ഇസ്ലാമബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു യുവാവായ കര്‍ഷകനെ ഭൂവുടമ വെടിവെച്ചു കൊന്നതിനേത്തുടര്ന്ന് പ്രതിഷേധവുമായി ന്യൂനപക്ഷ സംഘടനകള്‍. കഴിഞ്ഞ ദിവസമാണ് കര്‍ഷകനായ കൈലാഷ് കോഹ്ലിയെ ഭൂവുടമയായ സര്‍ഫറാസ് നിസാമാനി വെടിവെച്ച് കൊന്നത്. നെഞ്ചില്‍ വെടിയേറ്റ യുവാവ് സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഭൂവുടമയെ പിടികൂടാന്‍ പോലീസ് തയാറായിട്ടില്ല. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും കൊലപാതകം, തീവ്രവാദം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നുമാവശ്യപ്പെട്ടാണ് ന്യൂനപക്ഷ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയത്. ഇരയുടെ കുടുംബത്തിന് പൂര്‍ണ സംരക്ഷണം നല്‍കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു. കൊലപാതക കാരണം അറിവായിട്ടില്ല.
സിന്ധിലെ പാക് ഫെഡറല്‍, പ്രാദേശിക സര്‍ക്കാരുകള്‍ക്കെതിരെ ഹിന്ദു ന്യൂനപക്ഷങ്ങളും മനുഷ്യാവകാശ സംഘടനകളും ഒരുപോലെ തെരുവിലിറങ്ങിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സിന്ധ് പ്രവിശ്യയിലുടനീളം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.











