രാവിന്റെ മാറില്‍ തലചായ്ച്ചുനങ്ങേ
നോവിന്റെ ഭാണ്ഡം ഞാന്‍ താഴെയിറക്കി.
എന്നിലെയെന്നെത്തിരഞ്ഞുനോക്കീടവേ
ഒന്നുമല്ലാത്തെന്നെ കണ്ടതേയില്ല ഞാന്‍!
ആരോയെന്‍ കാതില്‍ മൊഴിഞ്ഞു മാഞ്ഞീടുന്നു
ഞാനൊരു വ്യഥയാം പുഴയായിരുന്നെന്ന്!
ഓരോ വേനലുമൂറ്റിക്കുടിച്ചെന്റെ
മാറും മനസ്സും വറ്റിവരണ്ടുപോയ്!
ഓമല്‍ക്കിനാക്കളെയോമനിച്ചി ന്നിതാ
ഒരു മഴക്കാലം വരനായ് കൊതിപ്പൂ!
കുളിര്‍തെന്നലായി വന്നെന്റെഹൃത്തില്‍
തളിരുകിളിര്‍ക്കാന്‍ വരില്ലേ നീയൊന്ന്?
കനവുകളൊന്നും തളിര്‍ക്കാതി രിയ്‌ക്കേ
കരളില്‍ കുളിരായി പെയ്യാതിരിയ്‌ക്കേ
കദനമേ നീയിനിയെന്തു ചെയ്തീടാന്‍
വദനവുംവാടിയിരിയ്‌ക്കയാണെന്നോ?
















