തൃശൂര്‍: സാംസ്‌കാരിക നഗരിയില്‍ കലയുടെ മഹോത്സവത്തിന് നാളെ കൊടിയേറ്റം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കമാകും.
14 മുതല്‍ 18 വരെ 25 വേദികളിലായി 250 ഇനങ്ങളില്‍ 15,000 ത്തോളം കലാപ്രതിഭകള്‍ മാറ്റുരയ്‌ക്കും. കൗമാര കലാമേളയുടെ ഉദ്ഘാടനം 14ന് രാവിലെ 10ന് വടക്കുംനാഥ ക്ഷേത്ര മൈതാനിയിലെ എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. തൃശൂരിന്റെ പൂരപ്രൗഢി വിളിച്ചോതുന്ന രീതിയില്‍ പാണ്ടിമേളവും, 64-ാം കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികള്‍ അണിനിരക്കുന്ന വര്‍ണാഭമായ കുടമാറ്റവും നടക്കും. മന്ത്രി വി. ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഉത്തരവാദിത്വ കലോത്സവം എന്നതാണ് ഇത്തവണത്തെ കലോത്സവത്തിന്റെ ആപ്തവാക്യം. കലോത്സവത്തിന്റെ സ്വാഗത ഗാനം ബി. കെ. ഹരിനാരായണനാണ് ചിട്ടപ്പെടുത്തിയത്. കലാമണ്ഡലത്തിന്റെ നേതൃത്വത്തില്‍ സ്വാഗത ഗാനത്തിന്റെ അവതരണം ഉണ്ടാകും. കലോത്സവത്തിന്റെ തീം സോങ് പാലക്കാട് പൊറ്റശ്ശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഒരുക്കിയിട്ടുള്ളത്. പൂര്‍ണമായും ഹരിതചട്ടം പാലിച്ചായിരിക്കും കലോത്സവം.
കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രിമാരായ കെ. രാജന്‍, ഡോ. ആര്‍. ബിന്ദു, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, കെ. എന്‍. ബാലഗോപാല്‍, പി. രാജീവ്, പി. എ. മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, ജെ. ചിഞ്ചുറാണി എന്നിവര്‍ മുഖ്യാതിഥികളാകും. 18 ന് നടക്കുന്ന സമാപനത്തില്‍ നടന്‍ മോഹന്‍ലാല്‍ ആണ് മുഖ്യാതിഥി.
















