വാഷിങ്ടണ്‍: യുഎസ് സൈന്യം തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്ക് മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇത് ഒഴിവാക്കുന്നതിനായി വത്തിക്കാന്റെ നേതൃത്വത്തില്‍ ശ്രമങ്ങളും നടത്തി. മഡുറോയെ പിടികൂടാന്‍ യുഎസ് പദ്ധതിയിട്ടപ്പോള്‍ അഭയം നല്‍കാനുള്ള നിരവധി വാഗ്ദാനങ്ങള്‍ ലഭിച്ചെങ്കിലും അദ്ദേഹം അതെല്ലാം നിരസിക്കുകയായിരുന്നു.
മഡുറോയെ പിടികൂടാനുള്ള യുഎസ് നീക്കങ്ങള്‍ സംബന്ധിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, ഹോളി സീയിലെ യുഎസ് അംബാസഡര്‍ ബ്രയാന്‍ ബര്‍ച്ചിനെ വിളിച്ച് സംസാരിച്ചിരുന്നു. ട്രംപ് ഭരണകൂടം വെനിസ്വേലയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് പരോളിന്‍ വ്യക്തതയും തേടി. എന്നാല്‍ മയക്കുമരുന്ന് കടത്തുകാരെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂവെന്നാണ് യുഎസ് അറിയിച്ചത്. യുഎസ് നടപടിക്ക് മുമ്പ് മഡുറോയ്‌ക്ക് സുരക്ഷിത താവളം കണ്ടെത്താന്‍ റഷ്യ, ഖത്തര്‍, തുര്‍ക്കി എന്നിവരുടെ ഇടപെടലിലാണ് വത്തിക്കാന്‍ യുഎസ് അംബാസഡറുമായി ചര്‍ച്ച നടത്തിയത്. യുഎസ് നീക്കം ആരംഭിച്ചതോടെ അദ്ദേഹത്തിന് അഭയം നല്‍കാന്‍ തയാറാണെന്ന് റഷ്യയും തുര്‍ക്കിയും സൂചിപ്പിക്കുകയും ചെയ്തതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. മഡുറോയെ നാടുകടത്തി യുഎസ് സൈനിക ഇടപെടല്‍ ഒഴിവാക്കാന്‍ അന്താരാഷ്‌ട്ര തലത്തില്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ചര്‍ച്ചയില്‍ മഡുറോയോട് വെനിസ്വേല വിടാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും വിവിധ ഓഫറുകള്‍ ഈ രാജ്യങ്ങള്‍ മുന്നോട്ട് വെക്കുകയും ചെയ്തിരുന്നു. എന്നാല്‍ മഡുറോ ഇതെല്ലാം തള്ളി.
തുടര്‍ന്ന് യുഎസ് മഡുറോയുടെ വിശ്വസ്തയും ഡെപ്യൂട്ടിയുമായ ഡെല്‍സി റോഡ്രിഗസിനെ കൂട്ടുപിടിച്ചാണ് സൈനിക നീക്കങ്ങള്‍ക്കുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്. മഡുറോയ്‌ക്ക് ശേഷം വെനിസ്വേലയെ നയിക്കുന്നതില്‍ വിശ്വസ്ത ആണെങ്കില്‍ കൂടുതല്‍ ഫലപ്രദമാകുമെന്ന് സിഐഎ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണിത്. അതുകൊണ്ടാണ് യുഎസ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ വെനിസ്വലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയെ ഒഴിവാക്കി ഡെല്‍സിയെ കൂട്ടുപിടിച്ചത്. നിലവില്‍ വെനിസ്വേലന്‍ ഇടക്കാല പ്രസിഡന്റാണ് ഡെല്‍സി. അവര്‍ യുഎസ് വിരുദ്ധയല്ലെന്നും സാന്താ മോണിക്കയില്‍ താമസിച്ചിരുന്നെന്നും യുഎസ് പ്രതിനിധികളുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
















