ബൊഗോട്ട: വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക ഇടപെടലിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരസ്യമായി വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ രംഗത്തെത്തി. ‘എന്നെ പിടിക്കാൻ വരൂ, ഞാൻ നിങ്ങൾക്കായി കാത്തിരിക്കുകയാണ്’ എന്ന് പെട്രോ പ്രസ്താവനയിലൂടെ ട്രംപിനെ പരിഹസിച്ചു.
കഴിഞ്ഞ ആഴ്ച വെനസ്വേലയിൽ അമേരിക്കൻ സൈന്യം നടത്തിയ മിന്നൽ നീക്കത്തിലൂടെ അവിടുത്തെ ഭരണാധികാരി നികോളാസ് മഡുറോയെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയും കൊളംബിയയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായത്. വെനസ്വേലയിലെ അമേരിക്കൻ നടപടിയെ പെട്രോ നേരത്തെ ശക്തമായി അപലപിച്ചിരുന്നു.
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് അമേരിക്കയുടേതെന്ന് പെട്രോ ആരോപിച്ചു. മഡുറോയുടെ അറസ്റ്റിന് പിന്നാലെ മേഖലയിൽ കൂടുതൽ സൈനിക നടപടികൾക്ക് ട്രംപ് ഭരണകൂടം മുതിരുമെന്ന സൂചനകൾക്കിടയിലാണ് കൊളംബിയൻ പ്രസിഡന്റിന്റെ ഈ പ്രകോപനപരമായ പ്രതികരണം.
അമേരിക്കയുടെ ഭാഗത്തുനിന്ന് സമാനമായ ഭീഷണികൾ കൊളംബിയക്കും നേരെ ഉണ്ടായേക്കാം എന്ന വിലയിരുത്തലുകൾക്കിടയിലാണ്, ഭയമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് പെട്രോ രംഗത്തെത്തിയിരിക്കുന്നത്.











