ഔഷധ ഗുണങ്ങളേറെയുള്ള സസ്യമാണ് തിപ്പലി. സുഗന്ധമുള്ള, ഇളം തണ്ടുകളുള്ള ചെടി ആണ് തിപ്പലി. പനി, ജലദോഷം, ചുമ, ദഹനക്കേട് തുടങ്ങി ആസ്‌ത്മയ്‌ക്കും മഞ്ഞപ്പിത്തതിനും പ്രസവാനന്തരമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കും അടക്കം തിപ്പലി ഉപയോഗിക്കാറുണ്ട്. പല്ലുവേദന, പൈല്‍സ്, പൊണ്ണത്തടി തുടങ്ങിയവയ്‌ക്കും തിപ്പലി ഒരു പ്രതിവിധിയാണെന്ന് ആയുർവേദ ആചാര്യന്മാർ പറയുന്നു.
തിപ്പലി സമൂലം ഉപയോഗയോഗ്യമാണ്. തിപ്പലി വേരിൽ പിപ്പെറിൻ സ്റ്റെറോയ്ഡുകൾ, ഗ്ലൂക്കോസൈഡുകൾ, പിപ്പെലാർട്ടിൻ, പിപ്പെർലോങ്ങുമിനിന്‍ ഇവ അടങ്ങിയിട്ടുണ്ട്.
പലതരം തിപ്പലികളുണ്ട്. ചെറുതിപ്പലി, വൻതിപ്പലി, നീർതിപ്പലി, ഹസ്തിതിപ്പലി, കുഴിതിപ്പലി, കാട്ടുതിപ്പലി, ഉണ്ടതിപ്പലി തുടങ്ങിയവ അവയിൽ ചിലതാണ്. ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന സുഗന്ധ വ്യഞ്ജനമാണ് തിപ്പലി. ഇപ്പോഴിതാ, തിപ്പലിയ്‌ക്ക് കാൻസറിനെതിരെ പ്രതവർത്തിക്കാനും കഴിയുമെന്നാണ് പുതിയ പഠനം പറയുന്നത്. വൻകുടലിലെ കാൻസർ കോശങ്ങള്‍ക്കെതിരെ പ്രവർത്തിക്കാൻ കഴിയുന്ന ഫലപ്രദമായ മരുന്നാണ് തിപ്പലിയില്‍ കാണപ്പെടുന്ന പ്രകൃതിദത്തമായ സംയുക്തമെന്ന് റൂർക്കലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻഐടി) ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. ലോകത്ത് ഏറ്റവും സാധാരണമായ കാൻസറുകളില്‍ ഒന്നാണ് വൻകുടല്‍ കാൻസർ.
വിവിധ അന്താരാഷ്‌ട്ര കാൻസർ ഗവേഷണ സംഘങ്ങള്‍ പല കാൻസറുകളെ കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. എന്നാല്‍ കീമോതെറാപ്പിയ്‌ക്ക് പകരമായി തിപ്പലി പോലൊരു പ്രകൃതിദത്ത മരുന്ന് കണ്ടെത്താൻ എൻഐടി റൂർക്കലയിലെ സംഘത്തിന് സാധിച്ചു. പലവിധ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് സംഘം വിജയിച്ചത്.
കീമോതെറാപ്പി പോലുള്ള പരമ്പരാഗത ചികിത്സകൾ വേദനാജനകമാണ്. ഒപ്പം മുടി കൊഴിച്ചിൽ, ക്ഷീണം, നാഡി ക്ഷതം, ദുർബലമായ പ്രതിരോധശേഷി എന്നിവയുൾപ്പെടെ ദീർഘകാല പാർശ്വഫലങ്ങളും ഉണ്ടാക്കുന്നു. കൂടാതെ, കീമോതെറാപ്പിക്ക് ശേഷം കാൻസർ കോശങ്ങൾ ഒരു പ്രതിരോധം ഉണ്ടാക്കുന്നു. ഇത് തുടർ ചികിത്സ ബുദ്ധിമുട്ടിലാക്കുന്നു.
തിപ്പലിയുടെ ഔഷധ ഗുണം വൻകുടൽ കാൻസർ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കുകയും കാൻസർ ഇതര കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു എന്ന് പ്രശസ്‌ത ജേണലായ ബയോഫാക്ടേഴ്‌സിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.തിപ്പലി വൻകുടൽ കാൻസർ കോശങ്ങൾക്കുള്ളിൽ ഓക്‌സിഡേറ്റീവ് സമ്മർദം വർധിപ്പിക്കുകയും അവ സ്വയം നശിപ്പിക്കാൻ കാരണമാവുകയും ചെയ്യുന്നുവെന്ന് ഗവേഷണത്തില്‍ കണ്ടെത്തി. ഇന്ത്യയില്‍ പാചകത്തില്‍ അടക്കം ഉപയോഗിക്കുന്നതാണ് തിപ്പലി. വളരെ എളുപ്പത്തില്‍ വളർത്താവുന്ന ഒരു സസ്യം കൂടിയാണിത്












