Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ത്രിശൂലത്തില്‍ മയങ്ങിക്കിടക്കുന്ന കാശി

ലത ടി.ബാലകൃഷ്ണന്‍ by ലത ടി.ബാലകൃഷ്ണന്‍
Jan 4, 2026, 03:55 pm IST
in Varadyam

കാശി എന്ന പുണ്യ നഗരത്തെക്കുറിച്ച് ആദ്യമായി ഞാന്‍ കേള്‍ക്കുന്നത് എന്റെ എട്ടാമത്തെ വയസ്സിലാണ്. എഴുപത്തിനാല് കഴിഞ്ഞ എന്റെ മുത്തച്ഛന്‍ ഒരിക്കല്‍ മുത്തശ്ശിയോട്
പിണങ്ങി കാശിക്കു പോയി. കാശിയില്‍ എത്തിയോ എന്നറിയില്ല. ഏഴാം പക്കം തിരിച്ചു വന്നപ്പോള്‍ മുത്തച്ഛന്റെ തോള്‍ സഞ്ചിയില്‍ തൊട്ടടുത്ത കടയില്‍ നിന്നു വാങ്ങിയതാവണം ഒരു ഉണങ്ങിയ പരിപ്പുവട ഉണ്ടായിരുന്നു. കാശിയിലെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ കൊതിച്ചിരുന്ന എനിക്ക് മുത്തച്ഛന്‍ പരിപ്പുവട സമ്മാനിച്ചപ്പോള്‍ മുത്തശ്ശി അത് ഇടം കൈകൊണ്ട് തട്ടി മുറ്റത്തേക്ക് ഇട്ടു. അന്നു ഞാന്‍ കരുതിയത് വീട്ടുകാരോട് വഴക്കിടുമ്പോള്‍ പിണങ്ങി പോകാന്‍ പറ്റിയ സ്ഥലമാണ് കാശി എന്നായിരുന്നു.

കാലമെത്ര കടന്നുപോയി. ഒരു മുന്‍വിധിയുമില്ലാതെ മുന്നോട്ട് നയിച്ച ജീവിതം ഇന്ന് എന്നെയും ഈ പുണ്യ നഗരിയുടെ കാല്‍ച്ചുവട്ടില്‍ എത്തിച്ചിരിക്കുന്നു.

വാരണാസിയിലേക്ക് തിരിക്കും മുന്‍പ് പല ടൂര്‍ പാക്കേജുകളും തെരഞ്ഞു പിടിച്ച് അന്വേഷിച്ചു. ഒന്നും തൃപ്തിയായില്ല. വലിയ ഹോട്ടലുകളിലെ താമസം വിലയേറിയ ഫുഡ്, എല്ലാം വിവരിച്ചു തരാന്‍ പ്രഗത്ഭനായ ഗൈഡ്, റിസ്‌ക് ഇല്ലാത്ത സവാരി… അങ്ങനെ പോകുന്നു പരസ്യ പാക്കേജുകള്‍. ഇതൊക്കെ അനുഭവിക്കാനാണെങ്കില്‍ വേറെ എത്രയോ അടിച്ചുപൊളി സ്ഥലങ്ങള്‍ ഉണ്ട്.

ഒഴുകിയിറങ്ങുന്ന ജനത്തിരക്ക്
എന്തുകൊണ്ടോ കനവില്‍ അത്മീയനിറവായി നില്‍ക്കുന്ന ഈ പുണ്യ പുരാതന നഗരത്തെ ആരും തുറക്കാത്ത പേടകത്തിലെ നിധി കണ്ടെത്തുന്ന സന്തോഷത്തോടെ അനുഭവിക്കാനാണ് തോന്നിയത്. അതുകൊണ്ട് തന്നെ നല്ല പകുതിയെ കൂട്ടുപിടിച്ചു കിട്ടിയ ഫ്ളൈറ്റില്‍ വാരണാസിയില്‍ ഉച്ചക്ക് രണ്ടു മണിയോടെ വന്നിറങ്ങി. ഹോട്ടല്‍ ബുക്ക് ചെയ്തിരുന്നത് പ്രസിദ്ധമായ ഗംഗാ ആരതി നടക്കുന്ന ദശാശ്വമേഥ് ഘട്ടിനും കാശി വിശ്വനാഥ ക്ഷേത്രത്തിനും മധ്യേയുള്ള ഗിരിജാഖര്‍ എന്ന സ്ഥലത്ത് ആയിരുന്നു. ജനത്തിരക്ക് കാരണം എയര്‍പോര്‍ട്ടില്‍ നിന്നും വണ്ടിക്ക് ഹോട്ടലിനടുത്ത് ചെന്നെത്താന്‍ ആയില്ല. രണ്ട് കൈയിലും ബാഗേജുമായി നിന്ന ഞാന്‍ നഗരത്തിലെ ജനത്തിരക്ക് കണ്ട് ആദ്യം ഒന്ന് ഭയപ്പെട്ടു. ഇവിടേക്ക് വരേണ്ടിയിരുന്നില്ല എന്നു തോന്നി.

വീതികുറഞ്ഞ വഴികളില്‍ കുത്തിനിറച്ച ജനസഞ്ചാരത്തിന് ഇടയിലൂടെ സവാരി നടത്തുന്ന മോട്ടോര്‍ സൈക്കിളുകാരുടെ അഭ്യാസപ്രകടന വൈദഗ്ധ്യം വാരണാസിയില്‍ അല്ലാതെ ഭൂമണ്ഡലത്തില്‍ വേറെ എവിടെയെങ്കിലും കാണാന്‍ കഴിയുമോയെന്ന് സംശയമാണ്. ഈ തിരക്കിനിടയില്‍ എവിടെയാണ് കാശിയുടെ ഭൂപടം. ഒഴുകിയിറങ്ങുന്ന ജനങ്ങള്‍ക്കിടയിലൂടെ സൈക്കിള്‍ റിക്ഷയും ഇ-റിക്ഷയും അവയുടെ നിരന്തരമായ ഹോണടികളും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ ഈ ഹോട്ടല്‍ എവിടെ ചെന്ന് കണ്ടുപിടിക്കും? യൂണിയന്‍ ബാങ്കിന്റെ സൈഡിലാണെന്ന് എഴുതിയിട്ടുണ്ട്. പലരോടും ചോദിച്ചുവെങ്കിലും ആര്‍ക്കും വ്യക്തമായ മറുപടിയില്ലായിരുന്നു. സൗത്ത് ഇന്ത്യന്‍ ആയതുകൊണ്ടാവും റിക്ഷാക്കാര്‍ ചുറ്റും വളഞ്ഞു. അവസാനം ഒരു സൈക്കിള്‍ റിക്ഷയില്‍ ലഗേജ് കയറ്റിവെച്ചപ്പോള്‍ സവാരി കിട്ടിയ സന്തോഷത്തോടെ ആള് കയറിയോ എന്നുപോലും നോക്കാത റിക്ഷ മുന്നോട്ട് നീങ്ങി. എന്റെ പകുതി ശരീരം റിക്ഷയ്‌ക്ക് വെളിയിലായിരുന്നു. ഗിരിജഖറിലുള്ള ലക്സ റോഡിന് സമീപം അയാള്‍ വണ്ടി നിര്‍ത്തി. ഹിന്ദി അല്ലാതെ ഒരു ഭാഷയും ഇവിടെ ചെലവാകില്ല. ഇംഗ്ലീഷിലുള്ള ഹോട്ടലിന്റെ അഡ്രസ്സ് വായിക്കാന്‍ പോലും പലര്‍ക്കും അറിയില്ല.

ചിലര്‍ ഇടത്തോട്ടും മറ്റുചിലര്‍ വലത്തോട്ടും വഴി കാണിച്ചു. ഏതോ ഒരു മാത്രയില്‍ മുകളിലേക്ക് നോക്കിയപ്പോള്‍ ഹോട്ടലിന്റെ ലാന്‍ഡ്മാര്‍ക്കായ യൂണിയന്‍ ബാങ്ക് കണ്ടു. ഒരു ത്രീ സ്റ്റാര്‍ ഹോട്ടലിന് വേണ്ട യാതൊരു ആര്‍ഭാടവും ഇല്ലാത്ത, എന്നാല്‍ ബഹളങ്ങളില്‍ നിന്നെല്ലാം അകന്ന് കുറച്ചുള്ളിലായി സൗകര്യങ്ങളൊക്കെയുള്ള ഒരു നല്ല റൂം തന്നെയായിരുന്നു താമസത്തിന് കിട്ടിയത്.

ദശാശ്വമേഥ് ഘട്ടിലെ ആരതി
കാശിയിലെത്തിയാല്‍ എവിടെ തുടങ്ങണം എന്നതാണ് പ്രശ്നം. ലിംഗസ്വരൂപമായ വിശ്വനാഥന്റെ തുടക്കവും ഒടുക്കവും കണ്ടെത്താന്‍ സൃഷ്ടി സ്ഥിതി പാലകര്‍ക്ക് പോലും കഴിഞ്ഞിട്ടില്ലല്ലോ. കാശിയുടെ കാവല്‍ക്കാരനായ കാലഭൈരവനെ ആദ്യം ദര്‍ശിച്ച് അനുവാദം ചോദിച്ചിട്ട് വേണം വിശ്വനാഥക്ഷേത്രത്തിലേക്ക് പോകാന്‍ എന്നാണ് പൊതുവേ പറയാറുള്ളത്. ഇങ്ങനെ ഒരു സ്ഥലത്ത് വന്നാല്‍ സമയവും സന്ദര്‍ഭവും നമ്മള്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചില്ലെങ്കില്‍ പലതും നമുക്ക് കാണാന്‍ പറ്റാതെ പോകും.. പകലോന്‍ പടിഞ്ഞാറേക്ക് താഴാന്‍ തുടങ്ങുന്നു. അതിനാല്‍ ദശാശ്വമേഥ് ഘട്ടിലെ ആരതി ആദ്യം കാണാമെന്ന് തീരുമാനിച്ചു. ആദ്യം ആരതി, അതുകഴിഞ്ഞ് ഭൈരവന്‍ എന്ന തീരുമാനത്തില്‍ ഞങ്ങള്‍ ഘട്ടിലേക്ക് തിരിച്ചു. ആരതി കാണാനായി സൗകര്യപ്രദമായ ഒരു കല്‍പ്പടവില്‍ സീറ്റ് ഉറപ്പിച്ചു.

ഗംഗയിലേക്ക് ഇറങ്ങിനില്‍ക്കുന്ന ഓരോ ഘട്ടും ഐതിഹ്യത്തിന്റ ഓടാമ്പല്‍ നീക്കി ചരിത്രത്തിലേക്ക് തുറക്കുന്ന വാതിലുകളാണ്. പത്ത് അശ്വമേധം നടന്ന സ്ഥലം എന്നതുകൊണ്ടാണ് ഈ ഘട്ട് ദശാശ്വമേഥ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഓരോ ഘട്ടും വേര്‍തിരിക്കുന്ന നീണ്ട കല്‍പ്പടവുകള്‍ ചെന്നെത്തുന്നത് ഗംഗയുടെ മടിത്തട്ടിലാണ്. കോടി പുണ്യ പാപങ്ങളുടെ വിഴുപ്പലക്കിയിട്ടും വിശുദ്ധി നഷ്ടപ്പെടാതെ കാശി എന്ന പൗരാണിക നഗരത്തിന്റെ ഹൃദയമിടിപ്പ് കൂട്ടിക്കൊണ്ട് ഗംഗയോ കൂസലില്ലാതെ അനുസ്യൂതം ഒഴുകുന്നു. ദശാശ്വമേഥ് ഘട്ടിലെ അസ്തമയത്തിനു ശേഷമുള്ള ഗംഗ ആരതിയും അസി ഘട്ടിലെ ഉദയത്തിനു മുന്‍പുള്ള ആരതിയും കണ്ടുകഴിഞ്ഞാല്‍ കാശിയുടെ ആത്മീയ സൗന്ദര്യം നമ്മള്‍ ആവാഹിച്ചു കഴിഞ്ഞു. താളാത്മകമായ ഭജനയും നാമജപത്തോടും കൂടി പുരോഹിത വേഷത്തില്‍ അഞ്ചു ചെറുപ്പക്കാര്‍ ഗംഗാ നദിക്ക് അഭിമുഖമായി നിന്നുകൊണ്ട് ധൂപ ദീപ പുഷ്പങ്ങളാല്‍ നടത്തുന്ന ആരതി ഭാരതീയരുടെ നദീതട സംസ്‌കാരത്തെയാണ് ഓര്‍മിപ്പിക്കുന്നത്. ഒരു ഭൂപ്രദേശത്തിന്റെ നാഡീവ്യവസ്ഥയാണ് നദികള്‍. നദികളെയും നാഗങ്ങളെയും ആരാധിക്കുന്ന സംസ്‌കാരം ഈ ജഗത്തില്‍ ഭാരതത്തില്‍ അല്ലാതെ മറ്റെവിടെയെങ്കിലും ഉണ്ടോയെന്ന് സംശയമാണ്.

ഗംഗയിലേക്കു ഒഴുകി എത്തുന്ന വരുണ, അസി എന്നീ നദികളുടെ മദ്ധ്യേ ഗംഗയുടെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്ന വാരണാസി അതിന്റെ പഴയ പ്രതാപങ്ങളെ തച്ചുടച്ചിട്ടില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ ഇന്നും, പുതിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് വഴിമാറാതെ അതിന്റെ തനിമ കാത്തുസൂക്ഷിച്ചു നിലകൊള്ളുന്നു. പഴമയെ സ്നേഹിക്കുന്ന എനിക്ക് ഇത്രയും പുരാതനമായ ഒരു നഗരത്തില്‍ വന്നുപെട്ടതില്‍ അഭിമാനം തോന്നി.

കാലഭൈരവന്റെ അടുക്കലേക്ക്
വൈകുന്നേരത്തെ ആരതി കഴിഞ്ഞു നേരെ കാലഭൈരവന്റെ അടുക്കലേക്കാണ് പോയത്. അവിടേക്ക് റിക്ഷ പോലും കടക്കില്ല. ഇടുങ്ങിയ ഗലികള്‍ക്കിടയിലൂടെ വഴി ചോദിച്ചും പിന്നെ വഴിതെറ്റിയും കുറെ അലഞ്ഞു നടന്നപ്പോള്‍ ഭൈരവന്റെ നടയിലേക്കുള്ള ക്യൂ വലുതായി ഗലിയുടെ വീതി കുറഞ്ഞു വരുന്നതായി തോന്നി. ശരിക്കും ഒരു പോരാളിയുടെ മുഖഭാവമായിരുന്നു കാലഭൈരവന്. ഉള്ളില്‍ ഭക്തിയൊന്നും തോന്നിയില്ല. ചുറ്റും മയില്‍പ്പീലികെട്ടുമായി പുരോഹിതന്മാര്‍ ഭക്തരുടെ മുജ്ജന്മകര്‍മ ദോഷങ്ങള്‍ ഒഴിപ്പിക്കാന്‍ തയ്യാറായി ഇരിപ്പുണ്ട്. ആ ബിസിനസ്സില്‍പ്പെടാതെ വേണം നമ്മള്‍ പുറത്തുകടക്കാന്‍. കാലഭൈരവന്റെ അനുഗ്രഹം കൊണ്ടോ എന്തോ ഇത്രയും ഇടുങ്ങിയ തിരക്കുള്ള ജനവാസ മേഖലയിലൂടെ നടന്നിട്ടും രാത്രിയില്‍ വഴിതെറ്റാതെ സമയത്തിന് ഹോട്ടലില്‍ എത്തി.

പിറ്റേന്ന് വെളുപ്പിന് മഞ്ഞ് വീഴുന്ന നിരത്തിലൂടെ വാരണാസീപുര പതിയായ വിശ്വനാഥനെ കാണാന്‍ പുറപ്പെട്ടു. ക്ഷേത്രത്തിലേക്ക് ഒരു കിലോമീറ്ററോളം നടക്കണം. വാഹനങ്ങള്‍ കടത്തിവിടില്ല. തോക്കു ധാരികളായ പൊലീസുകാര്‍ പല ഭാഗത്തായുണ്ട്. നിരത്തിനിരുവശവും പൂജാദ്രവ്യങ്ങള്‍ വില്‍പ്പനയ്‌ക്കായി വച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലുള്ള കുറെ ഗലികള്‍ ഒഴിപ്പിച്ച് ക്ഷേത്രപാതയും പരിസരവും സഞ്ചാരയോഗ്യമാക്കിയതു കൂടാതെ ഗംഗയില്‍ മുങ്ങി നേരിട്ട് ദര്‍ശനം കിട്ടാന്‍ വേണ്ടിയുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഒന്നാം നമ്പര്‍ ഗേറ്റിലൂടെ കയറാന്‍ കഴിഞ്ഞില്ല. തിരക്ക് ഒഴിവാക്കാന്‍ നാലാം നമ്പര്‍ ഗേറ്റിലൂടെയാണ് കടത്തി വിട്ടത്. വിശ്വനാഥനും വിശാലാക്ഷിയും ഒരുമിച്ച് വാഴുന്ന ഈ പുണ്യഭൂമിയില്‍ വിശ്വത്തിന് വെളിച്ചമായി ഉദയം ചെയ്ത പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ആദ്യത്തേതെന്ന് പൂര്‍വികര്‍ പറയുന്ന സ്വയംഭൂ ജ്യോതിര്‍ലിംഗം ഇതാ ഗര്‍ഭഗൃഹത്തില്‍ താഴെയായി ധാരയും ആരതിയും ഏറ്റുവാങ്ങി വിളങ്ങുന്നു. ഇതാണ് വിശ്വദര്‍ശനം. ഉള്ളിലെ മാലിന്യങ്ങളെല്ലാം ഓവിലൂടെ ധാരയായി പുറത്തേക്ക് പോകുമ്പോള്‍ ഉള്ളില്‍ തെളിയുന്ന നൈര്‍മല്യം ആനന്ദകണ്ണീരായി മാറുമ്പോഴാണ് ഈശ്വര ദര്‍ശനം സാധ്യമാകുന്നത്. അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍ എനിക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്. ഇന്നിതാ വിശ്വനാഥന്റെ മുന്‍പിലും.

അസിഘട്ടിലെ വേദമന്ത്രങ്ങള്‍
കേരളത്തിലെ പൂജാവിധികള്‍ അല്ല ഇവിടെ. പക്ഷേ ചൈതന്യം എല്ലാം ഒന്നുതന്നെ. പുറത്തേക്കുള്ള വഴി അന്നപൂര്‍ണയിലേക്ക് എത്തിക്കുന്നു. കള്ളം പറഞ്ഞ ബ്രഹ്‌മാവിന്റെ തല നുള്ളിയെടുത്ത ശിവന് ബ്രഹ്‌മഹത്യാപാപപരിഹാരാര്‍ത്ഥം പാര്‍വതി ദേവി ഭിക്ഷ നല്‍കിയ സ്ഥലത്താണ് കാശിയില്‍ ഇന്ന് കാണുന്ന അന്നപൂര്‍ണ ക്ഷേത്രം എന്നാണ് പുരാണങ്ങളില്‍ പറയുന്നത്.

ക്ഷേത്ര നഗരിയാണ് കാശി. ഇവിടെ എത്ര ദിവസം ചെലവഴിച്ചാലും കണ്ട് തീരില്ല. അത്രത്തോളം ജ്ഞാനത്തിന്റെ വെളിച്ചം കാശിയെ പൊതിയുന്നു. സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റേയും ഇഴകള്‍ പാകിയ തുളസീമാനസ മന്ദിര്‍. രാമചരിതമാനസത്തിലെ വരികളും സംഭവങ്ങളും വെളുത്ത മാര്‍ബിളില്‍ നിര്‍മിച്ച ഈ മന്ദിരത്തിന്റെ ഭിത്തികളില്‍ ദൃശ്യവത്കരിച്ചിരിക്കുന്നു.

പതിനാറാം നൂറ്റാണ്ടില്‍ എഴുതിയ രാമചരിതമാനസത്തിന്റെ ഒറിജിനല്‍ സ്‌ക്രിപ്റ്റ് ഇവിടെ കാണാം. പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച ദുര്‍ഗ മന്ദിര്‍. കടും ചുവപ്പ് നിറമാണ് ഈ ക്ഷേത്രത്തിന്. ദേവീഭാഗവതത്തില്‍ ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. തൊട്ടടുത്തായി സങ്കടമോചന ഹനുമാന്‍ ക്ഷേത്രം. വാരണാസിയില്‍ നിന്നും പതിനൊന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഗൗതമ ബുദ്ധന്റെ ആദ്യ പ്രഭാഷണം നടന്ന സാരനാഥിലെ ശാന്തത ഉള്‍കൊണ്ട് വിസ്മയകരമായ ധമെക് സ്തൂപം കാണാം. ആര്‍ക്കിയോളജി വിഭാഗം കണ്ടെടുത്ത മൗര്യ സാമ്രാജ്യത്തിന്റെ ശേഷിപ്പുകള്‍, ലിഖിതങ്ങള്‍, ബുദ്ധപ്രതിമകളെല്ലാം ഉള്‍ക്കൊള്ളുന്ന മനോഹരമായ ഒരു മ്യൂസിയം ഇവിടെയുണ്ട്.

ഇനി കാശിയില്‍ തങ്ങാന്‍ ഒരു ദിവസം കൂടി ബാക്കിയുണ്ട്. പിറ്റേന്ന് പുലര്‍ച്ചെ അസി ഘട്ടിലെക്കാണ് പോയത്. വേദമന്ത്രങ്ങളാല്‍ മുഖരിതമായ അസി ഘട്ടിലെ പ്രഭാത ആരതി കഴിഞ്ഞപ്പോഴേക്കും കിഴക്കേ ചക്രവാളത്തില്‍ മേഘങ്ങള്‍ക്കിടയില്‍ ചുവപ്പ് രാശി തെളിഞ്ഞു. മയക്കം വിട്ടുണരുന്ന ഗംഗയുടെ വക്ഷോജങ്ങള്‍ക്കിടയില്‍ കുങ്കുമം വാരി വിതറി ഉദയ സൂര്യന്‍ തന്റെ പ്രഭാവലയത്തില്‍ നിന്നും ഉയര്‍ന്നു തുടങ്ങുമ്പോള്‍ മനോഹരമായ ആ കാഴ്ചയ്‌ക്ക് സാക്ഷ്യം വഹിക്കാന്‍ ആയിരക്കണക്കിനാളുകളില്‍ ഒരുവളായി ഞാനും ശ്വാസം അടക്കിപ്പിടിച്ച് നിന്നു.

പ്രഭാതത്തിലെ ബോട്ട് സവാരിക്ക് എത്തിയതാണ് കൂടുതല്‍ പേരും. ഒരു ചെറിയ ബോട്ടില്‍ 200 രൂപ പറഞ്ഞുറപ്പിച്ച് ബോട്ടിങ്ങിന് ഞങ്ങളും തയ്യാറായി. ശാന്തമായി ഒഴുകുന്ന ഗംഗ. ഗംഗക്ക് കാവല്‍ എന്ന പോലെ സൈബീരിയന്‍ സീഗള്‍ ഗംഗയുടെ ഓളങ്ങളോട് കുശലം പറഞ്ഞ് ചിറക് കുടഞ്ഞ് ഒഴുകി നടക്കുന്നു. യാത്രക്കാര്‍ എറിഞ്ഞുകൊടുക്കുന്ന തീറ്റക്കു വേണ്ടി മത്സരിച്ച് ബോട്ടിന് ചുറ്റും കലപില കൂട്ടി ഓളപ്പരപ്പിന് മീതെ സഞ്ചരിക്കുന്ന ഈ വെളുത്ത പക്ഷികള്‍ ഒരപൂര്‍വ്വ കാഴ്ച തന്നെയാണ്.

ഗംഗയിലേക്കു നോക്കിനില്‍ക്കുന്ന 88 ഘട്ടുകളിലൂടെ ബോട്ട് നീങ്ങി തുടങ്ങി. ഓരോ ഘട്ടും ഏതെങ്കിലും രാജവംശത്തിന്റെയോ സംന്യാസി വര്യന്മാരുടെയോ പേരുകള്‍ അനുസ്മരിപ്പിക്കുന്നതാണ്. തൊഴുകൈകളോടെ യാത്രക്കാരെ സ്വീകരിക്കുന്ന നമോഘട്ട്, പിതൃകര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ബ്രഹ്‌മഘട്ട്, ശവസംസ്‌കാര കര്‍മ്മങ്ങള്‍ നടക്കുന്ന ഹരിശ്ചന്ദ്രഘട്ടും ഒരിക്കലും കെടാത്ത ചിതയുമായി മണികര്‍ണികയും. മണികര്‍ണികയുടെ തീരത്ത് ബോട്ട് അടുപ്പിച്ചപ്പോള്‍ ചിലരൊക്കെ അവിടെ ഇറങ്ങി. ഉയര്‍ന്ന വിറക് കൂമ്പാരങ്ങള്‍ക്ക് താഴെ മൂന്നോ നാലോ. ചിതകള്‍ അപ്പോള്‍ കത്തുന്നുണ്ടായിരുന്നു. ഇവിടെ എത്തുന്ന ശരീരങ്ങള്‍ ചിതയില്‍ വച്ച് ദഹിപ്പിക്കുന്നതിനുള്ള അവകാശം ഡോം എന്ന ഒരു പ്രത്യേക വിഭാഗത്തിനാണ്. പുരോഹിതനെ പോലെ തോന്നിക്കുന്ന ഒരാള്‍ നീണ്ട ഒരു കമ്പുകൊണ്ട് പകുതി കത്തിയ ശരീരം ഇളക്കി ചിതയിലേക്ക് മറിച്ച് ഇടുന്നു. മുന്‍പൊക്കെ ജലസമാധി എന്ന പേരില്‍ ശരീരം ഗംഗയില്‍ ഉപേക്ഷിക്കുന്ന പതിവ് ഉണ്ടായിരുന്നു. ഇവിടെ മരിച്ചാല്‍ പിന്നെ പുനര്‍ജ്ജന്മം ഇല്ല എന്നാണ്. അതിനാല്‍ ശിവന്‍ ചെവിയില്‍ ഓതുന്ന താരക മന്ത്രം ശ്രവിച്ച് മായ ബന്ധനത്തിന്റെ കെട്ടഴിച്ച് ജനന മരണ ചക്രങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി മരണം കാത്ത് പലരും കാശിയില്‍ വന്നു താമസിക്കുന്നു. അലങ്കരിച്ച മൃതശരീരങ്ങള്‍ ഓരോന്നായി വീണ്ടും വന്നുകൊണ്ടിരുന്നു.

മണികര്‍ണികയിലെ ഒടുങ്ങാത്ത ചിതകള്‍
ജീവിതത്തിന്റെ നശ്വരതയെ വിളിച്ചോതുന്ന മണികര്‍ണിക. ഇവിടെ അഹന്തയും അത്യാഗ്രഹവും അടിയറവു പറയുന്നു. താനും നാളെ ഇവിടേക്കാണ് എന്ന ചിന്ത മറന്നപോ
ലെ ചിത കാണാന്‍ ചിലരൊക്കെ അവിടെ ഇറങ്ങി. സഹയാത്രികന്‍ ഞങ്ങളെയും വിളിച്ചു. ഒരിക്കലും കെടാത്ത ഒരു ചിത ഉള്ളില്‍ കൊണ്ട് നടക്കുന്ന എനിക്ക് മണികര്‍ണികയില്‍ പുതുതായി ഒന്നുമില്ല. പക്ഷേ ഒന്നുണ്ട്. അകാലത്തില്‍ നഷ്ടപ്പെട്ട എന്റെ മകന്റെ കാല്‍പ്പാടുകള്‍ ഈ മണികര്‍ണികയില്‍ എവിടെയോ ഉണ്ട്. ഈ ഭൂമിയിലെ അവന്റെ വാടകച്ചീട്ട് ഈശ്വരന്‍ തിരിച്ച് വാങ്ങുന്നതിന് മുന്‍പ് തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍ അവന്‍ വാരണാസിയില്‍ വന്നിട്ടുണ്ടായിരുന്നു. അന്നു ഘട്ടുകളിലൂടെ നടന്ന അവന്‍ മണികര്‍ണികയില്‍ എത്തി. ഗംഗയില്‍ പൊങ്ങിയ ശവത്തെയും മണികര്‍ണികയില്‍ വെന്തുതീര്‍ന്ന ശരീരത്തെയും കണ്ട വിവരം എന്നോട് പറഞ്ഞിരുന്നു.. അവന്റെ കാല്‍പാടുകള്‍ പതിഞ്ഞ ഈ മണ്ണ് ഒന്നു കാണണം അതായിരുന്നു ഈ വരവിന്റെ ഉദ്ദേശം.. അമ്മയേക്കാള്‍ മുന്‍പേ അവന്‍ ഗംഗയില്‍ മുങ്ങി വൈതരണി കടന്നു. ഈ അമ്മയോ, ദുഃഖത്തിന്റെ വൈതരണി നദിയില്‍ നിന്ന് ഇനിയും നീന്തി കയറിയിട്ടില്ല. ഈ കാശിയില്‍ എവിടെ എങ്കിലും ഒരു മിന്നായം പോലെങ്കിലും അവന്റെ മുഖമൊന്ന് കാണുവാന്‍ കഴിഞ്ഞെങ്കിലെന്ന് വെറുതെ മോഹിച്ചുപോയി. തിരിച്ചു വരില്ല എന്നറിയാമെങ്കിലും ഓരോ തിരക്കിനിടയിലും ക്ഷേത്ര ദര്‍ശനത്തിന് ക്യൂ നില്‍ക്കുന്ന ഓരോ ചെറുപ്പക്കാര്‍ക്കിടയിലും അവന്റെ നിറഞ്ഞ ചിരിയുള്ള മുഖം ഞാന്‍ അന്വേഷിച്ചു.

കാശിയില്‍ നിന്ന് മടങ്ങാന്‍ സമയമായി. കാശിയില്‍ എന്തുണ്ട് എന്നു ചോദിച്ചാല്‍ ഇവിടെ ഉള്ളതു വേറെ എവിടെയും ഇല്ല. ഇവിടെ ഇല്ലാത്തത് വേറെ എവിടെയും ഇല്ല എന്നുതന്നെ. ഇവിടെ നിന്ന് പോകുമ്പോള്‍ എനിക്ക് തിരിച്ചുകൊണ്ടുപോകാന്‍ ഒന്നുമില്ല. പക്ഷേ എന്തോ ഒന്ന് ഇവിടെ നിന്നും എന്റെ ഹൃദയത്തില്‍ പറ്റിപ്പിടിച്ചുപോയി. ഇവിടുത്തെ ഇടുങ്ങിയ ഗലികലില്‍ സ്പന്ദിക്കുന്ന ഞെരുങ്ങിയ ജീവിതങ്ങള്‍, വാഹനങ്ങള്‍ക്കിടയിലൂടെ വിഹരിക്കുന്ന നാല്‍ക്കാലികള്‍, ശുദ്ധമായ വെണ്ണയില്‍ പൊള്ളിച്ചെടുത്ത ചൂട് റൊട്ടിയുടെ മണം, പണ്ഡിറ്റിന്റെ വഴിയോര കടയില്‍ നിന്നും കഴിച്ച കടായി പനീറിന്റെ രുചി. അസി ഘട്ടില്‍ നിന്നും മണ്ണുകൊണ്ടുള്ള ചെറിയ ഗ്ലാസില്‍ കുടിച്ച ചൂടുള ചായ. വരുന്നവരെ വീണ്ടും ആകര്‍ഷിക്കാനായി ഈ നഗരം എന്താണ് ഇവിടെ ഒളിപ്പിച്ചു വച്ചിരിക്കുന്നത്? ശിവന്റെ ത്രിശൂലത്തില്‍ മയങ്ങിക്കിടക്കുന്ന കാശി. ത്രിജടയില്‍ ഒളിപ്പിച്ചിട്ടും കുതിച്ചു ചാടി ഒഴുകുന്ന ഒഴുകുന്ന ഗംഗ… ഇവിടെ മുങ്ങി നിവര്‍ന്നു ഈ നഗരം ചുറ്റാന്‍ ഒരിക്കല്‍ കൂടി വിശ്വനാഥന്‍ വിളിക്കുമോ?

Tags: Dakshina KasiDashashwamedh Ghatassi ghat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

ഉത്തരകാശിയേയും ദക്ഷിണ കാശിയേയും ബന്ധിപ്പിച്ച് ഗോവ ടൂറിസം പദ്ധതി

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.