വാഷിങ്ടൻ: യുഎൻ സംഘടനകൾ ഉൾപ്പെടെ 66 അന്താരാഷ്ട്രസഖ്യങ്ങളിൽ നിന്നും സംരംഭങ്ങളിൽ നിന്നും അമേരിക്ക പിന്മാറി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അമേരിക്കയുടെ താൽപര്യങ്ങൾക്ക് വിരുദ്ധവും അനാവശ്യവുമായ കരാറുകളിൽ നിന്നാണ് പിന്മാറുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. 35 യുഎൻ ഇതര സംഘടനകളുമായും 31 യുഎൻ സംവിധാനങ്ങളുമായുമുള്ള കരാറുകളും സഖ്യങ്ങളും സഹകരണവുമാണ് അമേരിക്ക അവസാനിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയും ഫ്രാൻസും നേതൃത്വം നൽകുന്ന ഇന്റർനാഷനൽ സോളർ അലയൻസ് ഉൾപ്പെടെ വിവിധ രാജ്യാന്തര സംരംഭങ്ങളിൽനിന്നാണ് യുഎസ് പിന്മാറുന്നത്. സൗരോർജ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ–ഫ്രാൻസ് സഹകരണത്തിലൂടെ രൂപംകൊണ്ട ഇന്റർനാഷനൽ സോളർ അലയൻസിന് നിലവിൽ നൂറിലേറെ രാജ്യങ്ങൾ അംഗങ്ങളാണെങ്കിലും, പുതിയ തീരുമാനത്തോടെ യുഎസ് ഈ കൂട്ടായ്മയിൽ നിന്ന് പൂർണമായി മാറിനിൽക്കും.
യുക്രെയ്നിലെ ശാസ്ത്ര സാങ്കേതിക കേന്ദ്രവുമായി ബന്ധപ്പെട്ട പദ്ധതികളും ഈ പട്ടികയിലുണ്ട്. ഇനി മുതൽ ഈ സംഘടനകളുടെ പരിപാടികളിൽ യുഎസ് പങ്കാളിയാകുകയോ ധനസഹായം നൽകുകയോ ചെയ്യില്ലെന്ന് പ്രസിഡൻഷ്യൽ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
















