‍ ക്ഷേത്രങ്ങളില്‍,
നിന്റെ കൈയത്രേ നിന്നെയിഴച്ചും കൊണ്ടേപോകും
കയറില്‍പ്പിടിക്കുന്നത്; അതിനാലെന്‍തോഴരേ,
കരയായ്‌ക്കിനി, നിന്റെ പിടി വിട്ടൊഴിച്ചാലും
ധീരസംന്യാസിന്‍, ഭവാന്‍ ഘോഷിക്ക ‘ഓം തത് സത് ഓം’
ചൊല്ലു,’കെല്ലാര്‍ക്കും ശാന്തി, പേടി വേണ്ടെന്നില്‍നിന്നു
സര്‍വഭൂതങ്ങള്‍ക്ക്: ഉച്ചലോകരി, ലിഴവോരില്‍ സര്‍വത്ര-
ഞാനാണാത്മാ; ജീവിതമിഹം പരം
സര്‍വം സംന്യസിക്കുന്നേന്‍: ഭൂ, നാകം, നരകവും;
ഭീമോഹങ്ങളും വിട്ടേന്‍,” ഏവം കെട്ടറുത്താലും
ധീരസംന്യാസിന്‍, ഭവാന്‍ ഘോഷിക്ക ‘ഓം തത് സത്് ഓം’
ഗൗനിക്കായ്‌ക്കിനിദ്ദേഹം നില്പതോ പൊയ്യോവതോ,
തീര്‍ന്നു തല്‍കൃത്യം; കര്‍മ്മമതിനെയൊഴുക്കട്ടെ:
മാലയോ ചവിട്ടോ താന്‍ നല്‍കട്ടെയിക്കൂടിന്നു: മിണ്ടൊലാ;
സ്തുതിയെന്തു നിന്ദയും, സ്തോതൃസ്തുത്യ-
നിന്ദകനിന്ദ്യരെങ്ങ്; ഇങ്ങനെ ശമംപൂണ്ടു-
ധീരസംന്യാസിന്‍, ഭവാന്‍ ഘോഷിക്ക ‘ഓം തത് സത് ഓം’
കാമങ്ങള്‍ മാനം ലോഭം വാഴുന്നേടത്തു സത്യ-
മെത്തുകില്ലെന്നും സ്ത്രീയെബ്ഭാര്യയെന്നോര്‍ക്കും നരന്‍
സിദ്ധനായ് വരില്ലേതും; വല്ലതുമുടയോനും
ക്രോധശൃംഖലക്കെട്ടു പെട്ടോനും കടന്നിടാ
മായതന്‍ കവാടത്തെ. ആകയാലിവ വിട്ടു
ധീരസംന്യാസിന്‍, ഭവാന്‍ ഘോഷിക്ക ‘ഓം തത് സത് ഓം’
വേണ്ട തേ ഗൃഹം. നിന്നെയൊതുക്കാന്‍ വീടേതെടോ?
വിണ്ടലം മേല്‍ക്കൂരയും പുല്ലു നിന്‍ പര്യങ്കവും;
ആഹാരം യാദൃച്ഛികം സുപക്തം ദുഷ്പക്തമോ
ഗണിക്കാ;യ്‌കാത്മജ്ഞന്നില്ലന്നപാനാലേപനം.
പാഞ്ഞുപോം പുഴപോലെ നിര്‍മുക്തനാകൂ നിത്യം
ധീരസംന്യാസിന്‍, ഭവാന്‍ ഘോഷിക്ക ‘ഓം തത് സത്ഓം’
ചിലരേ സത്യം കാണൂ. മറ്റവര്‍ നിന്ദിച്ചാര്‍ക്കും,
ഗൗനിക്കായ്‌കമിതാത്മന്‍! നിത്യമുക്തന്‍ നീ പോക,
നാടായ നാടൊക്കെയും മര്‍ത്ത്യരെ മായാപട-
ധ്വാന്തമുക്തന്മാരാക്കൂ. ദുഃഖത്തെപ്പേടിക്കാതെ
സൗഖ്യത്തെക്കൊതിക്കാതെ കടന്നേ പോക രണ്ടും.
ധീരസംന്യാസിന്‍, ഭവാന്‍ ഘോഷിക്ക ‘ഓം തത് സത് ഓം’
ഇങ്ങനെ നാളില്‍ നാളില്‍ക്കര്‍മ്മത്തിന്റെ ശക്തി തീര്‍ന്നു-
നിന്നാത്മാ നിത്യമുക്തമായിടും വരെപ്പോക.
ജന്മവുമില്ല പിന്നെ, ഞാനില്ല,നീയി,ല്ലില്ല ദൈവതം മനുഷ്യനും,
ഞാനെല്ലാമായ്‌ത്തീരുന്നു.
എല്ലാം ഞാന്‍, പരാനന്ദം. ധരിക്കൂ തത് ത്വമസി,
ധീരസംന്യാസിന്‍, ഭവാന്‍ ഘോഷിക്ക ‘ഓം തത് സത് ഓം.’
(ജന്മഭൂമി യു ട്യൂബ് ചാനലിലെ ‘സര്‍ഗ്ഗപക്ഷം’ പരിപാടിയില്‍ ഇത് കാണാം കേള്‍ക്കാം
https://www.youtube.com/watch?v=Y4eZDL4bd4k
















