ന്യൂദൽഹി : വെനസ്വേലയ്‌ക്കു സമീപമുള്ള എണ്ണ ടാങ്കറിന് അകമ്പടിയായി അന്തർവാഹിനികളെയും നാവിക കപ്പലുകളെയും റഷ്യ വിന്യസിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു . ‘ബെല്ല 1’ എന്ന എണ്ണ ടാങ്കറിന് കവചമൊരുക്കാനാണ് റഷ്യ അന്തർവാഹിനികളും മറ്റും വിന്യസിച്ചിരിക്കുന്നതെന്നാണ് സൂചന. ഈ ടാങ്കറിൽ നിലവിൽ ചരക്കൊന്നും ഇല്ലെങ്കിലും വെനസ്വേലൻ അസംസ്കൃത എണ്ണയുടെ ഗതാഗതത്തിന് നിർണായക പങ്കുവഹിച്ചതാണ് ഈ ടാങ്കറെന്നാണ് റിപ്പോർട്ട്.
എണ്ണ ടാങ്കറുകൾ വെനസ്വേലൻ തീരത്ത് പ്രവേശിക്കുന്നതിനും പുറത്തേക്കു പോകുന്നതിനും യുഎസ് വിലക്കേർപ്പെടുത്തിയിരിക്കവേ, ഈ നീക്കം റഷ്യ–യുഎസ് ബന്ധത്തിൽ കൂടുതൽ വിള്ളലേൽപ്പിച്ചേക്കുമെന്നാണ് വിലയിരുത്തൽ. റഷ്യ യുഎസിനെ ആക്രമിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട് . ലോകത്തിലെ ഏറ്റവും വലിയ രണ്ട് ആണവ ശക്തികൾ യുദ്ധം പൊട്ടിപ്പുറപ്പെടുമോ എന്നാണ് നിലവിലെ ചർച്ചകൾ. ഈ യുദ്ധം നടന്നാൽ ദശലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്യും. മാത്രമല്ല, ഈ യുദ്ധത്തിന്റെ ഫലങ്ങൾ ഭാവിയിൽ അനുഭവപ്പെടുകയും ഭാവി തലമുറകളെ ബാധിക്കുകയും ചെയ്യും.
2019 സെപ്റ്റംബർ 18-ന് icanw.org- ൽ ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു . അതിൽ റഷ്യയും അമേരിക്കയും തമ്മിൽ ഒരു ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ, ആദ്യത്തെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ 34.1 ദശലക്ഷം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുമെന്നും 57.4 ദശലക്ഷം പേർക്ക് ഗുരുതരമായി പരിക്കേൽക്കുമെന്നുമാണ് പറയുന്നത് . ഇന്റർനാഷണൽ ഫിസിഷ്യൻസ് ഫോർ ദി പ്രിവൻഷൻ ഓഫ് ന്യൂക്ലിയർ വാർ 2013-ൽ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് അവതരിപ്പിച്ചത്. ഇത് മാത്രമല്ല, ആണവയുദ്ധത്തിന്റെ പ്രതികൂല ഫലങ്ങൾ ഭാവിയിലും കാണപ്പെടും, അതിനാൽ മരണസംഖ്യ ഇനിയും വർദ്ധിക്കുമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
റേഡിയോ ആക്ടിവിറ്റിയും ഭൂമിയുടെ താപനിലയിൽ ഗണ്യമായ കുറവും ഉണ്ടാകും . ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരിമിതമായ ആണവയുദ്ധം പോലും സ്ഥിതി കൂടുതൽ വഷളാക്കും എന്ന് റിപ്പോർട്ട് പറയുന്നു. ഒരു ബില്യണിലധികം ആളുകൾ പട്ടിണി നേരിടേണ്ടിവരും, 1.3 ബില്യൺ ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടേണ്ടിവരും.
അക്കാലത്ത് റഷ്യയുടെയും യുഎസിന്റെയും കൈവശം ഉണ്ടായിരുന്ന ആണവായുധങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷകർ ഈ കണക്ക് തയ്യാറാക്കിയത്. നിലവിൽ റഷ്യയുടെ കൈവശം 5,449 ഉം യുഎസിന്റെ കൈവശം 5,277 ഉം ആണവായുധങ്ങളുണ്ട്.
















