കേരളത്തിന്റെ ചരിത്രത്തിലെന്നല്ല ഭാരതത്തിന്റെ ചരിത്രത്തില്‍പ്പോലുമല്ല, ലോകചരിത്രത്തില്‍തന്നെ കേട്ടുകേള്‍വിയില്ലാത്തത്ര ഹീനമായ സാഹിത്യക്കൊള്ളകളാണ് സര്‍ക്കാരിന്റെ സമുന്നതമായ സാംസ്‌കാരിക സ്ഥാപനമായി നിലകൊള്ളുന്ന സാഹിത്യഅക്കാദമിയില്‍ നടക്കുന്നത്. സര്‍ദാര്‍ കെ.എം. പണിക്കരും കെ.പി. കേശവമേനോനും പുത്തേഴത്തു രാമന്‍മേനോനും മറ്റും അധ്യക്ഷക്കസേരയിലിരുന്നു സൃഷ്ടിച്ചെടുത്ത ശ്രേഷ്ഠപാരമ്പര്യം വഴക്കം ലംഘിച്ചുവന്ന സച്ചിദാനന്ദനെപ്പോലുള്ളവര്‍ വന്ധ്യംകരിച്ച് വല്ലാതെ ദരിദ്ര്യമാക്കിക്കളഞ്ഞു. എത്ര അരിച്ചെടുത്താലും പഴയകാല പ്രൗഢിയുടെ തരികൂടി ഇന്നവിടെ കിട്ടില്ലെന്നുവന്നിരിക്കുന്നു. പാരമ്പര്യത്തിന്റെ വഴിത്താരകളില്‍ സ്വാര്‍ത്ഥതയുടെയും സ്വജനപക്ഷപാതത്തിന്റെയും നാറുന്ന കാഷ്ഠങ്ങള്‍ വാരിവിതറിയിരിക്കുകയാണ്, കപടസിദ്ധാന്തങ്ങളുടെ ആനന്ദന്മാര്‍.
പാലസ് റോഡിലൂടെ വഴിനടക്കുന്നവര്‍ക്ക് ഒരിക്കലും വഴിയമ്പലമായിരുന്നില്ല തൃശൂരിലെ ആ പഴയ കോടതി പരിസരം. വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി തിരുവനന്തപുരത്തുനിന്ന് തൃശൂരിലെ പഴയ കോടതി കെട്ടിടത്തിലേക്കു പറിച്ചുനട്ട സാഹിത്യത്തിന്റെ അക്കാദമി, ‘അക്കാദമി’എന്ന പദം നിര്‍വചിക്കുംപോലെ അക്ഷരാര്‍ത്ഥത്തില്‍ ഒരു പണ്ഡിതസഭയായിരുന്നു. മഹാകവി പാലാ നാരായണന്‍ നായരായിരുന്നു അക്കാദമിയുടെ ആദ്യത്തെ അസിസ്റ്റന്റ് സെക്രട്ടറി. കോളേജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടറും എഴുത്തുകാരനുമായിരുന്ന ഡോ.കെ. ഭാസ്‌കരന്‍ സെക്രട്ടറിയും. അതിനൊത്ത എഴുത്തുകാര്‍ നിര്‍വാഹകസമിതി അംഗങ്ങളും. സാഹിത്യത്തിലെ സാര്‍വ്വഭൗമന്മാര്‍ക്ക് സാഭിമാനം കയറിച്ചെല്ലാവുന്ന പ്രൗഢസങ്കേതമായിരുന്നു അന്നവിടം. എഴുത്തുകാരുടെ ദന്തഗോപുരം. അതിനുമുമ്പ് നീതിന്യായ വിധികള്‍ക്കായി ജില്ലാ കോടതി പ്രവര്‍ത്തിച്ച സ്ഥലം.
എന്തായിരുന്നു ആ രാജപ്രൗഢി. കയറിച്ചെല്ലുമ്പോള്‍ കാണാം പച്ചപ്പട്ടുവിരിച്ച് നീണ്ടുനിവര്‍ന്നു കിടക്കുന്ന നെടുനീളന്‍ മേശയും ഇരുവശങ്ങളിലും വീട്ടിയില്‍ തീര്‍ത്ത് തനിച്ചൂരല്‍ വരിഞ്ഞ കസാലകളും, ചുവരില്‍ സാഹിത്യത്തിലെ കെങ്കേമന്മാരുടെ ഛായാചിത്രങ്ങളും നിറഞ്ഞ വിശാലമായ ഹാള്‍. ഇന്നാകട്ടെ അത് എഴുത്തുലോകത്തെ ഏഴാംകിടക്കാര്‍ക്ക് കൈമുഷ്ടി ചുരുക്കി കയറിയിറങ്ങാവുന്ന ഇടം, സാഹിത്യത്തിന്റെ കബറിടം. അധിക്ഷേപിക്കുകയല്ല, പരിണാമത്തിന്റെ പതിഞ്ഞ അസ്ഥിപഞ്ജരം എടുത്തുകാട്ടിയെന്നുമാത്രം.
ശബരിമല സ്വര്‍ണ്ണക്കൊള്ളപോലെ ഭീകരമല്ലെങ്കിലും സംസ്‌കാരത്തിന്റെ അടിത്തറയിളക്കുന്ന പെരുംകൊള്ളകളാണവിടെ നടക്കുന്നത്. വിപ്ലവത്തിന്റെ ശുക്രനക്ഷത്രമെന്ന മട്ടില്‍ ഒരുകാലത്ത് അന്നത്തെ തലമുറയെ തെറ്റിദ്ധരിപ്പിച്ച കവി സച്ചിദാനന്ദന്റെ നേതൃത്വത്തില്‍. സര്‍ക്കാരില്‍നിന്നും സര്‍ക്കാര്‍വക സ്ഥാപനങ്ങളില്‍നിന്നും കരസ്ഥമാക്കിയ പുരസ്‌കാരങ്ങളാകെ വലിച്ചെറിഞ്ഞ് കാറിത്തുപ്പി തിരിഞ്ഞുനോക്കാതെ ഇറങ്ങിപ്പോരേണ്ട സമയത്തും കടിച്ചുതൂങ്ങിക്കിടക്കുകയാണ്, കിടന്നു കരണം മറിയുകയാണ്, നീട്ടിക്കിട്ടിയ കാലാവധിയില്‍ കവിപുംഗവന്‍. കണ്ടില്ലേ, കരതലാമലകം പോലെ വിലാസിനി പുരസ്‌കാരം ഉരുട്ടിക്കളിച്ചത്, കണ്ണടച്ചു പാലുകുടിക്കുന്ന കറുത്ത മാര്‍ജാരന്റെ മട്ടില്‍. എം. അച്യുതന്‍ എന്റോവ്മെന്റ് തട്ടിക്കൂട്ടു നടത്തി ലക്ഷ്യസ്ഥാനത്തെത്തിച്ചു ഈ ആനന്ദന്‍. കവി യശഃപ്രാര്‍ത്ഥി സി.പി. അബൂബക്കറും കവികൃത്ത് സച്ചിദാനന്ദനും ചേര്‍ന്ന് അഥവാ അബൂബക്കര്‍ക്കു വഴങ്ങി ആനന്ദന്‍ ഹിഡന്‍ അജണ്ടകള്‍ നടപ്പാക്കുകയാണ്. സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന നിര്‍വാഹകസമിതി കഥയറിയാതെ ഒപ്പം ചേര്‍ന്ന് തള്ളിക്കൊടുക്കുകയാണ്. ഹൈലസാ, ഒത്തുപിടിച്ചാല്‍ മലയും പൊന്തും.
വിലാസിനി പുരസ്‌കാരത്തിന്, സ്വന്തം ഇച്ഛക്കൊപ്പം, സച്ചിദാനന്ദന്‍ നിശ്ചയിച്ച ജൂറികളുടെ കാര്യം പറയുകയേ വേണ്ട. അക്ഷരാര്‍ത്ഥത്തില്‍ അവര്‍ മറ്റുള്ളവര്‍ക്കുവേണ്ടി മാശക്കാരായി, അത്തരക്കാരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കാറുള്ള ആ ഒറ്റപ്പദം ഇവിടെ ഒഴിവാക്കുകയാണ്. ശവത്തിനുമേല്‍ കുത്തരുതല്ലോ. അവാര്‍ഡിനു ശുപാര്‍ശ ചെയ്യപ്പെട്ട പുസ്തകം തുറന്നുനോക്കുകകൂടി ചെയ്യാതെ മൂന്നുവരി കുറിപ്പടിയില്‍ അവര്‍ എഴുതിപ്പിടിപ്പിച്ചു, സുതാര്യമായ ലളിതഗദ്യമാണ് ഗ്രന്ഥകാരന്‍ ഉപയോഗിക്കുന്നതെന്ന്. അടിമുടി അബദ്ധപഞ്ചാംഗമായ ഗ്രന്ഥത്തിന്റെ കാര്യമാണ് തങ്ങള്‍ പറയുന്നതെന്നറിയണമെങ്കില്‍ ഗ്രന്ഥം ഒരുവട്ടമെങ്കിലും ഒന്നു വായിച്ചുനോക്കണമല്ലോ. ജൂറികള്‍ മൂന്നുപേരും ‘ഏകകണ്ഠമായാണ് ശിപാര്‍ശ’ ചെയ്യുന്നതെന്ന ആനമണ്ടത്തരവും ഈ വിദ്വാന്മാര്‍ എഴുതിവച്ചു. വങ്കത്തത്തിനും വേണ്ടേ ഒരു വകതിരിവ്. Evaluate seperately and give marks എന്ന നിബന്ധന ഇവര്‍ വായിച്ചിരിക്കില്ലേ? അക്കാദമി സെക്രട്ടറിയും പ്രസിഡന്റും ശമ്പളം പറ്റുന്നതെന്തിനുവേണ്ടിയാണാവോ? മഴക്കാലത്തു മണ്ണില്‍ പുളയ്‌ക്കുന്നഇരകള്‍ക്കുണ്ടാകും, ഉണ്ടാകില്ലേ ഇതിലും വിവരം.
ലക്ഷണമൊത്ത ആദ്യ മലയാളനോവലിന്റെ രചയിതാവ് എന്ന നിലയില്‍ ഒ. ചന്തുമേനോന്റെ സ്മരണയ്‌ക്കായി വിലാസിനി എന്ന എം.കെ. മേനോന്‍ ആലോചിച്ചുറപ്പിച്ച പുരസ്‌കാരം വിലാസിനി പുരസ്‌കാരമായത് അവകാശികളുടെ ഇഷ്ടപ്രകാരമായി മാറിയ കഥക്ക് ഇവിടെ പ്രസക്തിയില്ല. അവകാശികളുടെ അവകാശിക്ക് അതിനുള്ള അവകാശമുണ്ട്. എന്നുകരുതി അച്ചടിമഷി പുരട്ടാന്‍ അര്‍ഹതയില്ലാത്ത ഒരു പുസ്തകത്തിന് അക്കാദമി ആ പുരസ്‌കാരം പ്രഖ്യാപിക്കുകയോ? അതു ചോദ്യം ചെയ്യാതെ വഴിയില്ല. മേനോന്‍ ജീവിച്ചിരുന്നെങ്കില്‍ അക്കാദമിയുടെ ചെകിടത്തടിക്കുമായിരുന്നു എന്നെനിക്കുറപ്പുണ്ട്. വ്യക്തമായ കാഴ്ചപ്പാടും വ്യവസ്ഥകളില്‍ സുനിശ്ചിതത്വവും പുലര്‍ത്തിയ മേനോന്‍ സൗഹൃദസംഭാഷണമധ്യേ എന്നോടു പറഞ്ഞു: ”ആനന്ദന്‍പിള്ളേ ഞാന്‍ മരിച്ചാല്‍ എന്റെ ശരീരം അക്കാദമിയില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കാതെ നിങ്ങളൊക്കെക്കൂടി നോക്കിക്കൊള്ളണം.” അതുപക്ഷേ നടക്കാതെപോയി. അല്‍പനേരമെങ്കിലും ആ ജഡത്തിന് അവിടെ കിടക്കേണ്ടിവന്നു. ജഡം തേടി നടക്കുകയാണല്ലോ അക്കാദമി. വിവരവും വിവേകവും ഇല്ലാതെ. എം.ആര്‍. ചന്ദ്രശേഖരന്റെ ജഡം, അപേക്ഷിച്ചിട്ടും കിട്ടിയില്ല. ഇല്ലെന്നു പറയാനുള്ള തന്റേടം വീട്ടുകാര്‍ക്കുണ്ടായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ പരിഗണിക്കാത്തവന്റെ പരിതര്‍പ്പണം മരണത്തില്‍ എന്തിനുവേണം? അതിലെ കാപട്യം ആര്‍ക്കാണ് അറിയാത്തത്? അവസാനകാലത്ത് പാര്‍ട്ടിക്ക് അഭിമതനായിരുന്നില്ല എംആര്‍സി. അതിനാല്‍ സാഹിത്യത്തിന്റെ വരമ്പത്തുകൂടി നടക്കാത്തവര്‍ക്കും എറിഞ്ഞുകൊടുക്കുന്ന സമഗ്രസംഭാവനാ പുരസ്‌കാരവും കൊടുത്തില്ല എംആര്‍സിക്ക്, അക്കാദമി. പിന്നയോ ഫെലോഷിപ്പ്. അതിലൊന്നും ഒരു കുണ്ഠിതവും ഉണ്ടായില്ല, ആജീവനാന്തം താന്‍ വിശ്വസിച്ച പ്രസ്ഥാനത്തിനുവേണ്ടി ജീവിച്ച മനുഷ്യന്. വര്‍ക്കിയും ദേവും കുറ്റിപ്പുഴയും ഉറൂബും തകഴിയും പൊറ്റെക്കാടും അഴീക്കോടുമൊന്നുമല്ലല്ലോ അക്കാദമി ഭരിക്കുന്നത്. വി.എസ്. ബിന്ദുവും സുനില്‍ ഇളയിടവും അശോകന്‍ ചരുവിലും ആലങ്കോട് ലീലാകൃഷ്ണനും അവരാല്‍ നയിക്കപ്പെടുന്ന, നോബല്‍ സമ്മാനത്തിന്റെ വക്കത്തെത്തി എന്നു പറയപ്പെടുന്ന, മഹാനും തകര്‍ക്കുന്ന ഭരണമല്ലേ ഇന്ന് അക്കാദമിയില്‍. സമഗ്രം എന്ന വാക്കിന്റെ വിവക്ഷകൂടി അറിയാത്തവര്‍. മഹാകഷ്ടംതന്നെ ഇവരുടെ കാര്യം.
പുരസ്‌കാരങ്ങളെ തിരസ്‌കരിച്ച് മാനാഭിമാനങ്ങള്‍ മരണംവരെ കാത്ത കരുത്തനും ക്രാന്തദര്‍ശിയുമായ അപ്പന്‍ അകാലത്തില്‍ പൊലിഞ്ഞത് അണ്ടര്‍ഗ്രൗണ്ടിലിരുന്നു അത്യഗാധമായ ആസൂത്രണങ്ങളിലൂടെ പുരസ്‌കാരങ്ങള്‍ സംഘടിപ്പിക്കുന്ന ഇലനക്കികള്‍ക്ക് വല്ലാത്തൊരു തരമായി. സാഹിത്യത്തിലെ ഉഗ്രപ്രതാപികള്‍ക്കുപോലും കഥയിലെ കുലപതി ചമയുന്ന മഹാനുള്‍പ്പെടെ, അപ്പന്റെ സവിധത്തില്‍ ചെന്ന് കുമ്പസരിക്കേണ്ടിവന്നു. ആ പേനയുടെ മൂര്‍ച്ചയുള്ള പ്രയോഗത്തില്‍നിന്നു രക്ഷപ്പെടാന്‍. അതായിരുന്നു അപ്പന്‍-കെ.പി. അപ്പന്‍.
സമ്പാദനവും സംശോധനവും കൈത്തൊഴിലാക്കിയ കൂലിപ്പണിക്കാരനേയും, ത്തിരുപതു കഥകളെഴുതി ഔദ്യോഗിക പരിവേഷത്തില്‍ പത്തിവിടര്‍ത്തിയ ഉദ്യോഗസ്ഥനേയും, ഒഴുകുന്ന മലയാളകവിതയുടെ കഴുത്തില്‍ കത്തിതൂക്കിയ പുത്തന്‍വെട്ടുവഴിക്കാരനേയും പരിഹാസത്തിന്റെ മുള്‍മുനയില്‍ കിടത്തി കശക്കിക്കളഞ്ഞേനേ അപ്പന്‍ ഇന്നുണ്ടായിരുന്നെങ്കില്‍. ഇനിയിപ്പോള്‍ ആസൂത്രണമികവുള്ള ആര്‍ക്കും അടിച്ചെടുക്കാം കൊടുത്തു കൊടുത്തു ഒരു പരുവത്തിലായ എഴുത്തച്ഛന്‍ പുരസ്‌കാരം. കടലും കടലാടിയും തമ്മിലുള്ള ബന്ധമേയുള്ളൂ ഇന്ന് എഴുത്തച്ഛനും എഴുത്തച്ഛന്‍ പുരസ്‌കാരവും തമ്മില്‍. നോക്കിക്കൊള്ളൂ, നമ്മുടെ പുരസ്‌കാര ജേതാവ് വളര്‍ത്തിക്കൊണ്ടുവന്ന, കവിതയില്‍ ഗോപി വരയ്‌ക്കുന്ന, കൃഷ്ണനും നാളെ കിട്ടാം അഞ്ചു ലക്ഷത്തിന്റെ പുരസ്‌കാരം.
ഭരിക്കുന്നതു ‘പുരോഗമന’ത്തിന്റെ പാര്‍ട്ടിയാണെങ്കില്‍. പ്രഭാവര്‍മ്മക്കും സ്വന്തം പുസ്തകത്തിന്റെ പേര് മലയാളത്തിന്റെ ശൈലിയില്‍ എഴുതാനറിയാത്ത സുഭാഷ് ചന്ദ്രനുമെല്ലാം പണ്ടേ കിട്ടേണ്ടിയിരുന്നതാണ് ഈ പുരസ്‌കാരം. പുരസ്‌കാരം സര്‍ക്കാരിന്റെ ഖജനാവില്‍നിന്നാണെങ്കിലും പ്രക്രിയാ സര്‍വസ്വവും സാഹിത്യ അക്കാദമിയിലാണ് നടക്കുന്നത്. മാധവനും മീരയും ഏതോ ഒരനിലും ജൂറികളായിവന്നത് അങ്ങനെയാണ്. അനുസരണയുള്ളവര്‍ വേണമല്ലോ ജൂറികളാകാന്‍. അവരാണത്രേ പറഞ്ഞത് കവിതയിലെ പുത്തന്‍ വെട്ടുവഴിക്കാരനാണ് ഇപ്പോഴത്തെ പുരസ്‌കാര ജേതാവെന്ന്.
മാധവന്‍ അയ്യപ്പത്തും അയ്യപ്പപ്പണിക്കരും എ. അയ്യപ്പനുമെല്ലാം വെട്ടിയ വഴി ഏതെന്ന് ഇവരോട് ആരു ചോദിക്കാന്‍? ഇതാ ഓര്‍മ്മ വരുന്നു പ്രൊഫ. എം. കൃഷ്ണന്‍നായര്‍ ‘വാരഫല’ത്തില്‍ ഇക്കവിതയെപ്പറ്റി എഴുതിയത്. ”കലങ്ങിമറിഞ്ഞു വരുന്ന മലവെള്ളപ്പാച്ചിലില്‍പ്പെട്ട ഹിംസ്രജന്തുക്കളുടെ ഓര്‍മ്മയാണ് ശങ്കരപ്പിള്ളയുടെ കവിത ഉണര്‍ത്തുന്നതെ”ന്ന്, വാക്കുകള്‍ അറുത്തുമുറിച്ച് ഉപ്പും മുളകും പുരട്ടി കൂട്ടിച്ചേര്‍ത്തുവയ്‌ക്കുന്നതാണ് കവിതയെന്ന് പറഞ്ഞാല്‍ അതെങ്ങനെ അംഗീകരിക്കാനാകും? നിര്‍മ്മിച്ചെടുക്കുന്നതാണോ കവിത? സ്വര്‍ണ്ണക്കൊള്ളക്കാര്‍ പൊതുഖജനാവില്‍നിന്ന് എടുത്തുകൊടുക്കുന്ന പണം കൈകൂപ്പി വാങ്ങലാണോ സാമൂഹിക പ്രതിബദ്ധത? ഒരു ലക്ഷമായിരുന്നു തുടക്കത്തില്‍ (1993) സമ്മാനത്തുക. ‘മഹാകവി’യുടെ ഊഴം വന്നപ്പോള്‍ അത് അഞ്ചുലക്ഷമാക്കി ഉയര്‍ത്തപ്പെട്ടു. പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന ‘വേദാന്തം!”
ഇന്ദ്രപ്രസ്ഥത്തിലെ രബീന്ദ്രഭവനില്‍ പ്രവര്‍ത്തിക്കുന്ന സാഹിത്യത്തിന്റെ അക്കാദമിയിലും നമ്മുടെ ‘മഹാകവി’ കാര്യദര്‍ശനം നടത്തിയപ്പോഴും ഉണ്ടായിരുന്നു നഗ്നമായ സ്വജനപക്ഷപാതം. തന്റെ സംഘത്തിലെ സീനിയറിനു അവാര്‍ഡ് തരപ്പെടുത്തിയശേഷം തൊട്ടടുത്തയാളിന് തരപ്പെടുത്തി അവാര്‍ഡ്. പ്രൊഫ. ഹൃദയകുമാരിയുടെ ശക്തമായ വിയോജിപ്പോടെ. ഗ്രൂപ്പിലെ സീനിയറായിരുന്നു മറ്റൊരു ജൂറി. പിന്നത്തെ ജൂറി ആരുടെ കൈയിലും ഒതുങ്ങുന്നയാളും. ഹൃദയകുമാരി ടീച്ചര്‍ അന്നു സംഭവിച്ചത് വിശദമായി ഈ ലേഖകനോട് പറഞ്ഞിരുന്നു. മാധവന്‍ അയ്യപ്പത്തും എം.എന്‍. പാലൂരും എം. സുകുമാരനും സക്കറിയയും കാക്കനാടനും സേതുവും അതിനെല്ലാമുപരി മാധവിക്കുട്ടിയും മലയാളത്തില്‍ തിളച്ചുമറിയുന്ന കാലത്താണ് ഈ അതിക്രമം സംഭവിക്കുന്നതെന്നോര്‍ക്കുക. മര്യാദയും ലവലേശം ലജ്ജയുമില്ലാത്ത ആ കെട്ട പാരമ്പര്യം ഇന്നും തുടരുകയാണ്.
ചിലര്‍ ‘മാനിപ്പുലേഷ’ന്റെ മാസ്റ്റര്‍മാരാണ്. മഹാമനീഷികള്‍ എന്ന വ്യാജ ഇമേജ് പരത്തി സര്‍വ്വ പുരസ്‌കാരങ്ങളും കവരുകയാണ്. പൂജ്യപൂജാവ്യതിക്രമം എന്ന ചിന്ത ഇവരുടെ തലയില്‍ക്കൂടി പോയിട്ടില്ല. അക്കാദമികള്‍ ഇന്ന് പണ്ഡിതസഭകളല്ല. തനി പാമരസഭകളാണ്. കേരളത്തിലായാലും കേന്ദ്രത്തിലായാലും. കണ്ടില്ലേ, കഴിഞ്ഞ തവണ കേന്ദ്ര അക്കാദമി കെ. ജയകുമാറിന് അവാര്‍ഡ് കൊടുത്തത്. ‘പിംഗളകേശിനി’ എന്ന ഒരുണക്ക കവിതാപുസ്തകത്തിന്റെ പേരില്‍. ആരു കണ്ടിട്ടുണ്ട് ആ പുസ്തകം? എത്രപേര്‍ വായിച്ചിട്ടുണ്ട്? ‘ചന്ദനലേപസുഗന്ധം’ എന്ന പാട്ടെഴുതിയതാണ് ക്രഡിറ്റെങ്കില്‍ ശ്രീകുമാരന്‍തമ്പിയില്ലേ? പാട്ടിലും കവിതയിലും അപാര കഴിവുള്ള കവി. ‘അച്ഛന്റെ ചുംബനം’ പോലെ ഒരു കവിത എഴുതാന്‍ കെ. ജയകുമാറിന് ഈ ജന്മത്താകുമോ? ജയകുമാറിന്റെ അവാര്‍ഡിന് പിന്നില്‍ ഒരു പ്രത്യുപകാരത്തിന്റെ കഥയുണ്ട്. പ്രഭാവര്‍മ്മക്ക് സരസ്വതീസമ്മാനം കിട്ടുന്നതുമായി ബന്ധപ്പെട്ടാണത്. സരസ്വതീസമ്മാനത്തിന്റെ ഭാഷാ പ്രാദേശികസമിതിയില്‍ എത്ര തീവ്രമായാണ് ജയകുമാര്‍ വാദിച്ചത് (പ്രഭാവര്‍മ്മക്കായി). പച്ചനുണകള്‍ എഴുതിപ്പിടിപ്പിച്ച ഓണക്കൂറിന്റെ ഒരാത്മകഥക്ക് മുന്‍പ് അവാര്‍ഡ് കിട്ടിയതിനു പിന്നിലും ഉണ്ടത്രേ ഒരു പ്രത്യുപകാരത്തിന്റെ കഥ. ‘പിംഗളകേശിനി’യെ സമ്മാനിതയാക്കിയതിന്റെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും അക്കാദമി വെളിപ്പെടുത്തുന്നില്ല. 2008 മുതല്‍ 2022 വരെ ഒരു തടസ്സവുമില്ലാതെ നല്‍കിക്കൊണ്ടിരിക്കുന്ന വിവരങ്ങള്‍ കാരണമില്ലാതെയാണ് തടഞ്ഞുവച്ചിരിക്കുന്നത്. നിയമത്തില്‍ സെക്ഷന്‍ 8 തടസ്സം നില്‍ക്കുന്നുണ്ടത്രേ. വിവരങ്ങള്‍ വെളിയില്‍ വരുമ്പോഴറിയാം അവാര്‍ഡിന്റെ ഉള്ളുകള്ളികള്‍.
കെ.എസ്. രവികുമാറും പ്രഭാവര്‍മ്മയും കെ.പി. രാമനുണ്ണിയുമെല്ലാം കാലങ്ങളായി കേന്ദ്ര അക്കാദമിയില്‍ ചുറ്റിക്കളിക്കുന്നുവെന്നാണ് പുറമെയുള്ള വര്‍ത്തമാനങ്ങള്‍. ഉപദേശകസമിതിയായാലും ജൂറികളായാലും ഇവരുടെ സാന്നിധ്യം ഗണ്യമായി കാണാതിരിക്കാനാവില്ല. കഴിഞ്ഞ രണ്ടുമൂന്നു തവണത്തെ ഉപദേശകസമിതിയംഗങ്ങളുടെ പേരുവിവരങ്ങള്‍ നോക്കൂ. മലയാള സാഹിത്യത്തിന്റെ കോലം കാണാന്‍ അതു ധാരാളം മതിയാകും.
ചുരുക്കട്ടെ. അവാര്‍ഡുകള്‍ പൊതുവില്‍ സംഘടിപ്പിക്കുന്നവര്‍ക്കാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഓര്‍ക്കാതിരിക്കുമ്പോള്‍ വന്നുചേരേണ്ടതല്ലേ അവാര്‍ഡ്? അങ്ങനെയൊരു കാലം ഇനി ഉണ്ടാകാന്‍ വഴിയില്ല. കൈരളിയുടെ കഷ്ടകാലം.
















