സുപ്രിയ സാഹുവിന് ഒരുപാട് വിശേഷണങ്ങളുണ്ട്. ഭൂമിയുടെ ഹരിതാവരണം നിലനിര്‍ത്താന്‍ അനവരതം പൊരുതുന്നവള്‍; മരുക്കാറ്റിലും കുളിര്‍മ്മയെ കൊണ്ടുവരുന്നവള്‍; കടല്‍പശുവിനുപോലും കാനനം ഒരുക്കിയവള്‍; കാടിനെയും കാട്ടാളരെയും കനിവോടെ കാക്കുന്നവള്‍; കണ്ടല്‍ക്കാടുകളുടെ കാവലാള്‍… ഈ വിശേഷണങ്ങളൊക്കെ സുപ്രിയ സാഹുവിനുമാത്രം സ്വന്തം. അതുകൊണ്ടാണ്, ഐക്യരാഷ്‌ട്രസഭ അവരെ ഈവര്‍ഷത്തെ പരമോന്നത ഹരിതപുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
ഐക്യരാഷ്‌ട്രസഭയുടെ കാലാവസ്ഥാ-പരിസ്ഥിതി വിഭാഗമായ യുഎന്‍ഇപിയുടെ ‘ചാമ്പ്യന്‍ ഓഫ് ദ എര്‍ത്ത്’ പുരസ്‌കാരം ഈവര്‍ഷം അഞ്ചുപേര്‍ക്കാണ് ലഭിച്ചത്. ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണത്തിനും കാലാസ്ഥാ മാറ്റത്തില്‍ വലയുന്ന പസഫിക് ദ്വീപുകളിലെ വിദ്യാര്‍ത്ഥി കൂട്ടായ്‌മക്കും ഒക്കെ. അതില്‍ ഭാരതത്തില്‍നിന്നുള്ള ഏകജേതാവായിരുന്നു സുപ്രിയ സാഹു. അയല്‍നാടായ തമിഴ്നാട്ടിലെ വനം-പരിസ്ഥിതി-കാലാവസ്ഥാ വകുപ്പിന്റെചുക്കാന്‍ പിടിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു.
കാലാവസ്ഥാമാറ്റത്തെ തടുത്തുനിര്‍ത്തി ഭൂമിക്ക് ഹരിതാവരണമൊരുക്കാനുള്ള തീവ്രശ്രമങ്ങളാണ് സുപ്രിയയെ ആഗോള അംഗീകാരത്തിന് അര്‍ഹയാക്കിയത്. ആ തീവ്രശ്രമത്തെ ഒരു ജനകീയ മുന്നേറ്റമാക്കാന്‍ കഴിഞ്ഞുവെന്നതായിരുന്നു അവരെ ശ്രദ്ധേയയാക്കിയത്. കാലാവസ്ഥാ മാറ്റത്തിന്റെ ദുരിതങ്ങളെക്കുറിച്ച് പഠിപ്പിക്കുക മാത്രമായിരുന്നില്ല അവര്‍ ചെയ്തത്; അതിന് ജനങ്ങളെ കര്‍മ്മരംഗത്തിറക്കുകകൂടിയായിരുന്നു.
സിവില്‍ സര്‍വ്വീസ് ജയിച്ച് ജില്ലാ കളക്ടറായ കാലം മുതല്‍ക്ക് സുപ്രിയ സാഹു തെരഞ്ഞെടുത്തത് ‘നല്ല ഭൂമി’യുടെ വഴിയായിരുന്നു. വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് സഞ്ചികള്‍ തൊണ്ടയില്‍ കുരുങ്ങി പിടഞ്ഞുമരിക്കുന്ന വന്യമൃഗങ്ങളും സുനാമി പിച്ചിച്ചീന്തിയ കടലോര ജീവിതങ്ങളുമൊക്കെ അവരുടെ നോവുകളായി. സുനാമി തകര്‍ത്ത ഗ്രാമങ്ങളില്‍ സര്‍ക്കാര്‍ സഹായവുമായെത്തിയ അവര്‍ പ്രകൃതിയുടെ കരുത്തും കാരുണ്യവും കണ്ടറിഞ്ഞു. കണ്ടല്‍ക്കാടുകള്‍ കോട്ടകെട്ടിയ ഇടങ്ങളില്‍ സുനാമി മിണ്ടാതെ കടന്നുപോയിരിക്കുന്നു! ‘തന്നെ സംരക്ഷിക്കുന്നവരെ പ്രകൃതിതന്നെ സംരക്ഷിക്കും’: അതായിരുന്നു അന്ന് സുപ്രിയ പഠിച്ച പാഠം.
അന്ന് പഠിച്ച പാഠത്തില്‍നിന്ന് അവര്‍ കടലോരങ്ങളില്‍ കണ്ടല്‍ നടുന്ന ഒരു വമ്പന്‍ പദ്ധതിക്ക് രൂപംനല്‍കി. ആ പദ്ധതിയെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റി. അങ്ങിനെ നാലായിരത്തോളം ഹെക്ടര്‍ ചതുപ്പുകളില്‍ കണ്ടല്‍ച്ചെടികള്‍ വളര്‍ന്നു.
സ്വതവേ ചൂട് കൂടിയ തമിഴകത്ത് അല്‍മെങ്കിലും തണുപ്പ് പടര്‍ത്തുകയെന്നതായിരുന്നു അടുത്ത ലക്ഷ്യം. അതിനാദ്യം വേണ്ടത് വിദ്യാലയങ്ങള്‍ക്ക് കുളിര്‍മ്മ നല്‍കുകയെന്നത്-കൊടുംചൂടില്‍ വെന്തുരുകിയിരിക്കുന്ന കുട്ടികള്‍ക്ക് എങ്ങനെ നന്നായി പഠിക്കാനാവും? അതുകൊണ്ട് തെരഞ്ഞെടുത്ത 200 സ്‌കൂളുകളുടെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ അവര്‍ വെള്ളച്ചായമടിച്ചു. സൂര്യരശ്മികളെ പ്രതിഫലിപ്പിക്കുന്ന തരം പെയിന്റുകള്‍. അത്ഭുതാവഹമായിരുന്നു ചായമടിയുടെ ഫലം. ക്ലാസ്മുറികളിലെ താപനില മൂന്നു മുതല്‍ അഞ്ച് ഡിഗ്രിവരെ കുറഞ്ഞു.
നാട്ടിന്‍പുറത്തും നഗരമധ്യങ്ങളിലുമൊക്കെ തരിശായി കിടക്കുന്ന ഭൂമിയില്‍ ജനസഹകരണത്തോടെ മരം നടാനായിരുന്നു സുപ്രിയയുടെ മറ്റൊരു പദ്ധതി. ലക്ഷ്യം ആറ് ലക്ഷം മരങ്ങള്‍. നഗരങ്ങളിലെ ഹരിതാവരണം വര്‍ധിച്ചതോടെ ചൂട് കുറഞ്ഞു. ദേശാടനപക്ഷികള്‍ ചിറകടിച്ചു പറന്നു. തരിശായി കിടന്ന 7000 ഹെക്ടര്‍ വനഭൂമിയാണ് സുപ്രിയയുടെ നേതൃത്വത്തില്‍ റിസര്‍വ് വനമാക്കി മാറ്റിയെടുത്തത്. ജൈവ വൈവിധ്യത്തിന്റെ കേദാരഭൂമിയായ തണ്ണീര്‍ത്തടങ്ങളെ (വെറ്റ്ലാന്റ്) പുനരുദ്ധരിച്ചതിലൂടെ തമിഴ്നാട്ടിലെ റംസാര്‍ സൈറ്റുകളുടെ എണ്ണം ഇരുപതിലേക്ക് കുതിച്ചുയര്‍ന്നു. ഭാരതത്തിലെ ആദ്യ കടല്‍പശു (ഡുഗോങ്ങ്) സംരക്ഷണ റിസര്‍വ് തമിഴ്നാടിന്റെ കടല്‍ ഭൂമികയില്‍ രൂപപ്പെടുത്തിയതിന്റെ പിന്നിലും സുപ്രിയ സാഹുവിന്റെ കനിവും കനവുമായിരുന്നു. കടല്‍പശുവിന്റെ സംരക്ഷണ ഉദ്യാനമടക്കം ഏഴ് പുതിയ സങ്കേതങ്ങള്‍ തമിഴകത്ത് തുടങ്ങാന്‍ സുപ്രിയ നേതൃത്വം നല്‍കി.
വംശനാശം നേരിടുന്ന വന്യമൃഗങ്ങള്‍ക്ക് സുപ്രിയയുടെ വകുപ്പ് പ്രത്യേക പരിഗണനയാണ് നല്‍കിയത്: നീലഗിരി താര്‍, സ്ലെന്‍ഡര്‍ ലോറിസ് (കുട്ടിത്തേവാങ്ക്) എന്നിവയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. കരയിലെ ജീവജാലങ്ങളെപ്പോലെ കടലിലെ ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിന് അവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തി. എണ്ണൂര്‍, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പവിഴപ്പുറ്റുകളുടെ സംരക്ഷണം അതില്‍ പ്രധാനം.
ഒറ്റത്തവണ ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ലാസ്റ്റിക് സഞ്ചികള്‍ക്കെതിരെ സുപ്രിയ സാഹു നടത്തിയ പോരാട്ടമാണ് ‘മീണ്ടും മഞ്ഞപായ്’ എന്ന തുണിസഞ്ചി പ്രചാരണ മുന്നേറ്റത്തില്‍ കലാശിച്ചത്. ഉപയോഗശൂന്യമായ തുണിയില്‍നിന്നും രൂപപ്പെടുത്തിയ മഞ്ഞ തുണിസഞ്ചികള്‍ പ്ലാസ്റ്റിക് സഞ്ചികള്‍ക്കെതിരെ കനത്ത പ്രതിരോധമാണ് തീര്‍ത്തത്. സൗരോര്‍ജത്തിന് പരമാവധി പ്രോത്സാഹനം നല്‍കി. പത്ത് ഗ്രാമങ്ങളെ ഏറ്റെടുത്തുകൊണ്ട് ‘ക്ലെമറ്റ് സ്മാര്‍ട്ട്’ ഗ്രാമപദ്ധതിക്ക് തുടക്കമിട്ടു. ഈ പദ്ധതികള്‍ തമിഴകത്തിന് അധികമായി നല്‍കിയത് 25 ലക്ഷം ഹരിത തൊഴിലവസരങ്ങള്‍.
കന്യാവനങ്ങളിലും കണ്ടല്‍കാടുകളിലും മുക്കുവഗ്രാമങ്ങളിലും വെല്‍പ്രദേശങ്ങളിലുമൊക്കെ നാട്ടുകാര്‍ക്കൊപ്പം നടക്കാനും അവരിലൊരാളായി മാറാനും സുപ്രിയ എന്നും ശ്രമിച്ചു. കാലാവസ്ഥാ മാറ്റത്തിനെതിരായുള്ള ഏത് സംരംഭവും തുടങ്ങേണ്ടത് സ്വന്തം വീടുകളില്‍നിന്നുതന്നെയാവണമെന്ന് അവര്‍ തിരിച്ചറിഞ്ഞു. അങ്ങിനെയാണ് സാമൂഹ്യ അധിഷ്ഠിത പരിസ്ഥിതി സംരക്ഷണം (കമ്യൂണിറ്റി ബേസ്ഡ് കണ്‍സര്‍വേഷന്‍) അവര്‍ തന്റെ മുദ്രാവാക്യമായി സ്വീകരിച്ചത്.
കാലാവസ്ഥാമാറ്റത്തെക്കുറിച്ച് വീട്ടമ്മമാരെ ബോധവല്‍ക്കരിക്കാനും ശാക്തീകരിക്കാനും
ലക്ഷ്യമിട്ട് പത്ത് മാസ മെന്റര്‍ഷിപ്പ് പരിപാടി ആരംഭിച്ചതും അതേ ലക്ഷ്യത്തോടെതന്നെ. തമിഴകത്തെഹരിതാഭമാക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രീന്‍ തമിഴ്നാട് മിഷന്‍, വെറ്റ്ലാന്റ് മിഷന്‍, കോസ്റ്റല്‍ റിസ്റ്റൊറേഷന്‍ മിഷന്‍ എന്നിവക്ക് രൂപംനല്‍കാന്‍ മുന്നിട്ടിറങ്ങിയതും മറ്റാരുമായിരുന്നില്ല. ഇവയൊക്കെ, രാജ്യം ലക്ഷ്യമിട്ട മലിനവാതക ഉത്സര്‍ജന നിയന്ത്രണ ലക്ഷ്യം (ദേശീയ എമിഷന്‍ ടാര്‍ജറ്റ്) കൈവരിക്കാന്‍ ഏറെ സഹായകരമാകുമെന്നതിന് രണ്ട് പക്ഷമില്ല.
സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായിരുന്നുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ജനകീയ മുന്നേറ്റങ്ങള്‍ വിജയകരമായി രൂപപ്പെടുത്താമെന്നതിന്റെ ഉത്തമ ഉദാഹരണമായാണ് സുപ്രിയ സാഹുവിന്റെ പരിശ്രമങ്ങളെ യുഎന്‍ഇപി വിലയിരുത്തിയത്. ശാസ്ത്രാധിഷ്ഠിതമായ ജനകീയ കാലാവസ്ഥാ മുന്നേറ്റത്തിന് അവര്‍ നല്‍കിയ സംഭാവനകളെ നെയ്റോബിയില്‍ നടന്ന പുരസ്‌കാരദാന ചടങ്ങിലും യുഎന്‍ഇപി ആവര്‍ത്തിച്ചു; അംഗീകരിച്ചു; ആദരിച്ചു… നമുക്കും പിന്തുടരാവുന്ന നല്ല മാതൃക!











