വയനാട്: പുൽപള്ളിയിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പുൽപള്ളി സീതാദേവി ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പട്ടണ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രവളപ്പിൽവച്ചാണ് ആന ഇടഞ്ഞത്.
സംഭവത്തിൽ രണ്ട് പാപ്പാന്മാര്ക്ക് പരുക്കേറ്റിട്ടുണ്ട്. പാപ്പാന്മാരായ ഉണ്ണി, രാഹുൽ എന്നിവർക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കൊല്ലത്ത് നിന്നെത്തിച്ച ശിവൻ എന്ന ആനയാണ് ഉത്സവത്തിനിടെ ഇടഞ്ഞത്. പട്ടണ പ്രദക്ഷിണം പൂർത്തിയാക്കി ക്ഷേത്ര മൈതാനത്ത് നിൽക്കുമ്പോൾ ആന പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നു.
പരുക്കേറ്റ ഉണ്ണിയെയും, രാഹുലിനെയും ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.സംഭവത്തെ തുടർന്ന് ഉത്സവത്തിനെത്തിയ ഭക്തർ പരിഭ്രാന്തരായി ഓടി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മറ്റ് പാപ്പാന്മാരും എലിഫന്റ് സ്ക്വാഡും ചേർന്ന് ആനയെ തളച്ചു.
















