പത്തനംതിട്ട: സ്ഥാനം ഒഴിഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നടത്തിയത് 2019-ലെ കൊള്ളയുടെ തുടര്‍ച്ചയെന്ന് എസ്‌ഐടി. പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും. 2019-ലെ വന്‍കൊള്ള മറയ്‌ക്കാന്‍ പ്രശാന്ത് കൂട്ടുനിന്നെന്നാണ് എസ്‌ഐ ടിയുടെ കണ്ടെത്തല്‍. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സ്വര്‍ണം പൂശിയ ദ്വാരപാലക പാളികളുടെ നിറം മങ്ങിയതിനാലാണ് വീണ്ടും സ്വര്‍ണം പൂശിയതെന്ന് പ്രശാന്ത് വ്യക്തമാക്കിയിരുന്നു. 9.7 ഗ്രാം സ്വര്‍ണം അധികം പൂശിയാണ് കഴിഞ്ഞ ഒക്ടോബര്‍ 17-ന് പാളികള്‍ പുനഃസ്ഥാപിച്ചതെന്നും പ്രശാന്ത് പറഞ്ഞിരുന്നു.
നിരപരാധിത്വം വ്യക്തമാക്കാന്‍ പ്രശാന്ത് നിരത്തിയ ഈ തെളിവ് കുരുക്കായെന്നാണ് സൂചന. ഓണ പൂജ കഴിഞ്ഞ് നട അടച്ച സപ്തംബര്‍ ഏഴിന് രാത്രി ദേവസ്വം സ്‌പെഷല്‍ കമ്മിഷണറെ അറിയിക്കാതെ പാളികള്‍ കടത്തിയത് ദിവസങ്ങള്‍ക്ക് ശേഷം കോടതി അറിഞ്ഞതോടെയാണ് 2019-ലെ സ്വര്‍ണക്കൊള്ള പുറത്തുവന്നത്. സ്വന്തം വീഴ്‌ച്ച മറയ്‌ക്കാന്‍ പോറ്റിയോടൊപ്പം ചേര്‍ന്ന് പ്രശാന്ത് നടത്തിയ തന്ത്രമാണ് ഈ അധിക സ്വര്‍ണം പൂശലെന്നാണ് എസ്‌ഐടി നിഗമനം.
2023 നവംബറില്‍ അധികാരത്തില്‍ വന്ന പ്രശാന്ത് അധികം വൈകാതെ ദ്വാരപാലക പാളികളില്‍ സ്വര്‍ണം പൂശാന്‍ തിടുക്കം കാട്ടി. നിലവാരം കുറഞ്ഞ പൂശല്‍ മൂന്നു വര്‍ഷം കൊണ്ട് മങ്ങി ചെമ്പു തെളിഞ്ഞതിനാല്‍ 2019 ലെ കളവ് പുറത്തുവരുമെന്നു ഭയന്ന്, ആരുടെയൊ സമ്മര്‍ദ്ദത്തിലാണ് തിടുക്കത്തില്‍ സ്വര്‍ണം പൂശന്‍ പ്രശാന്ത് ശ്രമിച്ചതെന്നാണ് സൂചന. സമ്മര്‍ദ്ദം ചെലുത്തിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണോ അതോ 2019-ലെ സ്വര്‍ണ ക്കൊള്ളയില്‍ പങ്കാളികളായ മറ്റാരെങ്കിലുമാണൊ എന്നതിലാണ് ഇനി വ്യക്തത വേണ്ടത്. അടുത്ത ചോദ്യം ചെയ്യലിനു ശേഷം പ്രശാന്ത് അറസ്റ്റിലാകാനും സാധ്യതയുണ്ട്.
















